വികസനക്കുതിപ്പിൽ ഒരുപടി മുന്നിൽ: പ്രധാനമന്ത്രി
കിരൺ പുരുഷോത്തമൻ
കൊച്ചി • രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഐ.എൻ.എസ് വിക്രാന്ത് നിർമിക്കാനായതിലൂടെ വികസിത രാജ്യത്തിലേക്കുള്ള കുതിപ്പിൽ ഭാരതം ഒരുചുവടുകൂടി മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു.
സ്വന്തമായി വിമാനവാഹിനി രൂപകൽപ്പന ചെയ്ത് നിർമിക്കാൻ ശേഷിയുള്ള അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ ആറാമതായി ഇടംപിടിച്ചു. കപ്പൽ സമർപ്പിക്കൽ ചടങ്ങിനെത്തിയ പ്രധാനമന്ത്രിക്ക് നാവിക സേന ഗാഡ് ഓഫ് ഓണർ നൽകി. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, കൊച്ചിൻ ഷിപ്‌യാഡ് സി.എം.ഡി മധു എസ് നായർ എന്നിവർ സംസാരിച്ചു. യുദ്ധക്കപ്പലിന്റെ കമാൻഡിങ് ഓഫീസർ ക്യാപ്റ്റൻ വിദ്യാധർ ഹാർകെ കമ്മിഷനിങ് വാറന്റ് വായിച്ചു. തുടർന്നു നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാഛാദനം ചെയ്തു. കപ്പലിന്റെ ഫ്‌ളൈറ്റ് ഡെക്കിൽ പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിച്ച ശേഷം നാവിക സേനയുടെ പുതിയ പതാക ഉയർത്തി. കപ്പൽ കമ്മിഷൻ ചെയ്തതിന്റെ ഫലകവും അനാഛാദനം ചെയ്തു.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സർബാനന്ദ സോനോവാൾ, അജയ് ഭട്ട്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവിക സേനാ ഉപമേധാവി വൈസ് അഡ്മിറൽ എസ്.എൻ ഗോർമഡേ, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ ഹംപി ഹോളി എന്നിവർ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ മാക്‌സി, ടി.ജെ വിനോദ്, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."