ഗുജറാത്ത് എങ്ങോട്ട്?
ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണുയർത്തുന്നത്. സംയുക്ത പ്രതിപക്ഷമെന്ന സ്വപ്‌നം മാറ്റിവച്ച് ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ കൊടുമ്പിരിക്കൊള്ളുന്ന കോൺഗ്രസ് ഇവിടെ പ്രധാന ശത്രുവായി കാണുന്നത് ബി.ജെ.പിയെയല്ല, എ.എ.പിയെ ആണെന്ന വിരോധാഭാസവുമുണ്ട്. കോൺഗ്രസിന്റെ വെല്ലുവിളി എ.എ.പി ഗൗനിക്കുന്നതേയില്ല. അവർ ബി.ജെ.പിയെ പിന്തള്ളി ഒന്നാമതെത്താനുള്ള ശ്രമത്തിലാണെന്നാണ് കാണുന്നത്. എ.എ.പിക്ക് രണ്ടാം സ്ഥാനത്ത് എത്താനായാൽ പോലും ദേശീയ രാഷ്ട്രീയത്തിൽ രണ്ടാമത്തെ ശക്തമായ സാന്നിധ്യമാകാൻ അത് കാരണമാകും. ഇതായിരിക്കണം കോൺഗ്രസിനെ ഭയപ്പെടുത്തുന്നത്.
ഭയം ആർക്ക്
27 വർഷമായി ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുട്ടിക്കളിയായാണ് ബി.ജെ.പി കണ്ടത്. കോൺഗ്രസ് തുടർച്ചയായി തളർന്നതാണ് അവർക്ക് വളമായത്. ഇന്ന് കോൺഗ്രസിന്റെ തളർച്ച എ.എ.പിയുടെ ശക്തിയായേക്കുമെന്നാണ് മനസിലാകുന്നത്. എങ്കിൽ അത് ഭീഷണിയാകുന്നത് ബി.ജെ.പിക്കാവും. രാജ്യത്തെ ബിസിനസുകാരായാണ് ഗുജറാത്തികളെ കരുതിപ്പോരുന്നത്. നോട്ടു നിരോധനവും ജി.എസ്.ടിയും അവരെ ഏറെ നിരാശരാക്കി. സർക്കാർ ജീവനക്കാർ കൂട്ട കാഷ്വൽ ലീവ് സമരം നടത്തി ബി.ജെ.പിയെ ഞെട്ടിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജി.ഡി.പി ഇടിവും കാർഷിക വരുമാനക്കുറവും കടക്കെണിയും വർധിച്ച വൈദ്യുതി നിരക്കും ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുമുണ്ട്. ഇതൊക്കെ വോട്ടാക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ എന്നാണ് കാണേണ്ടത്.
ഹിന്ദുത്വവാദം ശക്തമായ പ്രദേശമാണ് ഗുജറാത്ത്. ഇന്ന് അത് മോദിത്വം എന്ന പര്യായമായും മാറിയിട്ടുണ്ട്. ദേശീയരാഷ്ട്രീയം നിയന്ത്രിക്കുന്നത് ഗുജറാത്തികളാകുമ്പോൾ അവർക്ക് വികാരമേറും. അധികാര ദല്ലാളൻമാരായി അതിസമ്പന്നരായ രണ്ടുപേരുടെ പിന്തുണയും ഇവർക്കുണ്ടല്ലോ. ഗുജറാത്ത് സർക്കാരിനെതിരായ ഏത് നീക്കത്തെയും മോദി ഭക്തിയും രാജ്യ സ്‌നേഹവും ഗുജറാത്തി വികാരവും ഹിന്ദുത്വവും കൊണ്ട് ബി.ജെ.പി നേരിടുന്നത് സാധാരണമാണ്.
