HOME
DETAILS

ബ്രിട്ടിഷ് രാജകുടുംബം ഇന്ത്യയിൽ ബാക്കിവച്ചത്

  
backup
September 11 2022 | 20:09 PM

british-kingdom-2022-sep

പ്രൊഫ. റോണി കെ. ബേബി

നീണ്ട എഴുപത്തിയൊന്നു വർഷത്തോളം ബ്രിട്ടന്റെയും 14 കോമൺവെൽത്ത് രാജ്യങ്ങളുടെയും രാഷ്ട്രത്തലവൻ എന്ന സ്വപ്‌നതുല്യമായ പദവിയിൽ വിരാജിച്ചതിനുശേഷം എലിസബത്ത് രാജ്ഞി കാലയവനികക്ക് പിന്നിലേക്ക് നടന്നുനീങ്ങുമ്പോൾ രാജഭരണം അവശേഷിപ്പിച്ച കോളനി ഭരണത്തിന്റെ ശേഷിപ്പുകൾകൂടി ചർച്ചയാവുന്നത് സ്വാഭാവികമാണ്. 1600 ഡിസംബർ 31ന് ബ്രിട്ടിഷ് രാജ്ഞിയായിരുന്ന എലിസബത്ത് I ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലോകത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള രാജകീയ അനുമതിപത്രം നൽകിയതോടെ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിക്കുറിക്കപ്പെട്ടു. ആദ്യം ഈസ്റ്റ് ഇന്ത്യാ കമ്പനി വഴിയും 1858 മുതൽ 1947 വരെ നേരിട്ടും ബ്രിട്ടിഷ് രാജകുടുംബം ഇന്ത്യയെ ഭരിച്ചു. 18ാം നൂറ്റാണ്ട് തൊട്ട് ബ്രിട്ടിഷ് ഭരണാധികാരികൾ വിലമതിക്കാനാവാത്ത രത്‌നങ്ങളും പവിഴങ്ങളും കരകൗശലവസ്തുക്കളും അമൂല്യമായ പ്രകൃതിവിഭവങ്ങളും ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഇവയിൽ കോഹിനൂർ രത്‌നവും മയൂര സിംഹാസനവും ഓർമിപ്പിക്കപ്പെടുന്നത് അവയുടെ കലാപരവും മൂല്യപരവുമായ പ്രാധാന്യം കൊണ്ടാണ്. ഇന്ത്യയിൽനിന്ന് കൊള്ളയടിച്ച ശതകോടി സമ്പത്തിന്റെ ചെറിയ ശതമാനം പോലും കോഹിനൂർ രത്‌നവും മയൂര സിംഹാസനവും വരുന്നില്ല എന്നതാണ് യാഥാർഥ്യം.


സൂര്യൻ അസ്തമിക്കാത്ത
ബ്രിട്ടിഷ് സാമ്രാജ്യം


രാജസിംഹാസനത്തിനു കീഴിൽ ബ്രിട്ടിഷ് സാമ്രാജ്യം അതിന്റെ സുവർണ നാളുകളിൽ ലോകമെങ്ങും വ്യാപിച്ചുകിടന്നിരുന്നു. വിക്‌ടോറിയാ രാജ്ഞിയുടെ കാലത്ത് (1837-1901) അത് 'സൂര്യൻ അസ്തമിക്കാത്ത' സാമ്രാജ്യമായി അറിയപ്പെട്ടിരുന്നു. കോളനി ഭരണം തകർന്നതിനുശേഷം ഇരുപതാം നൂറ്റാണ്ടിൽ ആ മഹാസാമ്രാജ്യത്തിന്റെ സ്ഥാനത്ത് കോമൺവെൽത്ത് രാഷ്ട്രങ്ങൾ നിലവിൽവന്നു. ഭൂമിയുടെ കരഭാഗത്തിന്റെ നാലിലൊന്ന് അധീനതയിലുള്ള കോമൺവെൽത്തിലാണ് ലോകത്തിലെ മൊത്തം ജനങ്ങളിൽ നാലിലൊന്നും വസിക്കുന്നത്. പ്രതാപകാലത്ത് ബ്രിട്ടിഷ് സാമ്രാജ്യവും സിംഹാസനവും എത്ര പ്രബലവും ശക്തവുമായിരുന്നു എന്നതിന്റെ നേർചിത്രമാണ് ഇത്.


