സുപ്രഭാതം, വായനയുടെ പിന്നിട്ട വർഷങ്ങൾ
ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി
മലയാള മാധ്യമരംഗത്ത് സുപ്രഭാതം സാന്നിധ്യമറിയിച്ച ഒമ്പതാണ്ടുകൾ പിന്നിട്ട് പത്താം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അച്ചടി മാധ്യമങ്ങൾ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലത്ത്, മലയാള ഭാഷയിൽ യഥേഷ്ടം പത്രങ്ങൾ ലഭ്യമായിരിക്കെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴിൽ ഒരു പത്രത്തിന്റെ പ്രസക്തി എന്ത് എന്നത് പൊതുസമൂഹത്തിനു മുമ്പിൽ ഉത്തരം കണ്ടെത്തേണ്ട പ്രധാന ചോദ്യമായിരുന്നു.
സമസ്തയുടെ സമുന്നത നേതൃനിരയിലുണ്ടായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ നിരന്തര ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് 2014 സെപ്റ്റംബർ ഒന്നിന് സുപ്രഭാതത്തിന്റെ പിറവിയുണ്ടായത്.
ഒരു പണ്ഡിത സഭയുടെ മുഖപത്രം എന്നതിലുപരി മാധ്യമരംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന മികവും സ്വീകാര്യതയുമുള്ള ന്യൂനരഹിത പൊതുപത്രമായി സുപ്രഭാതം വളരണമെന്നായിരുന്നു അവരുടെ നിർബന്ധം. കേരളീയ മുസ്‌ലിം സമുദായത്തിന്റെ മത-വിദ്യാഭ്യാസ-സാമൂഹിക-ശാക്തീകരണ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുന്നതിനോടൊപ്പം, സമസ്തക്കു കീഴിൽ ഒരു മാധ്യമസ്ഥാപനം ആരംഭിക്കുന്നതോടെ, ജനാധിപത്യ മതേതര രാജ്യത്തിന്റെ സാംസ്‌കാരിക നിർമിതിക്കായി സജീവമായി നിലകൊള്ളാനാകുമെന്നും അവർ പ്രത്യാശ പുലർത്തി.
ആശയ വിനിമയരംഗത്ത് സാമൂഹിക മാധ്യമങ്ങളുടെ പ്രസരണം ഏറെ സ്വാധീനമുണ്ടാക്കിയ കാലത്ത് നേരും നെറികേടും വേർതിരിച്ച് അപഗ്രഥിക്കുകയും സത്യസന്ധതയോടെ വാർത്തകളും വിശകലനങ്ങളും വായനക്കാരിലേക്കെത്തിക്കുകയുമാണ് പത്രധർമം. മാധ്യമ മേഖലയിൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും കൽപിത താൽപര്യങ്ങളും നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ മാധ്യമധർമം നിർവഹിക്കപ്പെടേണ്ടതുണ്ട്. വ്യാജ വാർത്തകൾ ഊഴം പിടിച്ച് പ്രചുരപ്രചാരം നേടുന്ന കാലത്ത് സത്യങ്ങളും യാഥാർഥ്യങ്ങളും സമൂഹത്തിൽ സന്നിവേശിപ്പിക്കലാണ് മാധ്യമധർമം.
ഭരണകൂടങ്ങളുടെ നിഗൂഢ താൽപര്യങ്ങളും ഒളിയജൻഡകളും കുത്തക മുതലാളിമാരുടെ ഇടപെടലുകളും നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ആഗോള മാധ്യമ സ്വാതന്ത്ര്യ രംഗത്ത് ആകെ 180 രാജ്യങ്ങളിൽ 161-ലേക്ക് നമ്മുടെ രാഷ്ട്രം പിറകോട്ടുപോയത്, ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട മാധ്യമങ്ങൾക്കുമേൽ ഭരണകൂടവും അവരുടെ താൽപര്യങ്ങളും വരിഞ്ഞുമുറുക്കിയത് മൂലമാണ്.
