സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി; അര്ജുന് ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് സജേഷ് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ പതിനൊന്ന് മണിയോടെ ഹാജരാവാനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും രാവിലെ ഒന്‍പത് മണിയോടെ തന്നെ സജേഷ് എത്തിയിരുന്നു.
അര്ജുന് ആയങ്കിയുടെ ബിനാമിയാണ് ഇയാളെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
അര്ജുന് ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തിയാവും സജേഷിനെ ചോദ്യം ചെയ്യുക.
സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്ജുന് ആയങ്കി ഇന്നലെ മൊഴി നല്‍കിയത്.
അര്‍ജുന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്ജുന് പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നും കസ്റ്റംസും വ്യക്തമാക്കുന്നു. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിച്ചു.
കള്ളക്കടത്തിനായി അര്ജുന് ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. അര്ജുന് ആയങ്കിയെ ജൂലൈ ആറുവരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ അഞ്ചു വരെയുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."