നല്ലനേരത്തിന് ഇനിയും രണ്ട?ു നാഴിക ദൂരം!
സാദിഖ് ഫൈസി താനൂർ
സുസുൽത്വാൻ മുറാദ് രണ്ടാമൻ്റെ എഡൈനിലെ കൊട്ടാരത്തിലെത്തിയതായിരുന്നു സൂഫി പ്രമുഖൻ ഹാജി ബൈറാം വലി(1352-1430)യും ശിഷ്യൻ അക് ശംസുദ്ദീ(1389-1459)നും. പണ്ഡിതന്മാരെയും സൂഫികളെയും ഏറെ ആദരിച്ചിരുന്ന മുറാദ്, പല പ്രധാന കാര്യങ്ങളിലും തീരുമാനം കൈക്കൊണ്ടിരുന്നത് അവരുടെ അഭിപ്രായങ്ങൾ തേടിയ ശേഷമായിരുന്നു. റോമാ സാമ്രാജ്യത്തിൻ്റെ ആസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കാൻ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ പഠിക്കുകയാണ് സുൽത്വാൻ. അക്കാര്യംതന്നെയാണ്, പഞ്ചേന്ദ്രിയങ്ങൾക്കപ്പുറം ജ്ഞാനസിദ്ധിയുള്ള ഈ ആധ്യാത്മിക ജ്ഞാനികളോടും അദ്ദേഹം അന്വേഷിക്കുന്നത്. അതിന് ഗുരു ബൈറാം വലി നൽകിയ മറുപടി ഇങ്ങനെ: 'പ്രിയ സുൽത്വാൻ, കോൺസ്റ്റാൻ്റിനോപ്പിൽ കീഴടക്കാൻ താങ്കൾക്ക് സാധിക്കുകയില്ല. താങ്കളുടെ പുത്രൻ മുഹമ്മദിനാണ് അതിന് ഞാൻ സാധ്യത കാണുന്നത്...'
ഇതു കേട്ടപ്പോൾ മുറാദിന് സമാധാനമായി. എനിക്ക് സാധിച്ചില്ലെങ്കിലും പുത്രൻ മുഹമ്മദുൽ ഫാത്തിഹിന്, ആറു നൂറ്റാണ്ടിലേറെയായി മുസ്‌ലിംകൾ നെഞ്ചേറ്റുന്ന മഹത്തായ സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിക്കുമല്ലോ. മകനിലൂടെ അതു നടന്നുകാണാൻ മുറാദിനു ധൃതിയായി. ഈ അവസരം ഉപയോഗപ്പെടുത്തി തൻ്റെ അധികാരം മകനു കൈമാറി, സൂഫി ദർവേശുകളോടൊപ്പം എല്ലാം ത്യജിച്ചു നാടുവിടാൻ സുൽത്വാൻ തീരുമാനിച്ചു.
പക്ഷേ, ആ സമയത്ത് മുഹമ്മദിന് വെറും പതിനാല് വയസ് മാത്രമായിരുന്നു പ്രായം. എന്നിട്ടും പുത്രനെ അധികാരമേൽപ്പിച്ച് മുറാദ് നാടുവിട്ടു. ഇത് മണത്തറിഞ്ഞ ശത്രുക്കൾ സടകുടഞ്ഞെഴുന്നേറ്റു. 1443ൽ സുൽത്വാൻ മുറാദും ഹങ്കറി രാജാവും തമ്മിൽ ഉണ്ടാക്കിയ സമാധാനക്കരാർ, ഏകപക്ഷീയമായി ഹങ്കറി തള്ളിക്കളഞ്ഞു. സുൽത്വാൻ ഖുർആനും ഹങ്കറി രാജാവ് ബൈബിളും തൊട്ട് സത്യം ചെയ്തുണ്ടാക്കിയ കരാറായിരുന്നു അത്. എന്നിട്ടും ഹങ്കറിയോടൊപ്പം വെനീസും യൂജിൻ നാലാമൻ മാർപ്പാപ്പ(1383-1447)യും സഹകരിച്ചു കുരിശുസേനയുണ്ടാക്കി മുസ്‌ലിംകളെ യൂറോപ്പിൽനിന്ന് തുരത്തിയോടിക്കാൻ തീരുമാനിച്ചു.