സമൂഹത്തിൽ അഴിഞ്ഞാടുന്ന അക്രമങ്ങൾക്കും അരാജകത്വങ്ങൾക്കും വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കും നീതിരഹിത പ്രവർത്തനങ്ങൾക്കുമെതിരേ സത്യസന്ധവും യുക്തിഭദ്രവുമായി പ്രതികരിച്ച്, സമൂഹത്തിന്റെ ജിഹ്വയായി മാറേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. പക്ഷേ, വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെയും കലാപ ആഹ്വാനങ്ങളുടെയും വാർറൂമുകളായി ചില മാധ്യമങ്ങളും പരിണമിച്ചിട്ടുണ്ട് എന്നത് ഖേദകരമാണ്. അസത്യം നിറഞ്ഞ വ്യാജ വാർത്തകൾ പകൽ വെളിച്ചം പോലെ സമൂഹത്തിൽ വ്യാപിക്കുന്ന സത്യാനന്തര കാലത്ത് അപരവത്കരണവും വർഗീയ ധ്രുവീകരണവും ബഹുമുഖമായ പാർശ്വവൽക്കരണങ്ങളും അജൻഡകളാക്കിയ 'ഗോഡി മീഡിയ' എന്ന പേരിൽ ഒരു വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.
നിർഭയത്വത്തോടെ മാധ്യമപ്രവർത്തനം നടത്തുക എന്നത് ഇന്ത്യയുടെ സമകാലിക സാഹചര്യത്തിൽ ഏറെ ദുഷ്‌കരമാണ്. ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയും സമൂഹത്തിലെ ദുഷ്പ്രവണതകളും പുറം ലോകത്തെത്തിച്ചവരുടെ ജീവിതം അപകടത്തിലായതിന് നിരവധി തെളിവുകളുണ്ട്. എന്നാൽ, സമ്മർദങ്ങൾക്കിടയിലും പ്രത്യാശയുടെ വെളിച്ചമേകാൻ ചില മാധ്യമങ്ങൾക്ക് സാധിക്കുന്നുവെന്നത് ശുഭസൂചനകളാണ്. ജനാധിപത്യത്തിന് ഹിതകരമല്ലാത്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അതിനെതിരേ ശബ്ദമുയർത്തുന്നവരെ പിന്തുണക്കാനും അവർക്ക് ശക്തി പകരാനും മാധ്യമങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.
ഭീഷണികൾക്ക് മുന്നിൽ വഴങ്ങി ഊർധ്വൻ വലിച്ച മാധ്യമപാതകൾ സ്വീകരിക്കാതെ അടിസ്ഥാന അവകാശങ്ങളുടെ ധ്വജവാഹകരാകാനും മാധ്യമങ്ങൾക്ക് ത്രാണിയുണ്ടാകണം.
ആശയപ്രകാശനം, പൈതൃക സംരക്ഷണം, അവകാശ പോരാട്ടം, ദേശീയോദ്ഗ്രഥനം, വിദ്യാഭ്യാസ പ്രവർത്തനം, പിന്നോക്ക-മത-ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം എന്നിവ പ്രധാന ലക്ഷ്യമാക്കിയാണ്, ആറു എഡിഷനുകളിലായി സുപ്രഭാതം പ്രസാധനമാരംഭിച്ചത്. ഇക്കാലയളവിൽ മലയാള മുൻനിര മാധ്യമങ്ങളോടൊപ്പം സാന്നിധ്യമറിയിക്കാൻ സുപ്രഭാതത്തിനു സാധിച്ചത് വലിയ നേട്ടം തന്നെയാണ്.
മത-രാഷ്ട്രീയ ഇടങ്ങളെ കൃത്യമായി വിശകലനം ചെയ്യാനും ഭരണ-പ്രതിപക്ഷ പാർട്ടികളുടെ വികസന, പ്രതിഷേധ പരിപാടികളെ അനുകൂലിച്ചും പ്രതികൂലിച്ചും യഥാസമയം വായനക്കാരിലേക്കെത്തിക്കാനും സുപ്രഭാതം ആവതുശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
പതിനായിരത്തിലധികം മദ്‌റസകൾ, പരശ്ശതം മഹല്ല് സംവിധാനങ്ങൾ, സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ, സമന്വയ സ്ഥാപനങ്ങൾ, ഭൗതിക വിദ്യാശാലകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളും മദ്‌റസാ അധ്യാപകരുടെയും സംഘടനാ പ്രവർത്തകരുടെയും മഹല്ല് ഭാരവാഹികളുടെയും അക്ഷീണ പ്രയ്തനങ്ങളുമാണ് സുപ്രഭാതത്തെ ഇത്രയധികം ജനകീയമാക്കിയത്.
