സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ല: ജോണ്‍സന്റെ സുഹൃത്തുക്കളുടെ ആരോപണം തള്ളി മയൂഖ ജോണി
തൃശൂര്‍: സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന ജോണ്‍സന്റെ സുഹൃത്തുക്കളുടെ ആരോപണങ്ങള്‍ തള്ളി മയൂഖ ജോണി. സഭയില്‍ നിന്ന് പുറത്തുപോയതിന്റെ പ്രതികാരമാണ് പീഡന പരാതിയെന്നാണ് ജോണ്‍സന്റെ സുഹൃത്തുക്കള്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ സഭാതര്‍ക്കത്തിന്റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. പ്രതിക്ക് വലിയ സ്വാധീനമെന്നതിന്റെ തെളിവാണ് സുഹൃത്തുക്കളുടെ വാര്‍ത്താസമ്മേളനം.
തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ പറഞ്ഞു. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. ഭീഷണിക്കത്ത് പതിച്ച സാബുവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ട്. പുതിയ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത് റൂറല്‍ എസ്പിയാണ്. ഇതിനാല്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും അവിടെയും ഇയാളുടെ ഇടപെടലുണ്ടായെന്നും മയൂഖ ആരോപിച്ചു.പ്രതിക്കായി മുന്‍ വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍ ഇടപെട്ടു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മയൂഖ കൂട്ടിച്ചേര്‍ത്തു.
സുഹൃത്തിനെ ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ ബലാത്സംഗം ചെയ്തുവെന്ന ഒളിമ്പ്യന്‍ മയുഖ ജോണിയുടെ പരാതി കെട്ടിച്ചമച്ചതെന്ന് ജോണ്‍സന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. ഏത് അന്വേഷണത്തിനും ജോണ്‍സണ്‍ തയാറാകുമെന്നും സുഹൃത്തുകള്‍ അറിയിച്ചു.
മയൂഖ ജോണി ഉന്നയിച്ച പീഡന പരാതി കെട്ടിച്ചമച്ചതാണെന്നാണ് ആരോപണവിധേയനായ ചുങ്കത്ത് ജോണ്‍സന്റെ സുഹൃത്ത് സിറിയക് വര്‍ഗീസ് പറഞ്ഞത്. സിയോന്‍ ആത്മീയ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുവന്നതുകൊണ്ടാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും സിറിയക് ആരോപിച്ചു. പീഡന ആരോപണത്തില്‍ ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയതിനു പിറകെയാണ് ജോണ്‍സണിന്റെ സുഹൃത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. മയൂഖാ ജോണിയും കുടുംബവും 2010 മുതല്‍ സിയോന്‍ പ്രസ്ഥാനത്തില്‍ അംഗമാണ്. ഇതില്‍നിന്ന് ജോണ്‍സന്‍ പിന്മാറിയതാണ് ഇവരെ ചൊടിപ്പിച്ചതെന്നും സിറിയക് ആരോപിച്ചു. ജോണ്‍സന്‍ മയൂഖ ജോണിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൊലിസില്‍ പരാതി നല്‍കിയില്ലെന്നും സിറിയക് വര്‍ഗീസ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."