ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് ബാധ
ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി കൊവിഡ് ബാധ. ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനും ബൗളിങ് സ്‌പെഷ്യലിസ്റ്റ് ദയാനന്ദ് ഗറാനിക്കും രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര അടുത്ത മാസം നാലിന് തുടങ്ങാനിരിക്കെയാണ് ആശങ്കയായി രോഗബാധ ഉണ്ടായത്.
നേരത്തേ റിഷഭ് പന്തിന് തൊണ്ടവേദന അനുഭവപ്പെട്ടിരുന്നു. താരത്തിന് രോഗലക്ഷണം കണ്ടതോടെ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇതോടെയാണ് ഫലം പോസിറ്റീവായത്. നിലവില്‍ ലണ്ടനില്‍ ഐസൊലേഷനിലാണ് പന്ത്. പരമ്പരയ്ക്കു മുന്നോടിയായി കൗണ്ടി ഇലവനുമായി ഡര്‍ഹാമില്‍ നടക്കുന്ന സന്നാഹ മത്സരത്തില്‍ പന്ത് ഇറങ്ങില്ല. ഞായറാഴ്ച താരത്തെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും.
ഗറാനിക്ക് രോഗം സ്ഥിരീകരിച്ചതോടെ സഹപരിശീലകരായ മൂന്ന് പേരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇവരും ഡര്‍ഹാനിലേക്ക് തിരിക്കില്ല.
കഴിഞ്ഞയാഴ്ചയാണ് താരങ്ങള്‍ രണ്ടാം ഡോസ് വാക്‌സിനെടുത്തത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിട്ടും എങ്ങനെയാണ് പന്തിന് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല.
പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ 20 ദിവസത്തെ വിശ്രമത്തിലായിരുന്നു. ഈ സമയത്ത് കുടുംബത്തോടൊപ്പം താരങ്ങള്‍ അവധിക്കാലം ചെലവഴിക്കുകയും ചെയ്തു. ചില താരങ്ങള്‍ ലണ്ടനില്‍ തന്നെ താമസിച്ചപ്പോള്‍ ചിലര്‍ ഇന്ത്യയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ലണ്ടനില്‍ കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനബാഹുല്യമുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് ബി.സി.സി.ഐ വിലക്കി. എന്നാല്‍ ഇതു മറികടന്ന് ജൂണ്‍ 30ന് നടന്ന ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുള്ള യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ മത്സരം കാണാന്‍ റിഷഭ് സുഹൃത്തുക്കളോടൊപ്പമെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മത്സരം കാണാന്‍ പോയതാണ് രോഗത്തിന് കാരണമായതെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ചില താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാകിസ്താനെതിരായ മത്സരത്തില്‍ രണ്ടാം നിര ടീമിനെയാണ് ഇംഗ്ലണ്ട് ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."