കാലിഗ്രാഫിയില്‍ സമാധാനം വരയുന്ന അനില്‍കുമാര്‍
ഫര്‍സാന കെ.
കലകള്‍ക്ക് മതമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം, അല്ലാഹു, ജീസസ് എല്ലാം ഒന്നാണ്. നമ്മളെല്ലാം ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്'. പള്ളിക്കകത്തെ, മനോഹരമായി ഖുര്‍ആന്‍ വചനങ്ങള്‍ വരച്ചുചേര്‍ത്ത ചുമരിനു താഴെ ഇരുന്ന് അനില്‍ കുമാര്‍ ചൗഹാന്‍ എന്ന അന്‍പതുകാരന്‍ പറയുന്നു. ഹൈദരാബാദുകാരനായ അനില്‍ കുമാറിന്റെ കൈവിരലുകളുടെ മാന്ത്രികതയില്‍ പിറന്നതാണ് പള്ളിമുറിയെ മനോഹരമാക്കുന്ന ആ അറബി അക്ഷരങ്ങള്‍. പരിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ പിഴവേതും കൂടാതെ പള്ളിക്കകത്തെ ചുമരില്‍ വരച്ചുചേര്‍ത്തത് അദ്ദേഹമാണ്. ഒന്നും രണ്ടുമല്ല ഇരുനൂറിലേറെ പള്ളികളില്‍ കാലിഗ്രഫി ചെയ്തിട്ടുണ്ട് അനില്‍ കുമാര്‍ ചൗഹാന്‍. മുപ്പതു വര്‍ഷമായി അദ്ദേഹം ഈ പണി തുടങ്ങിയിട്ട്.
'പാവപ്പെട്ട ഒരു ഹിന്ദു കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. കുടംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാല്‍ പത്താം ക്ലാസില്‍ നിന്ന് പഠനം നിര്‍ത്തേണ്ടിവന്നു. നന്നായി ചിത്രം വരയ്ക്കുമായിരുന്നു. എന്നാല്‍പിന്നെ അതുതന്നെ ഒരു തൊഴിലാക്കിയാലോ എന്നാലോചിച്ചു. അങ്ങനെ ചുമര്‍ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി'- അനില്‍ ചൗഹാന്‍ പറയുന്നു. പതിയെപ്പതിയെ കാലിഗ്രഫിയിലും കൈവച്ചു. മുപ്പതോളം അമ്പലങ്ങളും ചൗഹാന്റെ വിരലുകളുടെ മാന്ത്രിക സ്പര്‍ശം അറിഞ്ഞിട്ടുണ്ട്. ദേവന്‍മാരുടേയും ദേവതകളുടേയും ചിത്രങ്ങള്‍.
നൂറോളം പള്ളികളില്‍ നിന്നു മാത്രമാണ് ചൗഹാന്‍ പ്രതിഫലം പറ്റിയിട്ടുള്ളത്. ബാക്കിയുള്ള പള്ളികളിലെല്ലാം സൗജന്യമായാണ് അദ്ദേഹം കാലിഗ്രഫി ചെയ്തത്. 'വാക്കുകള്‍ക്കതീതമായൊരു ആത്മീയാനുഭൂതി ചില പള്ളികളില്‍ അനുഭവപ്പെടും. ഒരു ദൈവീക സാന്നിധ്യം. അതാണ് അവിടെ നിന്ന് പ്രതിഫലം കൈപറ്റുന്നതില്‍ നിന്ന് എന്നെ തടഞ്ഞത്'- അതേപ്പറ്റി ചൗഹാന്‍ പറയുന്നു.
