ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഐ.പി സംവിധാനം തകര്‍ക്കാന്‍ ഡോക്ടര്‍മാരുടെ ശ്രമമെന്ന് ആരോപണം
ഫറോക്ക്: നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിച്ചു മാസം തികയും മുന്‍പെ എല്ലാം അവതാളത്തിലാക്കാന്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ശ്രമം. ജനങ്ങളും ജനപ്രതിനിധികളും എം.എല്‍.എയും കൈകോര്‍ത്ത് രോഗികള്‍ക്കു കിടത്തി ചികിത്സ ഒരുക്കിയപ്പോള്‍ ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യാതെ സര്‍ക്കാര്‍ ശമ്പളക്കാര്‍ തന്നെ ഐ.പി സംവിധാനത്തെ തകര്‍ക്കുകയാണ്.
ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ഡോക്ടര്‍മാരുടെ നിസഹകരണത്തെ തുടര്‍ന്ന് എങ്ങുമെത്താതെ അവസാനിച്ചു. ഉദ്യോഗസ്ഥരുടെ ഒന്നിച്ചുള്ള നിഷേധാത്മക നിലപാടില്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇക്കഴിഞ്ഞ ഒന്നിനാണ് ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിച്ചത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും യോഗം മുന്‍കൂട്ടി വിളിച്ചുചേര്‍ത്ത് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്നു പ്രത്യേക പാക്കേജ് ഉണ്ടാക്കിയാണ് ഐ.പി ബ്ലോക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാരില്‍ സമര്‍ദം ചെലുത്തി ഡോക്ടര്‍മാരുടെ കുറവു നികത്തുകയും നഴ്‌സുമാരെ പ്രത്യേകമായി നിയമിക്കുകയും തികയാത്ത ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ ജോലിക്കു നിര്‍ത്തുകയും ചെയ്താണു കിടത്തി ചികിത്സ ആരംഭിച്ചത്. നഗരസഭ, എം.എല്‍.എ, എച്ച്.എം.സി എന്നിവര്‍ കൂടിയാണ് ജീവനക്കാര്‍ക്ക് മാസ വേതനത്തിനുള്ള തുക കണ്ടെത്തിയത്. ഇത്രയൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഒരു മാസം പിന്നിടാറായപ്പോള്‍ കേവലം മൂന്നുരോഗികള്‍ക്കാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കിയത്. ഇതാണ് എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഞെട്ടിച്ചത്.
ആശുപത്രിയുടെ ഒ.പി സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് ഇന്നലെ മുഖ്യമായും യോഗം ചേര്‍ന്നത്. യോഗത്തില്‍ രാത്രിയില്‍ ആശുപത്രിയില്‍ തങ്ങിയുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ച വന്നതോടെ ഡോക്ടര്‍മാരും ജീവനക്കാരും ഒരേ സ്വരത്തില്‍ പലവിധ മുടന്തന്‍ ന്യായങ്ങളും സര്‍വിസ് നിയമങ്ങളും ചൂണ്ടിക്കാട്ടി തടസവാദം ഉന്നയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാദപ്രതിവാദത്തിനിടെ യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളോട് ചില ഡോക്ടര്‍മാര്‍ തട്ടിക്കയറി സംസാരിച്ചു. യോഗം നടന്നുകൊണ്ടിരിക്കെ തന്നെ ചില ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി ജനപ്രതിനിധികളെ അപമാനിക്കുകയായിരുന്നു.
ജനപ്രതിനിധികള്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് കിടത്തി ചികിത്സ ആരംഭിച്ചപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ടി ഈ സംവിധാനത്തെ തകിടം മറിക്കാനുളള ഗൂഢശ്രമമാണ് ഒരു വിഭാഗം ഡോക്ടര്‍മാരും ജീവനക്കാരും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ഐ.പി ബ്ലോക്ക് ആരംഭിച്ചു ഒരു മാസം പിന്നിടുമ്പോഴും രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാത്തതു ഡോക്ടര്‍മാരുടെ ഗൂഢാലോചനയാണു വെളിവാകുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റി സ്വകാര്യ പ്രാക്ടീസിനു പ്രാധാന്യം നല്‍കുന്ന ചില ഡോക്ടര്‍മാരുടെ ആസൂത്രിത നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."