കൊവിഡ്: മതാചാരപ്രകാരമുള്ള ഖബറടക്കം ഫലംകണ്ടത് സമസ്തയുടെ നിരന്തര ഇടപെടല്‍
ഇ.പി മുഹമ്മദ്
കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീടുകളില്‍ കൊണ്ടുപോകാനും മതപരമായ ചടങ്ങുകള്‍ നടത്താനുമുള്ള സര്‍ക്കാര്‍ അനുമതിക്കു പിന്നില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിരന്തര ഇടപെടല്‍. മൃതദേഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കി മറവു ചെയ്യുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് തുടക്കം മുതല്‍ സമസ്തയും പോഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ജീവിതകാലം മതവിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചവര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നതോടെ മതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ ലഭിക്കാത്തത് അവരുടെ കുടുംബാംഗങ്ങളില്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമസ്ത നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ ചില ഇളവുകള്‍ ലഭിച്ചു. എന്നാല്‍ മൃതദേഹം വീട്ടില്‍ കൊണ്ടുവരാനോ കുളിപ്പിക്കാനോ അനുമതി ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി. ഇതിന്റെ തുടര്‍ച്ചയായി എസ്.വൈ.എസ് നേതാക്കളും മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. നേരത്തെയുള്ള ഉത്തരവ് പ്രകാരം മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടെന്നാണ് താന്‍ കരുതിയതെന്നും അപാകതയുണ്ടെങ്കില്‍ എത്രയും വേഗം പരിഹരിക്കാമെന്നും മുഖ്യമന്ത്രി എസ്.വൈ.എസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഈ ഉറപ്പാണ് പുതിയ തീരുമാനത്തിലൂടെ യാഥാര്‍ഥ്യമായത്.
അഭിനന്ദനാര്‍ഹം: സമസ്ത
ചേളാരി: സമസ്തയുടെ ആവശ്യം പരിഗണിച്ച് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളിലെത്തിച്ച് പരിമിതമായ മതാചാരം നടത്താന്‍ നിയമത്തില്‍ ഇളവ് നല്‍കിയ നടപടി അഭിനന്ദനാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി എസ്.വൈ.എസ് നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും കെ. മോയിന്‍കുട്ടി മാസ്റ്ററും നടത്തിയ ചര്‍ച്ചയിലും സമസ്തയുടെ നിവേദനത്തിന്മേല്‍ അനുകൂല നടപടി ഉണ്ടാവുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ജുമുഅ നിസ്‌കാരത്തിനു പള്ളികളില്‍ ചുരുങ്ങിയത് 40 പേര്‍ക്ക് അനുമതി നല്‍കി പ്രത്യേകം ഇളവുകള്‍ അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."