ഐസക്കിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍; മസാല ബോണ്ട് അന്വേഷണത്തിനെതിരെ നല്‍കിയ ഹരജി അപക്വം
കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസകിനെതിരെ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. മസാല ബോണ്ടിലെ ഇ.ഡി അന്വേഷണത്തിനെതിരായി തോമസ് ഐസക് നല്‍കിയ ഹരജി അപക്വമാണെന്നും അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഐസക് ശ്രമിക്കുന്നുവെന്നും ഇ.ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വസ്തുത വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്.
മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ഐസകിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായ രേഖകള്‍ ഹാജരാക്കാനാണ് തോമസ് ഐസക്കിന് സമന്‍സ് അയച്ചതെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മസാല ബോണ്ട് കേസിലെ ഇ.ഡി യുടെ അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹരജികളില്‍ വിശദീകരണം തേടിയ ഹൈക്കോടതി ഇ.ഡി നടത്തുന്ന അന്വേഷണത്തിലും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കും വരെ തോമസ് ഐസക് അടക്കമുള്ളവര്‍ക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇ.ഡി കോടതിയെ അറിയിച്ചു.
ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി താന്‍ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."