ബുദ്ധി കേന്ദ്രം ആയങ്കിയെന്ന് കസ്റ്റംസ്, തന്നെ വേട്ടയാടുന്നു, വിവരങ്ങളില്‍ 90 ശതമാനവും കള്ളമെന്ന് അര്‍ജുന്‍
കൊച്ചി: ഉറവിടമില്ലാത്ത പണം ഉപയോഗിച്ചു ആഢംബര ജീവിതം നയിക്കുന്നയാളാണ് അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുനെ ചോദ്യംചെയ്യലിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കസ്റ്റംസിന്റെ പരാമര്‍ശം. അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് കസ്റ്റംസ് അറസ്റ്റുചെയ്ത അര്‍ജുന്‍ ആയങ്കി. കേസിലേക്ക് പാര്‍ട്ടിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുവന്നതായി പറയപ്പെടുന്ന തൊണ്ണൂറ് ശതമാനം വിവരങ്ങളും വ്യാജമാണ്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. നിരപരാധിത്വം താന്‍ തെളിയിച്ചോളാമെന്നും അര്‍ജുന്‍ പറഞ്ഞു. താന്‍ സി.പി.എമ്മുകാരനല്ല. വളരെ കാലമായി പാര്‍ട്ടിയുമായി ബന്ധമില്ല. മാധ്യമങ്ങള്‍ ദിവസങ്ങളായി തന്നെ വേട്ടയാടുകയാണെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.
സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയാണെന്നും കസ്റ്റംസ് പറഞ്ഞു. അര്‍ജുന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വ്യാജ മൊഴികളാണ് ചോദ്യംചെയ്യലില്‍ നല്‍കുന്നതെന്നും കസ്റ്റംസ് അറിയിച്ചു.
ഫോണ്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ നശിപ്പിച്ചതിനു ശേഷമാണ് ചോദ്യംചെയ്യലിന് ഹാജരായത്. സ്വര്‍ണവുമായി ഷെഫീഖ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന വിവരം അര്‍ജുന് അറിയാമായിരുന്നു.
പ്രതിയുടെ സ്വര്‍ണക്കടത്തിലെ പങ്ക് തെളിയിക്കുന്ന ഫോണ്‍രേഖകള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്.
സജേഷിന്റെ പേരിലുള്ള കാര്‍ അര്‍ജുന്‍ ആയങ്കിയുടേതാണ്. സജേഷ് അര്‍ജുന്റെ ബിനാമിയാണെന്നു കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയായ സ്വര്‍ണക്കടത്തിന് അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ട്. കസ്റ്റംസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ഷഫീഖിനൊപ്പമിരുത്തി അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ദുബൈയില്‍ നിന്നു സലിം എന്നയാളാണ് സ്വര്‍ണം തന്റെ കൈവശം ലഭിക്കുന്നതിനു ഏര്‍പ്പാട് ചെയ്തതെന്ന് ഷെഫീഖ് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."