വെള്ളൂര്‍ അക്രമം: നിരപരാധികള്‍ക്കെതിരേ കേസെടുക്കുന്നതായി പരാതി
നാദാപുരം: വെള്ളൂരിലെ അക്രമ സംഭവത്തില്‍ അഞ്ഞൂറിലധികം പേര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്. വെള്ളൂരില്‍ കൊലചെയ്യപ്പെട്ട അസ്‌ലമിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു തിരിച്ചുപോകുന്നതിനിടെ ഒരു സംഘം നടത്തിയ അക്രമത്തില്‍ അന്‍പതോളം വീടുകള്‍ക്കു കേടുപറ്റിയിരുന്നു.
റോഡില്‍ നിന്നുള്ള കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നാണു മിക്ക വീടുകള്‍ക്കും നാശം സംഭവിച്ചത്. പ്രധാനമായും കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമത്തിനിരയായത്. ഇതേ തുടര്‍ന്നു മേഖലയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു സമാധാന ശ്രമങ്ങള്‍ ആരംഭിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പൊലിസിനു പിന്തുണ നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാശനഷ്ടം കണക്കാക്കാന്‍ റവന്യൂ അധികൃതരുടെ സഹായവും തേടിയിട്ടുണ്ട്.
രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമാണ് റവന്യൂ അധികൃതര്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയത്. എന്നാല്‍, സംഭവത്തിന്റെ പേരില്‍ നിരപരാധികളെ കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നതായാണ് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ആളുടെ പേരിലാണ് പൊലിസ് കേസെടുത്തത്. സംഭവം നടന്ന ഉടന്‍ പൊലിസും മറ്റുള്ളവരും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു യഥാര്‍ഥ പ്രതികളെ കണ്ടെത്തി കേസെടുക്കുമെന്നാണ് പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍, സി.പി.എം പ്രാദേശിക നേതൃത്വം നല്‍കുന്ന പട്ടിക അനുസരിച്ചു പ്രായമായവരെ വരെ കേസില്‍ ഉള്‍പ്പെടുത്തിയതായാണ് ആരോപണം.
ഷിബിന്‍ വധത്തെ തുടര്‍ന്നുണ്ടായ അക്രമത്തിലെ പ്രതികള്‍ക്കെതിരേ കണ്ണടച്ച പൊലിസ് നിരപരാധികളെയടക്കം ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ നടത്തുന്ന നീക്കമാണ് ലീഗ് അണികളില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കുന്നത്.
കര്‍ശനമായ അച്ചടക്കം പാലിച്ച് ലീഗ് നേതൃത്വം നടത്തിയ ചടങ്ങിനിടയില്‍ നുഴഞ്ഞുകയറിയ ബാഹ്യശക്തികളാണ് വെള്ളൂരില്‍ നേരിയ തോതിലുള്ള അക്രമം നടത്തിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ തുടക്കം മുതലുള്ള നിലപാട്. അക്രമം ഒഴിവാക്കാന്‍ നാദാപുരത്തെ മുദാക്കരയിലാണ് അസ്‌ലമിന്റെ മയ്യിത്ത് നിസ്‌കാര ചടങ്ങുകളടക്കം നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."