മെട്രോ നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടി; നന്നാക്കിയതിന് വീട്ടുടമയില്‍ നിന്ന് പണം വാങ്ങിയതായി പരാതി
കൊച്ചി: മെട്രോ റെയിലുമായി ബന്ധപ്പെട്ട കാന നിര്‍മാണത്തിനിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് നന്നാക്കിയതിന് വീട്ടുടമയില്‍ നിന്ന് നിര്‍ബന്ധിച്ച് പണം വാങ്ങിയതായി പരാതി. കലൂര്‍ ജങ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപത്തെ മേലങ്ങത്ത്തൊടി എം.എ ഇബ്രാഹിമിന്റെ പക്കല്‍ നിന്നാണ് വാട്ടര്‍ അതോറിറ്റി കരാറുകാരന് 3000 രൂപ വാങ്ങിയത്.
കഴിഞ്ഞ ആഴ്ച കാന നിര്‍മിക്കുന്നതിനിടെ പൈപ്പ് പൊട്ടി കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ഇക്കാര്യം മെട്രോ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വാട്ടര്‍ അതോറിറ്റി കരാറുകാരന് റെജിയും ഓവര്‍സീയറും സ്ഥലത്തെത്തി പൈപ്പ് നന്നാക്കുകയും ചെയ്തു.
ഇബ്രാഹിം വാങ്ങി നല്കിയ പൈപ്പ് ഉപയോഗിച്ചാണ് കണക്ഷന് പുനഃസ്ഥാപിച്ചത്. എന്നാല്‍ പൈപ്പ് നന്നാക്കിയ ചെലവില്‍ 5000 രൂപ നല്‍കണമെന്ന് റെജി ആവശ്യപ്പെട്ടു. 3000 രൂപ നല്കി.
പിറ്റേദിവസം ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ മെട്രോ നിര്‍മാണത്തിനിടെ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ വീട്ടുടമ പൈപ്പ് വാങ്ങി നല്‍കേണ്ടതില്ലെന്നും ചെലവിലേക്ക് പണം നല്‍കേണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാക്കി 2000 രൂപ കൂടി നല്‍കണമെന്ന് റെജി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഇബ്രാഹിം പറഞ്ഞു. കരാറുകാരന് ഭീഷണിപ്പെടുത്തി പണം വാങ്ങിയത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."