തൻ്റെ പ്രായക്കുറവ് മുതലെടുത്ത് പ്രശ്നമുണ്ടാക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ മുഹമ്മദ്, പിതാവിനോട് തിരിച്ചുവന്ന് അധികാരമേറ്റെടുക്കണമെന്ന് അഭ്യർഥിച്ചു. ഇൗ അഭ്യർഥനയുമായി ചെന്ന ദൂതനെ, അധികാരത്തിൽ ഒരു താൽപര്യവുമില്ലെന്നും ആരാധനയിൽ കഴിഞ്ഞുകൂടുകയാണെന്നും പറഞ്ഞു മുറാദ് മടക്കിവിട്ടു. പക്ഷേ, മുഹമ്മദ് അടങ്ങിയിരുന്നില്ല. പിതാവിൻ്റെ അസാന്നിധ്യം കൂടുതൽ അപകടകരമാണെന്നു മനസിലാക്കി, മുറാദിന് ഒരു കത്തെഴുതി. അതിങ്ങനെ: 'ഈ നാടിൻ്റെ സുൽത്വാൻ നിങ്ങളാണെങ്കിൽ, ഉടനെ തിരിച്ചെത്തി സൈന്യത്തെ നയിക്കുക. ഞാനാണ് സുൽത്വാനെങ്കിൽ, ഞാനിതാ ഉത്തരവിടുന്നു; താങ്കൾ വന്നു എൻ്റെ സൈന്യത്തെ നയിക്കുക'. മുഹമ്മദിൻ്റെ ഈ ഇടപെടൽ തള്ളിക്കളയാൻ മുറാദിനു കഴിഞ്ഞില്ല. അദ്ദേഹം വന്നു അധികാരമേറ്റെടുത്ത് സൈന്യത്തെ നയിച്ചു.
1444 നവംബർ 10ന് ബൾഗേറിയയിലെ വർനയിൽവച്ചു കുരിശു സേനയെ തുരത്തിയോടിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ, പുത്രനെ ഭരണമേൽപ്പിച്ച് അദ്ദേഹം പരിത്യാഗിയായി ഇറങ്ങി. അപ്പോഴും പല പ്രശ്നങ്ങൾ കാരണം തിരിച്ചുവന്ന് അധികാരമേൽക്കാൻ അദ്ദേഹം നിർബന്ധിതനായി. അക്കാരണത്താൽ പുത്രൻ മുഹമ്മദ് കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കുന്ന ചരിത്ര സംഭവം കാണാൻ മുറാദിനു സാധിച്ചില്ല. അതിൻ്റെ ശരിയായ മുഹൂർത്തത്തിന് രണ്ടുനാഴിക ബാക്കിയുണ്ടായിരുന്നു. പിതാവ് മരണപ്പെട്ടു രണ്ടുവർഷം പൂർത്തിയായപ്പോൾ ആ മുഹൂർത്തം വന്നെത്തി. 1453 മെയ് 29ന് സുൽത്വാൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കി.
ഗുരുവിന് വിവരം മാത്രം മതിയോ?
മകൻ മുഹമ്മദിൻ്റെ കാര്യത്തിൽ ഏറെ സങ്കടപ്പെട്ട് ഇരിക്കുകയാണ് സുൽത്വാൻ മുറാദ് രണ്ടാമൻ. മകൻ്റെ മതവിദ്യാഭ്യാസത്തിന് പ്രഗത്ഭരായ നിരവധി ഉസ്താദുമാരെ ചുമതലപ്പെടുത്തി. എന്നിട്ടും മകൻ പഠിക്കുന്നില്ല. പഠനത്തിൽ ഒരു താൽപര്യവും കാണിക്കുന്നില്ല; ഞാൻ സുൽത്വാൻ്റെ പുത്രനാണെന്ന ഗർവിലാണ്. എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ഉസ്താദുമാർ കുഴങ്ങി.
