പി.എഫ്.ഐ നിരോധനം: കാരണം കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കില്‍ അതിനൊപ്പം നില്ക്കുന്നു; ആര്.എസ്.എസിനും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചെന്നും എം.കെ മുനീര്‍
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍. ആര്.എസ്.എസും സമാന്തരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്നും രണ്ട് സംഘടനകള്‍ക്കും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചെന്നും എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഖുര്‍ആനെയും ഹദീസിനെയും ദുര്‍വാഖ്യാനം ചെയ്ത് കൊണ്ട് വാളെടുക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ്?- അദ്ദേഹം ചോദിച്ചു. കുട്ടികളെ കൊണ്ടുവരെ തീവ്രവാദ മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പിച്ച സംഘടനയാണ് പോപുലര്‍ ഫ്രണ്ട് എന്നും എം.കെ മുനീര്‍ പറഞ്ഞു.
നിരോധനം കൊണ്ട് തീരുന്ന പ്രശ്നമല്ല. കാരണം കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കില്‍ അതിനൊപ്പം നില്ക്കുന്നു. അവര്‍ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു. വേരോടെ പിഴുതെറിയണം. അല്ലെങ്കില്‍ അമീബയെ പോലെ പല രൂപത്തില്‍ തിരിച്ചു വരും- അദ്ദേഹം പറഞ്ഞു.
തീവ്രവാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."