കേരള പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍; പ്രധാന വെല്ലുവിളി ബി.ജെ.പിയിലെ വിഭാഗീയത ഇല്ലാതാക്കല്‍
കോഴിക്കോട്• ബി.ജെ.പിയുടെ കേരള പ്രഭാരിയായി എത്തുന്ന മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയത ഇല്ലാതാക്കല്‍. ചേരിപ്പോരും സാമ്പത്തിക ക്രമക്കേടുകളും പിന്‍വാതില്‍ നിയമന വിവാദങ്ങളുമായി ജീര്‍ണതയില്‍ മുങ്ങിക്കുളിച്ച സംസ്ഥാനഘടകത്തെ എങ്ങനെയെങ്കിലും നന്നാക്കിയെടുക്കുകയെന്ന ഉത്തരവാദിത്വവുമായാണ് അദ്ദേഹം കേരളത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഈ മാസം അവസാനം ജാവദേക്കര്‍ സംസ്ഥാനത്തെത്തുന്നുണ്ട്. രണ്ടുചേരിയായി തിരിഞ്ഞ നേതാക്കളെ ഒരുമിപ്പിക്കാന്‍ അദ്ദേഹത്തിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായ സാഹചര്യത്തിലാണ് കേരളത്തില്‍ പുതിയ പ്രഭാരിയെ നിയമിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ മകന്റെ അനധികൃത നിയമനം ആയുധമാക്കിയാണ് എതിര്‍വിഭാഗം സുരേന്ദ്രനെതിരേ നീങ്ങുന്നത്. ഈ വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രഭാരി നിയമനം.
കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം തീരെ കാര്യക്ഷമമല്ലെന്ന് കേന്ദ്രമന്ത്രിമാര്‍ ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും പിന്നീടുണ്ടായ കോഴ ആരോപണങ്ങളും കുഴല്‍പ്പണ വിവാദങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു.
തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.പി രാധാകൃഷ്ണനായിരുന്നു കേരളത്തിന്റെ പ്രഭാരിയായി പ്രവര്‍ത്തിച്ചുവന്നത്. കേരളത്തില്‍ കൂടുതല്‍ എം.എല്‍.എമാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്രനേതൃത്വം സി.പി രാധാകൃഷ്ണനെ കേരളത്തിലേക്ക് അയച്ചത്. കോയമ്പത്തൂരിനെ രണ്ടുതവണ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുകയും കേരളവുമായി അടുത്ത് പരിചയവുമുള്ള രാധാകൃഷ്ണന് കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍, നിയമസഭയിലെ ഏക സീറ്റ് നഷ്ടമാകുകയാണുണ്ടായത്.
സംസ്ഥാനഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രാധാകൃഷ്ണന്‍ അമ്പേ പരാജയമായിരുന്നുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
പുതുതായി പാര്‍ട്ടിയിലേക്ക് ആളുകളെ കൊണ്ടുവരുന്നതില്‍ സംസ്ഥാന നേതൃത്വം പൂര്‍ണ പരാജയമാണെന്ന റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കേന്ദ്രമന്ത്രിമാരുടെ സമിതി നല്‍കിയത്. ഇതെല്ലാം കണക്കിലെടുത്താണ് പ്രഭാരിയായി പ്രകാശ് ജാവദേക്കറെ നിയോഗിച്ചത്. പ്രഭാരിമാര്‍ മാറിവന്നാല്‍ തീരുന്നതല്ല കേരളത്തിലെ പ്രശ്‌നമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. സംസ്ഥാന നേതൃത്വം അടിമുടി മാറണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിരന്തരമായി വിമതശബ്ദം ഉയര്‍ത്തുന്നവരെ പാര്‍ട്ടിക്ക് പുറത്തുനിര്‍ത്തണമെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്.
ജാവദേക്കര്‍ കേരളത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന് മുമ്പിലും ഈ അഭിപ്രായങ്ങളാണ് ഇരുപക്ഷവും ഉയര്‍ത്തുക. പരസ്പരം ചെളിവാരിയെറിയുന്ന നേതാക്കളെ എത്രകണ്ട് അനുനയിപ്പിക്കാന്‍ ജാവദേക്കര്‍ക്ക് കഴിയുമെന്നതില്‍ കേന്ദ്രനേതൃത്വത്തിനും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."