പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് തുടങ്ങി, പോളിങ് ബൂത്തുകളില്‍ നീണ്ട നിര, പ്രതീക്ഷയോടെ മുന്നണികള്‍
പുതുപ്പള്ളി യില്‍ വോട്ടെടുപ്പ് തുടങ്ങി, പോളിങ് ബൂത്തുകളില്‍ നീണ്ട നിര, പ്രതീക്ഷയോടെ മുന്നണികള്‍
പുതുപ്പള്ളി: വാശിയേറിയ പ്രചാരണങ്ങള്‍ക്ക് ശേഷം പുതുപ്പള്ളി ഇന്ന് ബൂത്തിലേക്ക്. 53 വര്‍ഷത്തെ ഉമ്മന്‍ ചാണ്ടിക്കാലത്തിന് തുടര്‍ച്ചതേടുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുപ്പള്ളിയിലാകെ നടന്നത് രാഷ്ട്രീയകേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രചാരണമാണ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ച് യു.ഡി.എഫ് തുടക്കത്തില്‍ത്തന്നെ മേല്‍ക്കൈ നേടിയിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി. തോമസിനെയും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ലിജിന്‍ ലാലിനെയും പ്രഖ്യാപിച്ചതോടെ ചിത്രം തെളിഞ്ഞു. എന്‍.ഡി.എക്കായി ജി. ലിജിന്‍ ലാലും രംഗത്തുണ്ട്. ആംആദ്മി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. സ്വതന്ത്രന്മാരടക്കം ആകെ ഏഴ് സ്ഥാനാര്‍ഥികളാണുള്ളത്.
182 ബൂത്തുകളുള്ള മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്. 2021ലെ തെരഞ്ഞെടുപ്പില്‍ 1,75,959 വോട്ടര്‍മാരാണുണ്ടായിരുന്നത്. അന്ന് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 63,372 (48.08%) വോട്ടുകളാണ്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ജെയ്ക്കിന് ലഭിച്ചത് 54,328 (41.22%) വോട്ടുകളും. 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്. ഇക്കുറി ഭൂരിപക്ഷം വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഇടതാകട്ടെ ജെയ്ക്കിന്റെ മൂന്നാം അങ്കത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലുമാണ്. എന്‍.ഡി.എ കഴിഞ്ഞതവണ കിട്ടിയ 11,694 വോട്ട് നിലനിര്‍ത്താനുള്ള പെടാപ്പാടിലുമാണ്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മണ്ഡലപരിധിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ എട്ടിന് കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."