ഉപയോഗമില്ലെങ്കിലും അപകടമുണ്ടാക്കാന്‍ ധാരാളം
കമ്പില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി നാട്ടുകാര്‍ക്ക് ഭീഷണി
കമ്പില്‍: കമ്പില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപം ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി അപകടാവസ്ഥയില്‍. അമ്പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന് മുപ്പതു വര്‍ഷത്തിലധികം പഴക്കമുണ്ട്. കാട് മൂടി കോണ്‍ക്രീറ്റ് തൂണുകള്‍ ദ്രവിച്ച നിലയിലാണ്. സിമന്റ് അടര്‍ന്നു വീണ് കമ്പികള്‍ തുരുമ്പിച്ചു ഏത് നേരവും നിലംപതിക്കുന്ന അവസ്ഥയായി. സംസ്ഥാന സര്‍ക്കാറിന്റെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് സംഭരണി നിര്‍മിച്ചത്. നാറാത്ത് പഞ്ചായത്തിലെ നാറാത്ത്, കാക്കത്തുരുത്തി, വെടിമാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണമായിരുന്നു ലക്ഷ്യം. കൊളച്ചേരി കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായതോടെ ഭാഗികമായി മാത്രമേ ഇതിന്റെ പ്രവര്‍ത്തനം നടക്കാറുണ്ടായിരുന്നുള്ളൂ. 2007ല്‍ പദ്ധതി പൂര്‍ണമായും നിലച്ചു. ഇവിടേക്ക് ജലം പമ്പ് ചെയ്യുന്ന കിണറും പമ്പ് ഹൗസും പ്രകൃതിക്ഷോഭത്തില്‍ മണ്ണിനടിയിലേക്ക് താഴ്ന്നു പോയതാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കാരണം. കമ്പില്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച സംഭരണി പൊളിച്ച് നീക്കണം എന്നാവശ്യപ്പെട്ട് 2013ല്‍ മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംഭരണിക്ക് യാതൊരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നും തകര്‍ന്ന പമ്പ് ഹൗസിന്റെയും വിതരണ ശൃംഖലയുടേയും നവീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ജല വിതരണം പുനരാരംഭിക്കുമെന്നുമാണ് അധികൃതരില്‍ നിന്നു ലഭിച്ച മറുപടി. പക്ഷെ മൂന്നു വര്‍ഷമായിട്ടും തുടര്‍നടപടിയുണ്ടായില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന സംഭരണി ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ഒരു പൊതുവഴിയും ഇതിനു സമീപത്തുണ്ട്. നാട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി എത്രയും വേഗം ഇതു പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."