സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു; ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരായ പോരാളിയും പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയുമാണ്
കോട്ടയം: ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി നിരവധി നിയമപോരാട്ടങ്ങള്‍ നടത്തി ് സ്ത്രീകള്‍ക്ക് പിതൃസ്വത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിയൊരുക്കിയ സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു.89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയത്ത് പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപക കൂടിയാണ് മേരി റോയ്. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെയുടെയും ലളിത് റോയിയുടേയും അമ്മയാണ്.
ക്രിസ്ത്യന്‍ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്തു കൊണ്ട് മേരി റോയ് നടത്തിയ നിയമ യുദ്ധം 1984 ലാണ് ആരംഭിച്ചത്. അപ്പന്റെ സ്വത്തിന് ആണ്‍ മക്കള്‍ക്കും പെണ്‍ മക്കള്‍ക്കും തുല്യ അലവകാശമാണെന്ന് സുപ്രീം കോടതി വരെ വാദിച്ച മേരി റോയുടെ വാദം അംഗീകരിച്ചു കൊണ്ടുള്ള ചരിത്ര വിധിയായിരുന്നു അന്ന് സുപ്രീം കോടതിയുടേത്. എന്നാല്‍ വിധി പ്രകാരം പിതൃ സ്വത്തിന്റെ ആറിലൊന്ന് ഭാഗം ലഭിക്കാന്‍ വീണ്ടും 70 വയസ്സു വരെ മേരി റോയ്ക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നു.
1933 ല്‍ കോട്ടയത്തെ അയ്മനത്താണ് മേരി റോയുടെ ജനനം. കോട്ടയത്തെ ആദ്യ സ്‌കൂളുകളില്‍ ഒന്നായ അയ്മനം സ്‌കൂളിന്റെ സ്ഥാപകനായിരുന്നു മുത്തച്ഛന്‍ ജോണ്‍ കുര്യന്‍. അച്ഛന്റെ ജോലിയുടെ ഭാഗമായി നാലാം വയസ്സില്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തി. പിന്നീട് ഊട്ടിയിലേക്കും. സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കുന്ന അച്ഛന്‍ ഒരിക്കല്‍ അമ്മയെ ഇറക്കി വിട്ടു.അന്ന് അമ്മയോടൊപ്പം മേരിയും രക്ഷപെട്ട് മുത്തച്ഛന്റെ അടുക്കലേക്കത്തെി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും ജീവിത ദുരിതങ്ങള്‍ക്കിടയിലും വിദ്യാഭ്യാസം കൈവിട്ടില്ല. കൊല്‍ക്കത്തയില്‍ ജോലിയിലിരിക്കെ ബംഗാളി ബ്രാഹ്മണന്‍ രാജീബ് റോയിയെ വിവാഹം കഴിച്ചു.മദ്യപാനിയായ ഭര്‍ത്താവുമൊത്തുള്ള ജീവിതം മടുത്ത് 30ാം വയസ്സില്‍ 5വയസ്സുകാരന്‍ ലളിതിനെയും 3 വയസ്സുകാരി അരുന്ധതിയേയും കൂട്ടി വീണ്ടും ഊട്ടിയിലെ വീട്ടിലേക്കെത്തി. അച്ഛന്റെ പേരിലുള്ള വീടിന് സഹോദരനുമായി തര്‍ക്കത്തിലായി.തര്‍ക്കങ്ങള്‍ക്കൊടുവില്‍ വീട് മേരിയിലേക്ക് തന്നെയെത്തി.
ഊട്ടിയിലെ വീട് വിറ്റ പണവുമായി കോട്ടയത്ത് 1967 ല്‍ കോര്‍പ്പസ് ക്രിസ്റ്റി എന്ന സ്‌കൂള്‍ സ്ഥാപിച്ചു. പരമ്പരാഗത വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സകൂള്‍ പിന്നീട് പള്ളിക്കൂടം എന്ന പേരിലായി.
അരുന്ധതി റോയുടെ ബുക്കര്‍ സമ്മാനം നേടിയ ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് സമര്‍പ്പിച്ചിരിക്കുന്നത് അമ്മ മേരി റോയ്ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."