കാലിഗ്രഫിയിലേക്കുള്ള
ചുവടുവയ്പ്പ്
രാജ്യത്ത് അങ്ങോളമിങ്ങോളം വരക്കുന്ന ചിത്രപ്പണികളില്‍ നിന്ന് 27,000ത്തോളം രൂപയാണ് ചൗഹാന്റെ ഒരു മാസത്തെ വരുമാനം. ചുമരെഴുത്തിനിടെ ഉര്‍ദു വായിക്കാനും എഴുതാനും പഠിച്ചിരുന്നു. ആദ്യമൊക്കെ ഭാഷ അറിയാതെ തന്നെയാണ് ബോര്‍ഡുകളും മറ്റും എഴുതിയിരുന്നത്. മുപ്പതു കൊല്ലം മുന്‍പത്തെ ഹൈദരാബാദിലാണെങ്കില്‍ ഉര്‍ദുവിലുള്ള ബോര്‍ഡുകള്‍ നിര്‍ബന്ധവും. പിന്നെപ്പിന്നെ എനിക്കാ ഭാഷയോട് പ്രണയമായി. ഓരോരൊ അക്ഷരങ്ങളും ചങ്ങാതിമാരായി. അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍. ഇത് ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഉര്‍ദുവിലുള്ള അറിവും എഴുത്തിന്റെ മനോഹാരിതയും കണ്ട് ആളുകള്‍ ഖുര്‍ആന്‍ വചനങ്ങളും മറ്റും കാലിഗ്രഫി ചെയ്യാന്‍ ചൗഹാനെ ഏല്‍പിച്ചു തുടങ്ങി.
1990ലാണ് ആദ്യത്തെ അറബി കാലിഗ്രഫി വര്‍ക്ക് ലഭിച്ചത്. ഹൈദരാബാദിലെ പ്രശസ്തമായ നൂര്‍ മസ്ജിദില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചിത്രീകരിക്കാനായിരുന്നു അത്. 'ചന്ദ്രനിലെങ്ങാന്‍ എത്തിയ പ്രതീതിയായിരുന്നു അന്ന്. എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു അവസരം മാത്രമായിരുന്നില്ല. ഒത്തിരി പ്രമുഖരില്‍ നിന്നുള്ള അംഗീകാരം കൂടിയായിരുന്നു. എനിക്ക് മുന്നില്‍ അവസരങ്ങളുടെ വാതിലുകള്‍ തുറക്കുന്ന അംഗീകാരം. അന്ന് ഞാനത് ചെയ്തുകാണിച്ചു'- അഭിമാനത്തോടെ ചൗഹാന്‍ പറയുന്നു. എന്നാല്‍ ഹിന്ദുവായതിന്റെ പേരില്‍ ചിലയാളുകളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വെല്ലുവിളികളും തടസങ്ങളുമൊന്നുമില്ലാതെ ജീവിതം മുന്നോട്ടുപോവില്ലല്ലോ. ഏതായാലും എല്ലാ തടസങ്ങളേയും അദ്ദേഹം അതിജീവിച്ചു. ഹൈദരാബാദിലെ ജാമിഅ നിസാമിയ സര്‍വകലാശാല അദ്ദേഹത്തിന് അനുകൂലമായി ഫത്‌വ ഇറക്കി. നേരത്തെ തന്നെ സര്‍വകലാശാലയുടെ പ്രധാന ഗാലറിയില്‍ അദ്ദേഹം ചെയ്ത മനോഹരമായ യാസീന്‍ സൂക്തങ്ങള്‍ ഉണ്ടായിരുന്നു. സര്‍വകലാശാല മാനേജ്‌മെന്റിന് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു ആ വര്‍ക്ക്. അന്നു തന്നെ എതിര്‍ത്തവര്‍ ഇപ്പോള്‍ തന്നെ ഏറെ ബഹുമാനിക്കുന്നുവെന്നും ചൗഹാന്‍ പറയുന്നു.
