കണ്ണൂര്‍ സിറ്റി മാലിന്യ സിറ്റി
കണ്ണൂര്‍ സിറ്റി: കോര്‍പറേഷന്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ അവതാളത്തിലായി. കണ്ണൂര്‍ സിറ്റി, തയ്യില്‍, നീര്‍ച്ചാല്‍ മരക്കാര്‍കണ്ടി, താഴെത്തെരു, ചിറക്കല്‍കുളം തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന വഴിയോരങ്ങളും ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളും ഇടവഴികളും മാലിന്യം തള്ളല്‍ കേന്ദ്രമായി മാറി. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികിലേക്ക് തള്ളുകയാണ് പതിവ്. പട്ടികജാതി ഫ്‌ളാറ്റിനു സമീപത്തായിരുന്നു ഈ പ്രദേശത്തെ മാലിന്യം കൂട്ടിയിട്ടിരുന്നത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഇവിടെ മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാതെ കോര്‍പറേഷന്‍ വെട്ടിലായി. മാലിന്യം തള്ളാന്‍ മറ്റൊരു സ്ഥലം കണ്ടെത്താത്തതാണ് പ്രശ്‌നം ഗുരതരമാവാന്‍ കാരണം.
ഹോട്ടലുകളിലെയും കാറ്ററിങ് സ്ഥാപനങ്ങളിലെയും അറവുശാലകളിലെയും മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇത് നായയും പക്ഷികളും വലിച്ച് റോഡിന് നടുവില്‍ കൊണ്ടിടുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വഴിയരികില്‍ വലിച്ചെറിയുന്ന മാലിന്യം നാട്ടുകാര്‍ തന്നെ കത്തിച്ചു കളയാറുണ്ട്. തയ്യില്‍ ജുമാമസ്ജിദിന് സമീപത്തെ റോഡരികിലുള്ള മാലിന്യം ഓവുചാലിലും നിറഞ്ഞിരിക്കുകയാണ്. മഴവെള്ളത്തില്‍ കുതിര്‍ന്ന് രോഗം വിളിച്ചുവരുത്തുകയാണ് ഇത്. റോഡിനിരുവശവും നിരവധി വീടുകളാണുള്ളത്. ഇവര്‍ക്കൊക്കെ മാലിന്യം ആരോഗ്യഭീഷണിയായിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം റോഡിലൂടെ സഞ്ചരിക്കാനാകാത്ത സാഹചര്യമാണ് നാട്ടുകാര്‍ക്ക്. മരക്കാര്‍കണ്ടിയില്‍ വൈദ്യതി തൂണുകള്‍ ഓവുചാലില്‍ സ്ഥാപിച്ചത് ഓവുചാലിന്റെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. ഇതുകാരണം മാലിന്യങ്ങള്‍ ഓവുചാലില്‍ തന്നെ കെട്ടികിടക്കുകയാണ്. വലിപ്പമില്ലാത്ത റോഡിന്റെ പകുതിയിലേറെ ഭാഗവും മാലിന്യം കൊണ്ടു നിറഞ്ഞു. നിരവധി തവണ കോര്‍പറേഷന്‍ അധികൃതരെയും കൗണ്‍സലറെയും അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ അരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."