സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിന് അഞ്ച് വര്‍ഷത്തിനിടെ ഒന്‍പത് സ്ഥലംമാറ്റം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ പ്രതിപക്ഷ സംഘടനാ നേതാവിനെ അഞ്ച് വര്‍ഷത്തിനിടെ സ്ഥലം മാറ്റിയത് ഒന്‍പത് തവണ. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ എം.എസ് ഇര്‍ഷാദിനെയാണ് സര്‍ക്കാര്‍ ഒന്‍പത് തവണ സ്ഥലം മാറ്റിയത്. പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ജന. സെക്രട്ടറിയുമായ ഇര്‍ഷാദിന്റെ കൊച്ചിയില്‍ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയായുള്ള ഇപ്പോഴത്തെ നിയമനമാണ് ഒന്‍പത് തവണയിലേക്ക് എത്തിയിരിക്കുന്നത്.
2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ജൂണ്‍ മാസത്തില്‍ സെക്രട്ടേറിയറ്റില്‍ വ്യവസായ വകുപ്പില്‍ നിന്ന് തുറമുഖ വകുപ്പ് ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റി. അവിടെ ചുമതലയേറ്റ് രണ്ടാഴ്ചക്കകം ഇര്‍ഷാദിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസറായിമാറ്റി നിയമിച്ചു. ഇത് വിവാദമായെങ്കിലും പിന്നീടുള്ള കാലയളവിനുള്ളില്‍ സിഡ്‌കോ, കേരള റോഡ് സേഫ്റ്റി അതോറിട്ടി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, കേരഫെഡ്, കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്കെല്ലാം മാറ്റിമാറ്റി നിയമിച്ചു. ഇര്‍ഷാദിന്റെ സേവനം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ബാലസാഹ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇടതുസര്‍വിസ് സംഘടനയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സ്ഥലംമാറ്റത്തിന് മുഖ്യമന്ത്രിയും അംഗീകാരം നല്‍കുകയായിരുന്നു. കൊവിഡ് കാലത്ത് ആരെയും വിദൂരസ്ഥലങ്ങളിലേക്ക് മാറ്റരുതെന്ന പൊതു നിര്‍ദേശവും മറികടന്നാണ് ഇപ്പോഴത്തെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."