ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയവരുടെ തുടർപഠനം വെബ്സൈറ്റ് തയാറാക്കാൻ കേന്ദ്രത്തോട് സുപ്രിംകോടതി
ന്യൂഡൽഹി • യുദ്ധം മൂലം ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് മറ്റു വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ തുടർപഠനത്തിന് സഹായിക്കാൻ വെബ്‌സൈറ്റ് തയാറാക്കാനുള്ള നിർദേശവുമായി സുപ്രിംകോടതി.
ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സർക്കാർ മുമ്പാകെ ഈ നിർദേശം വച്ചത്. വിദേശ സർവകലാശാലകളിലേക്കുള്ള പ്രവേശനം സുതാര്യമാക്കുന്ന എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെട്ടിരിക്കണം. പ്രവേശനം ലഭിക്കാവുന്ന സർവകലാശാലകളുടെ പേരുകൾ, ഒഴിവുള്ള സീറ്റുകൾ, ഫീസ് തുടങ്ങിയ വിവരങ്ങൾ വേണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യം സർക്കാരുമായി ആലോചിക്കാമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. തിരിച്ചെത്തിയവർക്ക് ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ തുടർപഠനം സാധ്യമല്ലെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇവർക്ക് പ്രവേശനത്തിന് കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിന് അനുമതി നൽകി കേന്ദ്ര സർക്കാർ പൊതുനോട്ടിസ്
പുറപ്പെടുവിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. ഉക്രൈനിൽ പഠിക്കാൻ പോയവർ നീറ്റിൽ മോശം പ്രകടനം നടത്തിയവരായതിനാൽ രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാൻ പറ്റില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കുറഞ്ഞ ചെലവിൽ പഠിക്കാനാണ് വിദേശത്ത് പോയത്. അതിനാൽ രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളജ് ഫീസ് അവർക്ക് താങ്ങില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."