കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രിയുടെ പിന്തുണയെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അതിവേഗ റെയില്‍പാതയും എയിംസുമടക്കം കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പുതിയ പദ്ധതികളേറ്റെടുക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചര്‍ച്ച സൗഹൗര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കപ്പല്‍ ഗതാഗതം വ്യാപകമാക്കാനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു. കൊച്ചി- കൊല്ലം ജലപാതയില്‍ ചരക്കുഗതാഗതം ആരംഭിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
2020- 21 കാലത്തെ സംസ്ഥാനത്തിന് കിട്ടാനുള്ള ജി.എസ്.ടി നഷ്ടപരിഹാരത്തുകയായ 4,524 കോടി രൂപ ഉടന്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. അങ്കമാലി- ശബരി റെയില്‍പാതയുടെ കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ആരംഭിച്ച നടപടികള്‍ക്ക് അംഗീകാരം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡം പാലിച്ച് പുതുക്കിയ തലശ്ശേരി- മെസൂരു റെയില്‍പാത പദ്ധതിക്കും അനുമതി തേടി.
കേരളത്തില്‍ ഉള്‍നാടന്‍ ജലഗതാഗത സാധ്യതകളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതികളെക്കുറിച്ചും സിറ്റി ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ സംബന്ധിച്ചും പ്രധാമന്ത്രിയെയും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ധരിപ്പിച്ചു.
കൊച്ചിയില്‍ പെട്രോകെമിക്കല്‍സ് കോംപ്ലക്‌സ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള അനുമതി ഉടന്‍ നല്‍കാമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. തിരുവനന്തപുരം- കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അന്തിമാനുമതി വേഗത്തിലാക്കണമെന്നും റെയില്‍വേ മന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."