ഗതാഗതക്കുരുക്കില്‍ പെട്ടു; ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ കാറില്‍ നിന്നിറങ്ങി മൂന്ന് കിലോമീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍
ബംഗളൂരു: ഡോക്ടര്‍മാര്‍ എപ്പോഴും പ്രശംസനീയര്‍ തന്നെയാണ്. സ്വന്തം കാര്യത്തെ കുറിച്ച് ചിന്തിക്കാതെ രോഗികള്‍ക്കായി രാവും പകലും നീക്കി വെക്കുന്നവര്‍. അനവധിയനവധി ജീവനുകളാണ് ഓരോ നിമഷവും അവരുടെ കൈകളിലൂടെ കടന്നു പോകുന്നത്. അതെല്ലാം തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ബഹുഭൂരിഭാഗം ഡോക്ടര്‍മാരും. അതിനു വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ മടിക്കാത്തവരും. ഇവിടെയിതാ അത്തരത്തിലൊരു ഡോക്ടറെ പരിചയപ്പെടാം നമുക്ക്.
ബംഗളൂരുസര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ കക്ഷി. കാര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടപ്പോള്‍ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്നു കി.മീ ഓടിയാണ് ഗോവിന്ദ് ആശുപത്രിയിലെത്തിയത്.
പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാള്‍ക്കാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഡ്രൈവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍ജാപുര- മാറത്തഹള്ളി റോഡില്‍ എത്തിയപ്പോള്‍ കുടുങ്ങി. ആശുപത്രിയിലേക്കെത്താന്‍ 10 മിനിറ്റ് മതിയായിരുന്നു. എന്നാല്‍ ട്രാഫിക് ബ്ലോക്കായതോടെ ഈ ദൂരം പിന്നിടാന്‍ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലായതോടെ കാറില്‍ നിന്നിറങ്ങി ഡോക്ടര്‍ ഓടുകയായിരുന്നു.
''ഡ്രൈവര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കാര്‍ അവിടെ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സാധിച്ചത്. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാല്‍ ഓടാന്‍ എളുപ്പമായിരുന്നു. മൂന്നു കിലോമീറ്റര്‍ ഓടി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശസ്ത്രക്രിയക്ക് സമയമായിരുന്നു'' ഡോക്ടര്‍ പറയുന്നു.
ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."