ബ്രിട്ടിഷ് രാജസിംഹാസനത്തിന് കീഴിലെ ഇന്ത്യ അറിയപ്പെട്ടത് ബ്രിട്ടിഷ് ഇന്ത്യൻ സാമ്രാജ്യം അഥവാ ബ്രിട്ടിഷ് ഇന്ത്യ എന്നായിരുന്നു. ബ്രിട്ടിഷ് സിംഹാസനത്തിന്റെ ഭരണകാലത്തെയും ഭരണത്തെയും ഭരണപ്രദേശത്തെയും ബ്രിട്ടിഷ് രാജ് എന്ന പേരിലും വിളിച്ചിരുന്നു. ഇന്നു കാണുന്ന ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങൾ കൂടാതെ ഏദൻ (1858-1937), അധോ ബർമ്മ (1858-1937), ഉപരി ബർമ്മ (1886-1937) ബ്രിട്ടിഷ് സൊമാലിലാന്റ് (1884-1898), സിങ്കപ്പൂർ (1858-1867) എന്നിവയും അടങ്ങിയ വിശാല ഭൂപ്രദേശമായിരുന്നു ബ്രിട്ടിഷ് സിംഹാസനത്തിന് കീഴിലുണ്ടായിരുന്ന ബ്രിട്ടിഷ് രാജ്.
ഇന്ത്യയെ കൊള്ളയടിച്ചവർ


'ആൻ ഇറ ഓഫ് ഡാർക്‌നസ്: ദ് ബ്രിട്ടിഷ് എംപയർ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിൽ ശശി തരൂർ ബ്രിട്ടിഷ് സാമ്രാജ്യം ഇന്ത്യയിലുണ്ടാക്കിയ പരുക്കുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ബ്രിട്ടിഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകൾ ഇന്ത്യയിൽ കൊല്ലപ്പെട്ടതായി ശശി തരൂർ പുസ്തകത്തിൽ പറയുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ഇന്ത്യയെ (1700കളിൽ ലോകത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 27 ശതമാനം) കീഴടക്കി, രണ്ടു നൂറ്റാണ്ടുകളോളം കൊള്ളയും ചൂഷണവും നടത്തി, 1947ൽ രാജ്യം വിടുമ്പോഴേക്കും ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണ് ബ്രിട്ടിഷുകാർ ചെയ്തതെന്നും തരൂർ എഴുതി. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ഓക്‌സ്ഫഡ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ശശി തരൂർ ആവശ്യപ്പെട്ടിരുന്നു.


ദാദാഭായി നവറോജി
കണ്ടെത്തിയത്


ബ്രിട്ടിഷ് രാജിന് കീഴിൽ ഇന്ത്യയിൽ നടന്നത് സമാനതകളില്ലാത്ത സാമ്പത്തിക ചൂഷണമായിരുന്നു. സാമ്പത്തികമായി ഇന്ത്യയെ കൊള്ളയടിക്കാവുന്നതിന്റെ അങ്ങേപ്പുറം കൊള്ളയടിച്ചു. ബ്രിട്ടിഷ് രാജിന് കീഴിൽ ഇന്ത്യയിൽ നടക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെ കണക്കുകൾ അന്നുതന്നെ പുറത്തുവന്നിരുന്നു. ഈ കണക്കുകളെ ആധാരമാക്കിയാണ് ദാദാഭായി നവറോജി ഡ്രയിൻ തിയറി അഥവാ ചോർച്ച സിദ്ധാന്തം ആവിഷ്‌കരിച്ചത്. ബ്രിട്ടിഷ് പൊതുസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായിരുന്ന(1892) ദാദാഭായി നവറോജി ബ്രിട്ടിഷ് ഭരണത്തിനെതിരേ ഇന്ത്യയുടെ സുപ്രധാന കുറ്റാരോപണമായി മാറിയ സമ്പത്ത് ചോർത്തിക്കൊണ്ടുപോകൽ വാദം രൂപപ്പെടുത്തി സ്വാതന്ത്ര്യസമരത്തിൽ വേറിട്ട ഇടപെടൽ നടത്തി.


