കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തെ ഏകോപിപ്പിച്ച സൂഫിയാന് അറസ്റ്റില്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചെര്‍പ്പുളശ്ശേരി ക്വട്ടേഷന്‍ സംഘത്തെ ഏകോപിപ്പിച്ച പ്രധാനി അറസ്റ്റില്‍. കൊടുവള്ളി വാവാട് വേര്ളാട്ടുപറമ്പത്ത് തെക്കയില്‍ കണ്ണിപ്പൊഴില് സൂഫിയാന് (33) ആണ് പിടിയിലായത്. ഇന്നലെ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് കൊണ്ടോട്ടി ഡിവൈ.എസ്.പി അശ്റഫിന് മുന്‍പാകെ സൂഫിയാന് കീഴടങ്ങുകയായിരുന്നു.
സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തില്‍ നിന്ന് ചെര്‍പ്പുളശ്ശേരി സംഘത്തെ നിയന്ത്രിച്ചത് സൂഫിയാനാണെന്ന് പൊലിസ് പറഞ്ഞു. ചെര്‍പ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് ദുബൈയില്‍ നിന്നായിരുന്നു. ഇവരോട് സൂഫിയാന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം അര്ജുന് ആയങ്കിയെ പിന്തുടര്ന്ന് ചെര്‍പ്പുളശ്ശേരി സംഘത്തെയാണ് സൂഫിയാന് ഏകോപിപ്പിച്ചത്. ഇതിനായി വാട്സ്ആപ്പ് ഗ്രൂപ്പ് അടക്കം തയാറാക്കിയിരുന്നു. അപകടത്തില്‍പെട്ട വാഹനത്തിന്റെ തൊട്ടുമുമ്പിലുണ്ടായിരുന്ന കറുത്ത വാഹനത്തില്‍ സൂഫിയാനാണെന്ന് നേരത്തെ അറസ്റ്റിലായവരും മൊഴി നല്‍കിയിരുന്നു.
ബംഗ്ളുരു, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയതിന് സൂഫിയാനെ നേരത്തെ കോഫെപോസ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സഹോദരന് ഫിജാസിനെ കഴിഞ്ഞ ദിവസം കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സൂഫിയാന് കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."