ഹജ്ജ് 2021: പുണ്യ നഗരികളിൽ ഒരുക്കങ്ങൾ പൂർത്തിയായി
മക്ക: ഈ വർഷത്തെ വിശുദ്ധഹ ഹജ്ജ് കർമ്മങ്ങൾക്കായി പുണ്യ നഗരികളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന മക്ക, അറഫ, മിന, മുസ്‌ദലിഫ, ജംറകൾ എന്നിവിടങ്ങളിലെ ഒരുക്കങ്ങളാണ് പൂർത്തിയായത്. ഞായർ മുതൽ ഹജ്ജ് മാസം ആരംഭിക്കുന്നതോടെ ഇനി മുതൽ ഹാജിമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹജ്ജ് ഉംറ മന്ത്രാലയ അധികൃതർ. ദുൽഹിജ്ജ എട്ട് മുതലാണ് ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകുകയെങ്കിലും ഏഴിന് വൈകീട്ട് തന്നെ ഹാജിമാരെ മിനയിലേക്ക് എത്തി തുടങ്ങും.
അതേസമയം, ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അഞ്ചര ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് അറുപതിനായിരം ആളുകളെയാണ് തിരഞ്ഞെടുത്തത്. ഇവരിൽ സ്വദേശികൾക്കൊപ്പം സഊദിക്കകത്തെ വിദേശ പൗരന്മാരും ഉണ്ട്. വിദേശികളിൽ 150 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യക്കാർ എത്രയാണെന്ന് വ്യക്തമല്ല. ഏതാനും മലയാളികൾക്കും കുടുംബ സമേതം ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ദുൽഹജ്ജ് എട്ടിന് മുന്നോടിയായി തീർഥാടകർ മക്കയിലെത്തും.
കൊവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര തീർഥാടകർക്കു മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും തീർഥാടകരുടെ ആരോഗ്യസുരക്ഷക്ക് ഏറ്റവും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മക്കയിലെ ആശുപത്രികൾക്കു പുറമെ പുണ്യസ്ഥലങ്ങളിൽ നാല് ആശുപത്രികളും ആറ് മെഡിക്കൽ സെൻററുകളും സജ്ജമാണ്. കൂടാതെ, മൊബൈൽ ആശുപത്രിയും സജ്ജമാണ്. ഇവയെല്ലാം ഏറ്റവും നൂതന സംവിധാനങ്ങളോടെ സജ്ജമാക്കിയതാണ്. ഇത് കൂടാതെ, പുണ്യ നഗരികളിൽ സൂര്യാതപമേൽക്കുന്നവരെ ചികിത്സിക്കാൻ 45 പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 23 എണ്ണം ജബലുറഹ്മയിലും 22 എണ്ണം മിന താഴ്വരയിലുമാണ്. കൂടാതെ, എയർ ആംബുലൻസുകളും കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി നടപ്പാക്കാനായി പ്രത്യേക പ്രോട്ടോകോളുകളും സജ്ജമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."