1867 മെയ് രണ്ടിന് ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സമ്മേളനത്തിൽ 'ഇന്ത്യയിൽ ഇംഗ്ലണ്ടിന്റെ ചുമതലകൾ' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ദാദാഭായി നവറോജി സമ്പത്ത് കടത്തിക്കൊണ്ടുപോകുന്ന ബ്രിട്ടിഷ് സിംഹാസനത്തിനുനേരെ ആഞ്ഞടിച്ചു. ഇന്ത്യയിലെ വരവുചെലവ് കണക്കുകൾ സംബന്ധിച്ചു സമർപ്പിച്ച ബ്രിട്ടിഷ് പാർലമെന്ററി രേഖകളും 1858ലെ രണ്ടാം കസ്റ്റംസ് റിപ്പോർട്ടും ആധാരമാക്കിയാണ് ഇന്ത്യയിൽ നടക്കുന്ന സാമ്പത്തിക ചൂഷണത്തിനെതിരേ അദ്ദേഹം പൊട്ടിത്തെറിച്ചത്. 1829ന് ശേഷമുള്ള 36 വർഷങ്ങൾക്കൊണ്ടുമാത്രം ഇംഗ്ലണ്ട് ഇന്ത്യയിൽനിന്ന് പൊതുകടത്തിന്റെ പലിശ ഇനത്തിൽ 'ഹോം ചാർജ്ജായി' ഏകദേശം 100 ദശലക്ഷം പൗണ്ട് സ്റ്റെർലിങ് കടത്തിയെന്ന അതീവ പ്രാധാന്യമുള്ള കണ്ടെത്തൽ അദ്ദേഹം പ്രബന്ധത്തിലൂടെ പുറത്തുവിട്ടു. ഈ കണക്കുകൾ ഇന്ത്യക്കാരെ ഞെട്ടിച്ചു. ബ്രിട്ടിഷ് ഭരണത്തിൽ വേതനം, നികുതി, വാടകകൾ, വായ്പാ നിരക്കുകൾ, കാർഷിക ഉൽപ്പാദനം, വ്യാവസായിക ഉൽപ്പാദന വിവരങ്ങൾ, ഇറക്കുമതി-കയറ്റുമതി വിവരങ്ങൾ, കറൻസി വിനിമയ നിരക്കുകൾ തുടങ്ങിയവയെല്ലാം ഇഴകീറി പരിശോധിച്ച നവറോജി ഇതിലൂടെയെല്ലാം ഇന്ത്യയിൽനിന്ന് ബ്രിട്ടിഷുകാർ കടത്തിക്കൊണ്ടുപോകുന്ന ഭീമമായ സമ്പത്തിന്റെ സ്ഥിതിവിവര കണക്കുകൾ ഡ്രയിൻ തിയറിയിലൂടെ ഇന്ത്യക്ക് മുൻപിൽ അവതരിപ്പിച്ചു. തന്റെ കണ്ടെത്തലുകളിലൂടെ ബ്രിട്ടിഷ് ഭരണം രാജ്യത്തെ സാമ്പത്തികമായി തകർത്തുവെന്നും ദാരിദ്ര്യം കുത്തനേ വർധിപ്പിച്ചുവെന്നും ബ്രിട്ടിഷുകാർ അവരുടെ അക്രമണോത്സുക നയവും സാമ്പത്തിക ചൂഷണവുംകൊണ്ട് ഭാവിയിൽ സ്വയം തിരിച്ചടി നേരിടുമെന്നും അദ്ദേഹം വാദിച്ചു.
'ദാരിദ്ര്യവും ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ അന്ത്യവും' എന്ന പേരിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ 1901ൽ പ്രസിദ്ധപ്പെടുത്തി. 1886ലും 1893ലും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായ ദാദാഭായി നവറോജി 1905ൽ ആംസ്റ്റർഡാമിൽ ചേർന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ചുള്ള തന്റെ വാദമുഖങ്ങൾ അന്തർദേശീയതലത്തിൽത്തന്നെ എത്തിക്കുകയും ചെയ്തു. 'ദാരിദ്ര്യവും ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ അന്ത്യവും' എന്ന ലേഖനത്തിൽ ദാദാഭായി നവറോജി പ്രവചിച്ചപോലെ പിന്നീട് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം കടപുഴകി വീണതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് സാമ്പത്തിക ചൂഷണമാണ്. 1867ൽ നവറോജി കണക്കാക്കിയത് 100 ദശലക്ഷം പൗണ്ട് സ്റ്റെർലിങ് ആയിരുന്നുവെങ്കിൽ പിന്നീടുള്ള 80 വർഷംകൊണ്ട് ബ്രിട്ടൻ കടത്തിയത് ഇതിലും എത്രയോ പതിന്മടങ്ങ് സമ്പത്താണ്. ഇന്ത്യയെ കൊള്ളയടിക്കാവുന്ന എല്ലാ മാർഗങ്ങളിലൂടെയും കൊള്ളയടിച്ചു. ഇതിന്റെ പരിണിത ഫലമായിരുന്നു 1940കളിൽ ഇന്ത്യയിൽ ഉണ്ടായ കൂട്ട പട്ടിണി മരണങ്ങൾ.


