സിക വൈറസ് 2,100 പരിശോധനാ കിറ്റുകളെത്തി
സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സിക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, ആലപ്പുഴ എന്‍.ഐ.വി യൂനിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി പൂനയില്‍ നിന്ന് ഈ ലാബുകളിലേക്ക് പരിശോധന നടത്താന്‍ കഴിയുന്ന 2,100 കിറ്റുകള്‍ ലഭിച്ചു.
തിരുവനന്തപുരം 1,000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്സ് കിറ്റുകളും സിക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിംഗിള്‍ പ്ലക്സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിംഗിള്‍ പ്ലക്സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആര്.ടി.പി.സി.ആര് പരിശോധന വഴിയാണ് സിക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് പരിശോധന നടത്തുന്നത്. രക്തപരിശോധനയിലൂടെ സിക വൈറസ് കണ്ടെത്താനാണ് പൂന എന്‍.ഐ.വി നിര്‍ദേശിച്ചിരിക്കുന്നത്.
കൂടുതല്‍ ലാബുകളില്‍ സൗകര്യമൊരുക്കും
സംസ്ഥാനത്ത് കൂടുതല്‍ ലാബുകളില്‍ സിക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സംസ്ഥാനത്ത് ആര്.ടി.പി.സി.ആര് പരിശോധന നടത്താന്‍ കഴിയുന്ന 27 സര്‍ക്കാര്‍ ലാബുകളാണുള്ളത്. കൊവിഡ് വ്യാപന സമയത്ത് കൂടുതല്‍ ആര്.ടി.പി.സി.ആര് ലാബുകള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ ഈ ലാബുകളിലും എന്‍.ഐ.വിയുടെ അനുമതിയോടെ സിക പരിശോധന നടത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."