രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ഹരജി: കേന്ദ്ര നിലപാട് തേടി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി.
രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും. മണിപ്പൂരിലെയും ഛത്തിസ്ഗഡിലെയും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
124 എയുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാറിന്റെ ഹരജിയും കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹരജികളും ഒന്നിച്ചാവും ഇനി പരിഗണിക്കുക. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് രാഷ്ട്രീയഫാഷനായെന്നും ഈ വകുപ്പ് പ്രകാരം ചുമത്തുന്ന മിക്ക കേസുകളും പിന്നീട് തെളിവില്ലാതെ അവസാനിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ശശികുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് കെ ജോസ്, വിനോദ് ദുവ, ലക്ഷദ്വീപിലെ സംവിധായിക ആയിഷ സുല്‍ത്താന, ഡോ. ശശി തരൂര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സാഹചര്യങ്ങളും ശശി കുമാറിന്റെ ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സര്‍ക്കാരിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ അഭിപ്രായം പങ്കുവച്ചതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്നവരാണ് ഹരജിക്കാരായ രണ്ടുമാധ്യമപ്രവര്‍ത്തകര്‍. മണിപ്പൂര്‍ സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്ത മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ ഏജന്റാണെന്ന് അഭിപ്രായപ്പെട്ടതിനാണ് മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്ഖ്‌ചെക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് 124 എ വകുപ്പെന്നും വ്യക്തതയില്ലാത്തതിനാല്‍ ദുരുപയോഗം ചെയ്യുകയാണെന്നുമാണ് കിഷോര്‍ചന്ദ്ര ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."