ഇന്ന് ലോക പേവിഷബാധ ദിനം; സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷബാധയേറ്റ് മരിച്ചത് 21 പേര്‍
കോഴിക്കോട്: പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടൂകയും വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു പേവിഷബാധ ദിനം. ലോകത്ത് പേവിഷബാധ മൂലമുള്ള മരണങ്ങള്‍ 2030ഓടെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനാചരണം നടത്തി വരുന്നത്. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടുപിടിച്ച ലൂയിസ് പാസ്ചറുടെ ചരമദിനമായതിനാലാണ് സെപ്റ്റംബര്‍ 28 പേവിഷബാധ ദിനമായി ആചരിക്കുന്നത്. ഏകാരോഗ്യത്തിലൂടെ മരണങ്ങള്‍ പൂര്‍ണമായും തടയാം എന്ന പ്രമേയവുമായാണ് ഈ വര്‍ഷത്തെ പേവിഷബാധ ദിനം ആചരിക്കപ്പെടുന്നത്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പേവിഷബാധ അഥവാ റാബീസ്. അത് ഏത് മൃഗത്തില്‍ നിന്നും ആവാം. നേരിട്ട് കടിയേല്‍ക്കണമെന്ന് പോലുമില്ല. ഉമിനീരിലുടെയും മറ്റും രോഗാണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ രോഗം വരാവുന്നതാണ്. മൃഗങ്ങളുടെ കടിയേറ്റാല്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കടിയേറ്റാല്‍ ചെറിയ മുറിവാണെങ്കില്‍ പോലും അത് അവഗണിക്കാതെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി മുറിവ് കഴുകണം. എത്രയും വേഗം തന്നെ പേവിഷബാധക്കെതിരായ വാക്‌സിന്‍ എടുക്കാനും ശ്രദ്ധിക്കണം.
എന്നാല്‍ നമ്മുടെ നാട്ടില്‍ തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇത്തവണത്തെ പേവിഷബാധ ദിനം വരുന്നത്. സംസ്ഥാനത്ത് 2022 ല്‍ മാത്രം നായുടെ കടിയേറ്റ് 21 പേരാണ് മരിച്ചത്. റാബീസ് വാക്‌സിനും ഗുരുതരമായി കടിയേറ്റവര്‍ക്ക് നല്‍കുന്ന ഇമ്യൂണോ ഗ്ലോബലിനും എടുത്തിട്ടും മരണം സംഭവിക്കുന്നതിന്റെ ഭീതിയിലാണ് ജനങ്ങള്‍. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയാല്‍ പിന്നെ രോഗിയെ ഒരുതരത്തിലും രക്ഷിക്കാന്‍ കഴിയില്ലെന്നതാണ് ഈ രോഗത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നത്. തെരുവുനായുടെ കടിയേറ്റുള്ള മരണനിരക്ക് കൂടിയ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും തെരുവുനായ്ക്കളും എല്ലാ വളര്‍ത്തുമൃഗങ്ങളേയും വാക്‌സിനേറ്റ് ചെയ്യാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ നായകള്‍ മാത്രമല്ല പൂച്ചയുടെ ഉള്‍പ്പെടെ കടിയേറ്റ് ചികിത്സക്കെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. വാക്‌സിനെടുത്തിട്ടും ആളുകള്‍ മരിച്ച സംഭവത്തില്‍ വാക്സിനേഷന്‍ രീതികളുടെ പോരായ്മയാണോ കാരണം എന്നറിയാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ വിദഗ്ധ സമിതി പഠനം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."