കോൺഗ്രസിന് ഏറെ പോകാനുണ്ട്
ഗുജറാത്ത് ഇത്തവണയും കോൺഗ്രസിന് ബാലികേറാമലയാകുമെന്നാണ് കരുതുന്നത്. മോദി സൃഷ്ടിച്ച അടിക്കല്ലുകൾ ഇളക്കാൻ രാഹുലിൻ്റെ യാത്രയ്ക്ക് കഴിയില്ല. വികാസ പുരുഷനായി, ഗരീബ് കല്യാൺ പ്രവർത്തനം നടത്തുന്ന മോദിയെ നേരിടാൻ ജിഗ്‌നേഷ് മേവാനിയെ പോലുള്ളവരെ ഉപയോഗിച്ചുള്ള മുന്നേറ്റമായിരുന്നു വേണ്ടിയിരുന്നത്. യാത്രയ്ക്കു പകരം ഗുജറാത്ത് തെരഞ്ഞെടുപ്പിലായിരുന്നു രാഹുൽ ശ്രദ്ധിക്കേണ്ടിയിരുന്നത്. ചരിത്രപരമായി ശക്തമായ അടിത്തറയുള്ള ഗുജറാത്തിൽ ശോഭിക്കാനായില്ലെങ്കിൽ കോൺഗ്രസിൻ്റെ ദുർബലത വർധിക്കും. ഗുജറാത്തിൽ ബി.െജ.പി വീണാൽ ലോക്‌സഭയിൽ നേരിടുക എളുപ്പമാകുമെന്നെങ്കിലും കരുതേണ്ടതല്ലേ.
കഷ്ടത അനുഭവിക്കുന്ന 16 ശതമാനമുള്ള ആദിവാസി സമൂഹത്തെയും 7 ശതമാനമുള്ള ദലിതരെയും വിശ്വാസത്തിലെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ബി.ജെ.പി വോട്ടുബാങ്കായ പട്ടേലിനും മറ്റു പിന്നോക്ക ജാതികൾക്കും മേൽപറഞ്ഞ വിഭാഗങ്ങളുമായുള്ള സാമ്പത്തികാന്തരം വളരെ വലുതാണ്. ഗോസംരക്ഷകരുടെ ആക്രമണത്തിൽ 5 ദലിതുകൾ കൊല്ലപ്പെട്ട സംഭവവും ഉന സംഭവവും 2017ൽ ദലിതരുടെ വോട്ട് നേടാൻ കോൺഗ്രസിനെ സഹായിച്ചിരുന്നു. രണ്ട് ദശാബ്ദത്തിലധികം പുറത്ത് നിന്നപ്പോഴും വോട്ട് നേട്ടത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നത് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 49 ശതമാനം വോട്ട് നേടി അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസ് 41 ശതമാനം വോട്ട് നേടിയിരുന്നു. 182 സീറ്റിൽ ബി.ജെ.പി 99 എണ്ണം നേടിയപ്പോൾ കോൺഗ്രസിന് 77 എണ്ണം നേടാനായത് ചില്ലറക്കാര്യമല്ല. അന്ന് രാഹുൽ ഗുജറാത്തിലങ്ങോളമിങ്ങോളം ഓളമുണ്ടാക്കിയിരുന്നു. അൽപേഷ് താക്കൂറിന്റെയും ഹാർദിക് പട്ടേലിന്റെയും സമരങ്ങളും കോൺഗ്രസിന് നേട്ടം നൽകിയിരുന്നു. ഇന്ന് ഇരുവരും ബി.ജെ.പിക്കൊപ്പമാണ്.
കഴിഞ്ഞ വർഷം സൂറത്തിൽ നടന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 120 സീറ്റിൽ 93 എണ്ണം ബി.ജെ.പി നേടിയപ്പോൾ എ.എ.പി പിടിച്ചത് 27 എണ്ണമാണ്. കോൺഗ്രസ് സംപൂജ്യരായി. നിസാരമല്ല ഗുജറാത്തിലെ എ.എ.പിയുടെ നേട്ടം.
