ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് 25 ലക്ഷം വിലയിട്ട് എൻ.ഐ.എ
ന്യൂഡൽഹി • അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് 25 ലക്ഷം രൂപ വിലയിട്ട് എൻ.ഐ.എ. ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ തലക്ക് 20 ലക്ഷവും ദാവൂദിന്റെ ഡി കമ്പനി അംഗങ്ങളായ ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം, സഹായികളായ ജാവേദ് പട്ടേൽ, ഷക്കീൽ ഷെയ്ഖ്, മുഷ്താക്ക് അബ്ദുറസാഖ് മേമനെന്ന ടൈഗർ മേമൻ എന്നിവരുടെ തലക്ക് 15 ലക്ഷം വീതവും വിലയിട്ടിട്ടുണ്ട്. 1993ലെ മുംബൈ സ്‌ഫോടനം അടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളിൽ പിടികിട്ടാപ്പുള്ളികളാണ് ദാവൂദും സംഘവും.
ആയുധക്കടത്ത്, സ്‌ഫോടക വസ്തുക്കടത്ത്, മയക്കുമരുന്ന് കടത്ത്, കള്ളനോട്ട്, പാകിസ്താൻ അനുകൂലികളായ ഭീകര സംഘടനകളുമായി ചേർന്ന പ്രവർത്തനം തുടങ്ങിയ കുറ്റങ്ങളും ദാവൂദിനും സംഘത്തിനുമെതിരായുണ്ട്.
2003ൽ യുനൈറ്റഡ് നാഷൻസ് സുരക്ഷാ കൗൺസിൽ ദാവൂദിന്റെ തലക്ക് 25 മില്യൻ യു.എസ് ഡോളർ വിലയിട്ടിരുന്നു. ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ലഷ്‌കറെ ത്വയ്യിബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുൽ റൗഫ് അസ്ഗർ എന്നിവരുടെ പട്ടികയിലാണ് ദാവൂദിനെയും സംഘത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ദാവൂദ് പാകിസ്ഥാനിലാണ് കഴിയുന്നതെന്നാണ് വിവരം. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ പ്രമുഖ രാഷ്ട്രീയക്കാരെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഡി കമ്പനിയുടെ പ്രത്യേക യൂനിറ്റ് ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഫെബ്രുവരിയിൽ ദാവൂദിനും സംഘത്തിനുമെതിരേ എൻ.ഐ.എ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 29 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."