കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു: സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആക്ഷേപം
പാലാ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ സര്‍വീസ് റദ്ദാക്കല്‍ സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു പരാതി. ഏറ്റവും കൂടുതല്‍ പുതിയ ബസുകളുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ തുടര്‍ച്ചയായി നടക്കുന്ന സര്‍വ്വീസ് റദ്ദാക്കല്‍ സംബന്ധിച്ചു സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണു യാത്രക്കാരുടെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരിക്കുന്നത്.
ജോലി ചെയ്യാന്‍ തയ്യാറായി എത്തുന്ന ജീവനക്കാരെ ഡ്യൂട്ടി ഇല്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുന്നതായാണ് ആരോപണം. ഡിപ്പോയില്‍ 294 ഡ്രൈവര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 280 പേരും സ്ഥിരം ജീവനക്കാരും 14 പേര്‍ എംപാനല്‍ ജീവനക്കാരുമായിരുന്നു. ഇവിടെ ആവശ്യത്തില്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ ഉണ്ടെന്നു കാണിച്ച് ചീഫ് ഓഫീസിലേക്കു ഡിപ്പോ അധികൃതര്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് 20 പേരെ മറ്റ് ഡിപ്പോകളിലേക്കു മാറ്റിയത്. ഇതോടൊപ്പം അഞ്ച് എംപാനല്‍ ജീവനക്കാരെ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ സ്ഥലം മാറ്റുകയും ചെയ്തു. ഡിപ്പോയുടെ കണക്കില്‍ ഇപ്പോള്‍ 262 ഡ്രൈവര്‍മാരാണുള്ളത്. 260 ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍ എല്ലാ ഷെഡ്യൂളുകളും നടത്താന്‍ കഴിയും.
ഡിപ്പോയില്‍ ആകെ 217 കണ്ടക്ടര്‍മാരാണുള്ളത്. ഇതില്‍ 80 പേരും എംപാനല്‍ ജീവനക്കാരാണ്. സ്ഥിരം ജീവനക്കാരന് എട്ടു മണിക്കൂര്‍ ഡ്യൂട്ടിക്ക് 839 രൂപ വേതനം ലഭിക്കുമ്പോള്‍ എംപാനല്‍ ഡ്രൈവര്‍ക്ക് 420 രൂപയും കണ്ടക്ടര്‍ക്ക് 400 രൂപയും മാത്രമാണു നല്‍കുന്നത്. പകുതി ശമ്പളം മാത്രം ലഭിക്കുന്നതിനാല്‍ എംപാനല്‍ ജീവനക്കാര്‍ അവധി ഒഴിവാക്കി കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം സര്‍വ്വീസ് മുടങ്ങുന്നതായുള്ള ഡിപ്പോ അധികൃതരുടെ വാദം പൊള്ളയാണെന്നു യാത്രക്കാരുടെ സംഘടനകള്‍ തെളിവു സഹിതം വിജിലന്‍സിനു നല്‍കിയ പരാതിയില്‍ പറയുന്നു. നിസ്സാര കാരണങ്ങളുടെ പേരില്‍ അനവധി ബസുകള്‍ വര്‍ക്ക്‌ഷോപ്പില്‍ പിടിച്ചിടുന്നതായും പരാതിയുണ്ട്.
പാലാ ഡിപ്പോയില്‍ 39 ഫാസ്റ്റ് പാസഞ്ചറുകളില്‍ 30 എണ്ണവും പുതിയ ബസുകളാണ്. മറ്റ് ഡിപ്പോകളില്‍ ഓര്‍ഡിനറി ബസുകള്‍ 60 ശതമാനവും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയാണ്. പാലായില്‍ 50 ഓര്‍ഡിനറി ബസുകളില്‍ 12 എണ്ണം മാത്രമാണ് 10 വര്‍ഷം കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."