യു.എന്‍ പൊതുസഭ തുടങ്ങി; ഉക്രൈന്‍ യുദ്ധം മുഖ്യ അജണ്ട
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 77ാമത് പൊതുസഭ ന്യൂയോര്‍ക്കില്‍ ആരംഭിച്ചു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം, ആണവ നിരായുധീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യു.എന്‍ ആസ്ഥാനത്ത് ചേരുന്ന സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.
യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് സംസാരിച്ചു. യുദ്ധം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, വിദ്വേഷം, ദാരിദ്ര്യം, അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ലോകം പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന പൊതുസഭ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.
ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ വംശീയ വിവേചന നടപടികള്‍ തുടരുന്നതില്‍ ചൈനയെ കുറ്റപ്പെടുത്തി രണ്ടാഴ്ച മുമ്പ് യു.എന്‍ മനുഷ്യാവകാശ സമിതി ഷിന്‍ജിയാങ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പൊതുസഭയില്‍ ഈ റിപോര്‍ട്ട് ചൈനക്ക് തിരിച്ചടിയായേക്കും. മനുഷ്യത്വത്തിനു നേരെയുള്ള കുറ്റകൃത്യം എന്നാണ് റിപോര്‍ട്ടിലെ പരാമര്‍ശം.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജാഇര്‍ ബൊല്‍സാനറോ, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തുടങ്ങിയവര്‍ ഇന്ന് സംസാരിക്കും. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ പ്രാസംഗികരുടെ പട്ടികയിലുണ്ടെങ്കിലും വിദേശകാര്യ മന്ത്രിമാരായിരിക്കും പങ്കെടുക്കുക.
നിരവധി പ്രമേയങ്ങളും പൊതുസഭയില്‍ അവതരിപ്പിക്കുന്നുണ്ട്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൊതുസഭ ചേര്‍ന്നിരുന്നില്ല. പകരം അംഗരാജ്യങ്ങളിലെ തലവന്‍മാര്‍ക്ക് വീഡിയോ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാന്‍ മാത്രമാണ് അവസരമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."