'കലയ്ക്ക് മതമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം, അല്ലാഹു, ജീസസ് എല്ലാം ഒന്നാണ്. നമ്മളെല്ലാം ദൈവത്തിന്റെ മക്കളാണ്. ഇന്ന് എന്റെ സുഹൃത്തുക്കള്‍ അധികവും മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. ഞങ്ങള്‍ ഒന്നിച്ചിരുന്നു കഴിക്കുന്നു. പരസ്പരം ഹാങ്ങ്ഔട്ട് ചെയ്യുന്നു. മെഹ്ഫിലുകളില്‍ പങ്കെടുക്കുന്നു. അങ്ങനെ ജീവിതം അടിച്ചുപൊളിക്കുന്നു'. സിറ്റിയില്‍ നടക്കുന്ന കൂട്ടായ്മകളില്‍ ഉറുദു കവിതകള്‍ ചൊല്ലാന്‍ വിളിക്കാറുമുണ്ട് ചിലര്‍ ചൗഹാനെ. തന്റെ ഖുര്‍ആന്‍ കാലിഗ്രഫിയുടെ ഒരു പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.0
സമാധാന സന്ദേശങ്ങള്‍
രണ്ടു മക്കളാണ് ചൗഹാന്. ഒരു മകനും ഒരു മകളും. മക്കളെ തന്റെ മേഖലയില്‍ വരാന്‍ ഒരിക്കലും നിര്‍ബന്ധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. കല ജീവിതമാര്‍ഗമായി സ്വീകരിക്കാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. അത് തന്റെ സ്വന്തം തീരുമാനമായിരുന്നു. ഇഷ്ടമായിരുന്നു. അതുപോലെ അവരുടെ വഴി അവരും തെരഞ്ഞെടുത്തു. രണ്ട് പേരും ബിരുദധാരികളാണ്. സ്വകാര്യ കമ്പനികളില്‍ ജോലിചെയ്യുന്നു. രണ്ടുപേരും അവരവരുടെ തെരഞ്ഞെടുപ്പിലും ജോലിയിലും സന്തുഷ്ടരാണ്. എന്നാല്‍ ഇളയ സഹോദരന്‍ ചൗഹാനോടൊപ്പമുണ്ട്. രണ്ടുപേരും ഒന്നിച്ചാണ് നിറക്കൂട്ടുകളില്‍ അക്ഷരങ്ങള്‍ ചാലിക്കുന്നത്. അക്ഷരചിത്രങ്ങള്‍ തേടി നാടുചുറ്റുന്നതും. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങി എത്രയെത്ര ഇടങ്ങള്‍.
റമദാന്‍ മാസത്തോട് അടുപ്പിച്ചുള്ളതാണ് ഏറ്റവും തിരക്കേറിയ സമയം. ഒരു പള്ളിയില്‍ നിന്ന് മറ്റൊരു പള്ളിയിലേക്കുള്ള ഓട്ടമാണ്. അല്ലാഹുവിന്റെ സമാധാന സന്ദേശങ്ങള്‍ എന്റെ കലയിലൂടെ ജനഹൃദയങ്ങളിലേക്കെത്തിക്കാനുള്ള ഓട്ടം. ഇത് ഒരു തൊഴിലായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
കലയെ ഒരിക്കലും ഒരു മതത്തിനകത്തോ സമൂഹത്തിനകത്തോ ഒതുക്കി നിര്‍ത്തേണ്ടതല്ലെന്നാണ് ചൗഹാന്റെ പക്ഷം. പള്ളിയും അമ്പലവും ചര്‍ച്ചുമെല്ലാം നല്‍കുന്നത് ഒരു സന്ദേശമാണ്. സ്‌നേഹത്തിന്റെ, സമാധാനത്തിന്റെ, സര്‍വോപരി കാരുണ്യത്തിന്റെ. മതങ്ങള്‍ ശരിക്കും ഐക്യത്തിന്റെ കാഹളമാണൂതുന്നത്. അല്ലാതെ ഭിന്നിപ്പിന്റെയല്ല. നാം ശരിക്കും ദൈവം പറഞ്ഞത് അനുസരിച്ചാണ് ജീവിക്കുന്നതെങ്കില്‍ എത്ര നന്നായേനെ. എന്തൊരു മാധുര്യമായിരിക്കും അപ്പോള്‍ ഈ ലോകത്തിന്... ചൗഹാന്‍ പറഞ്ഞു നിര്‍ത്തുന്നു.
കടപ്പാട്: അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."