തന്ത്രപ്പയറ്റ്
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടികളെല്ലാം വോട്ടർമാരെ സ്വാധീനിക്കാൻ വാഗ്ദാന മഴയുമായി രംഗത്തുണ്ട്. ഡൽഹി പിടിക്കാൻ കെജ്‌രിവാൾ വിളമ്പിയ വാഗ്ദാനങ്ങൾ ഇവിടെയോർക്കാം. കിറ്റിൽ ജയിച്ചെന്ന പേര് പിണറായി സർക്കാർ നേടിയെടുത്തതും ഉദാഹരണം. വെറുതെ വോട്ട് ചെയ്യില്ല, എന്തുതരും എന്ന തികച്ചും കൈമാറ്റ രാഷ്ട്രീയമാണ് ജനങ്ങൾ പയറ്റുന്നത്. അങ്ങനെവന്നാൽ, ഗുജറാത്തിൽ എ.എ.പിയുടെ വാഗ്ദാനങ്ങൾ ബി.ജെ.പിക്ക് ചരമഗീതമാകും. അത് മുന്നിൽക്കണ്ടാവണം എ.എ.പി വാഗ്ദാനം ഇപ്പോൾത്തന്നെ നടപ്പാക്കി ബി.ജെ.പി തിരിച്ചടിക്കുന്നത്.
പൊലിസിന് ഏറ്റവും നല്ല ശമ്പളം കെജ്‌രിവാൾ വാഗ്ദാനം ചെയ്തതിനു പിന്നാലെ പൊലിസുകാരുടെ ശമ്പളം ബി.ജെ.പി സർക്കാർ വർധിപ്പിച്ചു. 550 കോടിയാണ് ഇതിന് ചെലവിടുന്നത്. എ.എ.പിയുടെ ഡൽഹി മോഡൽ വാഗ്ദാന രാഷ്ട്രീയം മുന്നിൽക്കണ്ടാണ് രാജ്യത്തെ സൗജന്യം നൽകി വോട്ടുപിടിക്കുന്ന സംസ്‌കാരം മാറണമെന്ന് നരേന്ദ്ര മോദി പ്രസംഗിച്ചത്. കെജ്‌രിവാളാകട്ടെ, ധനികരെ ധനികരാക്കാനല്ല എല്ലാവരെയും തുല്യരാക്കാനാണ് ശ്രമമെന്ന് ആവർത്തിക്കുന്നത് ആരും കേൾക്കാതെ പോകില്ല. ജനങ്ങൾക്ക് സൗജന്യം നൽകരുതെന്ന് പറയുന്ന ഭരണകർത്താവ് ആത്മാർഥതയില്ലാത്ത വഞ്ചകനാണെന്ന് കെജ്‌രിവാൾ പ്രസംഗിക്കുന്നത് ജനങ്ങൾ കേൾക്കും.സേവനദാതാക്കളുടെ മേലങ്കിയണിഞ്ഞ് ചേരിചേരാ രാഷ്ട്രീയമാണ് എ.എ.പി പയറ്റുന്നത്. അതുകൊണ്ടാണ് ബിൽകീസ് ബാനു കേസിൽ പോലും പ്രതികരിക്കാതിരുന്നത്. ഹിന്ദുത്വ വോട്ടർമാരെ ലക്ഷ്യംവയ്ക്കുന്നതാവും കാരണം.
മൂന്നുലക്ഷം വരെയുള്ള കർഷക വായ്പ എഴുതിത്തള്ളും, പകുതി നിരക്കിൽ പാചക വാതകം, കർഷകർക്ക് സൗജന്യ വൈദ്യുതി, പൊതു ജനത്തിന് 300 യൂനിറ്റ് സൗജന്യ വൈദ്യുതി എന്നിങ്ങനെ പോകുന്നു കോൺഗ്രസ് വാഗ്ദാനങ്ങൾ. മൂവായിരം ഇംഗ്ലീഷ് മിഡിയം സ്‌കൂളുകളും പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും രാഹുൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ, അവർക്ക് നേതാവ് എവിടെ.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇത്രയേ ഉള്ളൂ. എ.എ.പിക്ക് ബി.ജെ.പിയുടെ വോട്ടുകൾ അടർത്തി എടുക്കാനാവുമോ. കോൺഗ്രസ് പുനരുജ്ജീവനം നടക്കാതെ പോകുമോ. ഇതൊക്കെ സംഭവിച്ചാൽ എ.എ.പി സംസ്ഥാനം നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."