പട്ടിണി മരണങ്ങൾ


ബ്രിട്ടിഷ് സിംഹാസനത്തിന് കീഴിൽ 1943-1944 കാലഘട്ടത്തിലെ ഭീകരമായ ബംഗാൾ ഭക്ഷ്യക്ഷാമം ബംഗാൾ, ഒഡിഷ, ബിഹാർ, അസം എന്നിവിടങ്ങളിൽ മുപ്പത് ലക്ഷത്തിലധികം ജനങ്ങളുടെ മരണത്തിന് കാരണമായി. ബ്രിട്ടൻ ഇന്ത്യയിൽനിന്ന് വിഭവങ്ങൾ ഊറ്റിയെടുത്തതിന്റെ പരിണിതഫലമായിരുന്നു ബംഗാൾ ക്ഷാമം. മനഃപൂർവം വിലക്കയറ്റമുണ്ടാക്കി സാധാരണ ജനങ്ങൾക്ക് അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ പറ്റാതാക്കുകയും അവ യുദ്ധാവശ്യങ്ങൾക്കായി തിരിച്ചുവിടുകയുമാണ് ബ്രിട്ടൻ ചെയ്തതെന്ന് സാമ്പത്തിക വിദഗ്ധയായ ഉത്സാ പട്‌നായിക്ക് ചൂണ്ടിക്കാണിക്കുന്നു.1920ൽ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ബോംബെയിലേക്കും 1940 ലെ ക്ഷാമകാലത്ത് ബംഗാളിലെയും ബിഹാറിലെയും ഗ്രാമങ്ങളിൽ നിന്ന് കൽക്കത്തയിലേക്കുണ്ടായ പലായനവും ബ്രിട്ടിഷ് ഭരണത്തിന്റെ ബാക്കിപത്രങ്ങളാണ്. ഇതൊക്കെ മറന്നുകൊണ്ട് ബ്രിട്ടിഷ് സിംഹാസനത്തിന് വാഴ്ത്തുകൾ പാടാൻ ആത്മാഭിമാനമുള്ള ഇന്ത്യക്കാർക്ക് കഴിയുമോ? ബ്രിട്ടിഷ് സിംഹാസനം ചർച്ച ചെയ്യപ്പെടുന്ന ഓരോ അവസരത്തിലും ഈ ചിന്തകളും സ്വാഭാവികമായും ഉയർന്നുവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago