ഡോക്ടര്‍മാരും തൊഴിലാളികള്‍ തന്നെ
ഡോ. വി.ജി പ്രദീപ്കുമാര്‍
ജൂലൈ 1 ന് ദേശീയതലത്തില്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ഡോ. ബി.സി റോയിയുടെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1 ദേശീയതലത്തില്‍ 1991 മുതല്‍ 'ഡോക്‌ടേഴ്‌സ് ദിന'മായി ആചരിക്കുന്നു. ഒരു മികച്ച ഡോക്ടര്‍ എന്ന നിലയില്‍ മാത്രമല്ല ഡോ. ബിധന്‍ ചന്ദ്ര റോയ് നമ്മുടെ ഹൃദയത്തിലുള്ളത്. മറിച്ച് ബംഗാളിന്റെ മുന്‍ മുഖ്യമന്ത്രി, സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലകളിലും വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഇന്ത്യയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൊതുസമൂഹത്തിന് ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനങ്ങളെയും സംഭാവനകളെയും ഓര്‍മിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ഈ ദിനാചരണം നടത്തുന്നത്. കൊവിഡ് 19 മഹാമാരിയുടെ കെടുതികളില്‍ രാജ്യം പകച്ചു നില്‍ക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ നീണ്ട 18 മാസത്തെ അക്ഷീണ പരിശ്രമത്തില്‍ മുഴുകി നില്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ്ദിനം ആചരിക്കപ്പെടുന്നത്. അതിലേറെ ആശ്ചര്യജനകവും പ്രതിഷേധാര്‍ഹവുമായ കാര്യം ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ വര്‍ധനയും അതിനുനേരെയുള്ള പൊതുസമൂഹത്തിന്റെ കണ്ണടയ്ക്കലുമാണ്.
സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ചുള്ള നേതൃത്വപരമായ സംഭാവനകള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ പുരോഗതിയും കുതിച്ചുചാട്ടവും ചര്‍ച്ച ചെയ്യുമ്പോള്‍പോലും സാമൂഹ്യ -സാക്ഷരത-അവകാശ ബോധങ്ങള്‍ക്കൊപ്പം തന്നെ മെഡിക്കല്‍ സമൂഹത്തിന്റെ നിസ്സീമവും നിസ്തുലവുമായ സേവനം വേണ്ടത്ര രീതിയില്‍ എടുത്തു കാണിക്കുന്നതില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിമുഖത കാണിക്കുന്നതായാണ് കണ്ടിട്ടുള്ളത്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ നിപാ പകര്‍ച്ചപ്പനിയും രണ്ടു വര്‍ഷമായി വെല്ലുവിളിയുയര്‍ത്തുന്ന കൊവിഡ് മഹാമാരിയും വേണ്ടി വന്നു വൈദ്യസമൂഹത്തിന്റെ സേവനം പൊതുജന ശ്രദ്ധയില്‍പ്പെടാന്‍. ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ചുമരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരായി മെഡിക്കല്‍ സമൂഹം മാറ്റപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം രാജ്യത്തെ ആരോഗ്യരംഗത്തുണ്ടായ പുരോഗതിയും അതില്‍ ഡോക്ടര്‍ സമൂഹം വഹിച്ച പങ്കും ക്രിയാത്മകമായി പരിശോധിക്കപ്പെട്ടിട്ടില്ലായെന്നതാണ് വാസ്തവം. കേരളമുള്‍പ്പെടെയുള്ള ചുരുങ്ങിയ ചില സംസ്ഥാനങ്ങളൊഴിച്ചാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും ചികിത്സകര്‍ മാത്രമായി മാറുന്ന കാഴ്ചയാണുള്ളത്. ആശുപത്രി കേന്ദ്രീകൃത ആരോഗ്യ ചികിത്സയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഡോക്ടര്‍ സമൂഹത്തിന്റെ പ്രവര്‍ത്തന മേഖല. രോഗപ്രതിരോധം, ആരോഗ്യ വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ മുതല്‍ സംസ്ഥാനത്തിന്റെ ആരോഗ്യനയ രൂപീകരണം വരെ മെഡിക്കല്‍ സമൂഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ആരോഗ്യ കേരളം കെട്ടിപ്പടുക്കുന്നതില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സാംക്രമികരോഗങ്ങള്‍ തടയുന്നതിലൂന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രതിരോധ ചികിത്സയ്ക്ക് പ്രാധാന്യം വന്നത് 1960 കളിലാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ പുരോഗതിക്ക് ഇതൊരു പ്രധാനകാരണമാണ്. അക്കാലത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സെക്രട്ടറിമാരുടേതിന് തുല്യമായതോ അതിലധികമോ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഡോക്ടര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ പുറകോട്ടു പോയി. തൊഴില്‍ സമയം ക്ലിപ്തപ്പെടുത്തുകയും അധിക ജോലിക്കുള്ള വേതനം നല്‍കുകയും ചെയ്യുന്നതിനുള്ള നിയമ പരിരക്ഷകള്‍ നടപ്പാക്കിയതുമില്ല. ഇതര തൊഴില്‍ വിഭാഗങ്ങള്‍ നടത്തുന്നതുപോലെയുള്ള അവകാശ സമരങ്ങള്‍ വൈദ്യസമൂഹത്തിന് അവശ്യസേവന മേഖലയെന്ന കാരണത്താല്‍ വിലക്കപ്പെടുകയും ചെയ്തു.
ഇത്തരം പരിമിതികളിലൂന്നി പ്രവര്‍ത്തിക്കുമ്പോള്‍പ്പോലും രോഗികളുടെയും രോഗീ ബന്ധുക്കളുടെയും ഭീഷണി, കൈയേറ്റം എന്നിവയ്ക്ക് ഡോക്ടര്‍മാര്‍ വിധേയരാകുന്നത് ഈയടുത്ത കാലത്ത് വളരെയധികം വര്‍ധിച്ചതായി കാണാം. രോഗിയുടെ ആരോഗ്യസ്ഥിതി വഷളായാലോ, രോഗിക്ക് ജീവഹാനി സംഭവിച്ചാലോ ഡോക്ടര്‍മാരെ അക്രമിക്കുന്ന പ്രവണത പൊതുസമൂഹത്തില്‍ കൂടി വരുന്നത് ആരോഗ്യ ചികിത്സാ രംഗത്തെ വളരെയധികം കലുഷിതമാക്കുന്നുണ്ട്. രോഗനിര്‍ണയ സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് കുറ്റമറ്റതാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍പോലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മാനുഷിക വിഭവശേഷിയുടെ കുറവ്, നൈപുണ്യ വികസനത്തിനുവേണ്ട പരിശീലനത്തിന്റെ അപര്യാപ്തത എന്നിവയെല്ലാംതന്നെ പലപ്പോഴും രോഗീ- ഡോക്ടര്‍ ബന്ധം വഷളാക്കുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റു തൊഴില്‍ മേഖലയിലുള്ളവര്‍ക്കു ലഭിക്കുന്നതുപോലെയുള്ള നിര്‍ഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
പലപ്പോഴും രോഗനിര്‍ണയവും ചികിത്സയും പഴുതടച്ചതാക്കുന്നതിനുവേണ്ട സാഹചര്യമൊരുക്കേണ്ട ഭരണകൂടങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം ഡോക്ടര്‍മാരുടെയും മറ്റാരോഗ്യപ്രവര്‍ത്തകരുടെയും തലയില്‍ കെട്ടിവച്ച് നിഷ്‌കളങ്കരായി കൈകെട്ടി നില്‍ക്കുന്ന കാഴ്ചയാണ് നമ്മുടെ മുന്‍പിലുള്ളത്. ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി മാറ്റുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അക്രമികള്‍ക്കെതിരേ 24 മണിക്കൂറിനുള്ളില്‍ കേസെടുത്ത് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. ഇതിന് ക്രമസമാധാന പാലകര്‍ തയാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതിനുള്ള സംവിധാനവുമുണ്ടാകണം. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 52 ഓളം കേസുകളില്‍ കേവലം 2 കേസുകള്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ചികിത്സകന്റെ കഴുത്തിന് വാളോങ്ങിക്കൊണ്ട് ആരോഗ്യരംഗം മുന്നോട്ടു കൊണ്ടുപോകാനാകില്ല. സങ്കീര്‍ണമായ രോഗങ്ങള്‍ക്കുപോലും നിമിഷങ്ങള്‍ക്കുള്ളില്‍ രോഗനിര്‍ണയം നടത്തി ചികിത്സാ തീരുമാനത്തിലെത്തുന്ന ഡോക്ടര്‍മാര്‍ ചെയ്യുന്നത് ധൈഷണിക തലത്തിലെ ഉന്നതമായ പ്രവൃത്തിയാണെന്ന് ഇനിയെങ്കിലും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. അതില്ലാതെ പോകുമ്പോള്‍ പ്രതിരോധതല ചികിത്സ (ഉലളലിശെ്‌ല ങലറശരശില) പ്രാക്ടീസ് ചെയ്യുന്നതിലേയ്ക്ക് വൈദ്യസമൂഹത്തെ കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. മെഡിക്കല്‍രംഗത്തെ പ്രൊഫഷന്‍ എന്നതില്‍ നിന്നുമാറി തൊഴില്‍ ആയി കണക്കാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതര തൊഴില്‍ മേഖലകളില്‍ നടപ്പാക്കുന്ന രീതികള്‍ ജോലി സമയക്രമം, ജോലിസ്ഥിരത, വിശ്രമവേളകള്‍, ലീവ് ആനുകൂല്യങ്ങള്‍, അധിക ജോലി വേതനം എന്നിവയ്ക്കു പുറമേ ഖനി, ഫയര്‍ഫോഴ്‌സ് തുടങ്ങിയ അധിക അപകടമേഖലയിലുള്ളവരോടൊപ്പം ഡോക്ടര്‍മാരെയും മറ്റാരോഗ്യ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി അപകട ജോലി അലവന്‍സ്, സമ്പൂര്‍ണ സൗജന്യ ചികിത്സ, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവ നടപ്പാക്കേണ്ടതുണ്ട്. ആശുപത്രിയില്‍ ജോലി ചെയ്ത് രോഗിയില്‍ നിന്ന് ഡോക്ടര്‍ക്ക് രോഗം പകര്‍ന്നാല്‍പ്പോലും സ്വന്തം ചെലവില്‍ ചികിത്സ നടത്തേണ്ട സ്ഥിതിയാണ് ഡോക്ടര്‍മാര്‍ക്കിപ്പോഴുള്ളത്. ഇതിനായി പ്രത്യേക ആരോഗ്യ പ്രവര്‍ത്തക ചികിത്സാ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കണം. ഡോക്ടര്‍ ജോലിയിലിരിക്കെ രോഗംമൂലം വൈകല്യമനുഭവിക്കേണ്ടി വന്നാല്‍ സാമ്പത്തിക സഹായം, പെന്‍ഷന്‍ എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്.
ആരോഗ്യ സൂചികകളില്‍ വികസിത രാജ്യങ്ങളോട് നാം കിടപിടിക്കുന്ന രീതിയില്‍ മുന്നേറിയെന്നഭിമാനിക്കുമ്പോള്‍ത്തന്നെ ഡോക്ടര്‍മാര്‍, മറ്റാരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പിന്തുണയുടെ കാര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വളരെ പുറകിലാണ്. ജീവിക്കാനും സ്വതന്ത്രവും ഭയരഹിതവുമായി ജോലി ചെയ്യാനുമുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുമ്പോള്‍ത്തന്നെയാണ് രാപ്പകല്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തന ത്തിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കു നേരെയുള്ള വര്‍ധിച്ച ആക്രമണങ്ങളും മറ്റു നീതി നിഷേധങ്ങളും. തുല്യതയ്ക്കുവേണ്ടി ആധുനിക സമൂഹത്തില്‍ ഒട്ടനവധി നയങ്ങള്‍, പദ്ധതികള്‍, പരിപാടികള്‍ എന്നിവ നടപ്പാക്കപ്പെടുമ്പോഴാണ് തികച്ചും പ്രാകൃതമായ ആക്രമണങ്ങള്‍ ജനനത്തിനും മരണത്തിനും സാക്ഷിയാകുന്ന ആശുപത്രികളില്‍ അരങ്ങേറുന്നത്. പൊതുസമൂഹത്തിന്റെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഇതിനോടുള്ള അയഞ്ഞ സമീപനം അക്ഷന്തവ്യമായ അപരാധമാണ്. മെഡിക്കല്‍രംഗത്തെ മറ്റൊരു തൊഴില്‍രംഗമായും ഡോക്ടര്‍മാരെ ആരോഗ്യ ചികിത്സാ തൊഴിലാളികളായും കാണാന്‍ പൊതുസമൂഹം തയാറാകേണ്ടതുണ്ട്. ഭയരഹിതരായും നിഷ്പക്ഷമായും നൈതികമായും ചികിത്സ നല്‍കാന്‍ വേണ്ട സാഹചര്യം സമൂഹം ഒരുക്കേണ്ടതുണ്ട്. അതാണ് ഈ ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഉറപ്പു വരുത്തേണ്ടതും. അതുതന്നെയാണ് വൈദ്യസമൂഹം ഇപ്പോള്‍ പ്രതീക്ഷിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."