സമസ്തയുടെ സ്വാധീനമുള്ള ഇടങ്ങളിലെല്ലാം പത്രത്തിന്റെ ഇടപെടലുകളുമുണ്ടായി.
നിഷ്പക്ഷതയോടെ കാര്യങ്ങൾ വിലയിരുത്തുകയും വിശകലനം നടത്തുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾ രാജ്യത്ത് തുലോംവിരളമാണ്. അത്തരം നിഷ്പക്ഷതയുടെ പട്ടികയിലേക്ക് ഇടം പിടിക്കണമെന്നതാണ് സുപ്രഭാതത്തിന്റെ സ്ഥാപിത താൽപര്യം. സമസ്തയുടെ പാരമ്പര്യരീതിയിൽ നിലയുറപ്പിക്കുന്നതോടൊപ്പം സംഘടനയുടെ സഞ്ചാരപഥത്തിൽ അരികു ചേർന്ന് നിൽക്കുന്ന സാമുദായിക രാഷ്ട്രീയ രംഗത്തുള്ളവർക്ക് പരിഗണന നൽകാനും പത്രത്തിന്റെ നയരേഖയിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് വായനക്കാരുള്ള ഒരു പൊതുപത്രമായി സുപ്രഭാതത്തെ രൂപപ്പെടുത്തുക എന്നത് ശ്രമകരമായൊരു ഉദ്യമം തന്നെയാണല്ലോ. സംഘടനാ പ്രവർത്തകരും അഭ്യുദയകാംക്ഷികളുമായ വായനാവൃന്ദത്തിനപ്പുറം ഭിന്ന ജാതി-മതസ്ഥരും ചിന്തകരും രാഷ്ട്രീയ പ്രവർത്തകരുമടങ്ങുന്ന വലിയൊരു വായനാ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് സുപ്രഭാതത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സുപ്രഭാതം ജീവനക്കാരിലും ഭിന്ന ആശയക്കാരായ മാധ്യമപ്രവർത്തകരുണ്ട്.
എന്നാൽ, നാം മുന്നോട്ടുവയ്ക്കുന്ന നയരേഖയിൽ നമ്മുടെ പത്രത്തെ ചലിപ്പിക്കാൻ ജാഗ്രതയോടെയുള്ള നീക്കം അനിവാര്യമാണ്. ചില സന്ദിഗ്ധ ഘട്ടങ്ങളിൽ സൂക്ഷ്മതയോടെ ചുമതലയും ധർമവും നിറവേറ്റാനാണ് ശ്രമിച്ചത്. സുപ്രഭാതത്തിന്റെ നയനിലപാടുകൾ സംബന്ധിച്ച് പത്രത്തെ ചേർത്തുനിർത്തിയ പലരും വിമർശിക്കുകയും ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവയിൽ ന്യായവും പരിഗണനീയവുമായവയൊക്കെ പരിഗണിച്ചും ചർച്ച ചെയ്തും മുന്നോട്ടുപോകാനുള്ള നീക്കം ഇനിയുണ്ടാകുമെന്ന സന്തോഷം നിങ്ങളെ അറിയിക്കുന്നു.
സുപ്രഭാതത്തിന്റെ അക്ഷരവെളിച്ചം കൂടുതൽ ശോഭയോടെ തുടർന്നും പ്രസരിക്കാൻ ഏവരുടെയും പിന്തുണയും സഹായങ്ങളും തേടുന്നു. ഇനി നിറമുള്ള ദശവർഷങ്ങളായിത്തീരാൻ കൂടെയുണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
Content Highlights:Today's Article sep 1 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."