ആ സമയത്താണ് സുൽത്വാനെ കാണാൻ ശൈഖ് മുല്ലാ മുഹമ്മദ് യകാൻ വരുന്നത്. ജ്ഞാനിയും സൂഫിയുമായ മുല്ലാ യകാൻ ഈജിപ്തും ഹിജാസും സന്ദർശിച്ച് മടങ്ങിവരികയാണ്. 'എനിക്ക് യാത്രാ സമ്മാനമൊന്നുമില്ലേ?' മുല്ലയെ കണ്ടപ്പോൾ സുൽത്വാൻ തമാശരൂപേണ ചോദിച്ചു.
'ഉണ്ടല്ലോ. നിങ്ങൾക്ക് ഞാൻ നല്ലൊരു സമ്മാനം ഈജിപ്തിൽനിന്നു കൊണ്ടുവന്നിട്ടുണ്ട്'- ഇതും പറഞ്ഞു മുല്ലാ യകാൻ കൊട്ടാരത്തിനു പുറത്തുനിൽക്കുന്ന അഹ്മദുൽ ഗൂറാനി(1406-1488)യെ അകത്തേക്ക് വിളിച്ചു. എന്നിട്ട് സുൽത്വാനോടു പറഞ്ഞു: 'ഇതാണ് എൻ്റെ സമ്മാനം. ഇദ്ദേഹം തഫ്സീറിലും ഹദീസിലും ഫിഖ്ഹിലും കഴിവുതെളിയിച്ച ജ്ഞാനിയാണ്. കുർദിസ്ഥാൻകാരനായ ഇദ്ദേഹം ബഗ്ദാദിലും ഡമസ്കസിലും കൈറോയിലുമെല്ലാം പഠിച്ചയാളാണ്. കൈറോയിൽനിന്ന് വരുമ്പോൾ ആത്മീയശിക്ഷണ- സഹവാസത്തിൻ്റെ ഭാഗമായി എൻ്റെ കൂടെക്കൂടിയതാണ്. താങ്കളുടെ പുത്രൻ മുഹമ്മദിനെ പഠിപ്പിക്കാൻ ഇയാളെ പറ്റും!'
സുൽത്വാന് സന്തോഷമായി. മകനെ അഹ്മദുൽ ഗൂറാനിയെ ഏൽപ്പിച്ചു. അദ്ദേഹം ക്ലാസ് ആരംഭിച്ചു. പക്ഷേ, മുഹമ്മദ് പഴയ സ്വഭാവത്തിൽതന്നെ. രാജകുമാരനാണെന്ന ഭാവത്തിന് മാറ്റമില്ല. ക്ലാസിൽ ഒരു ശ്രദ്ധയുമില്ല. അവൻ്റെ ശ്രദ്ധ ക്ലാസിലേക്കു തിരിക്കാൻ ഗൂറാനി പലവട്ടം ശ്രമിച്ചു. എന്നിട്ടും നടന്നില്ല. അറിവിനോടുള്ള ഈ അവഗണനയും മനോഭാവവും കണ്ടപ്പോൾ മുല്ലാ ഗൂറാനിക്ക് സഹിച്ചില്ല. മുന്നിൽ ഇരിക്കുന്നത് രാജകുമാരനാണെന്ന് അദ്ദേഹം നോക്കിയില്ല. തൊട്ടടുത്തുള്ള വടിയെടുത്തു, ഇൽമിനെ അവഗണിച്ചവനെ തല്ലി. മുഹമ്മദ് വാവിട്ടു കരഞ്ഞു. അടിയുടെ പാടുകൾ രാജകുമാരൻ്റെ ശരീരത്തിൽ നന്നായി പതിഞ്ഞു.
പക്ഷേ, അതോടെ മുഹമ്മദ് ആകെ മാറി. ക്ലാസ് ശ്രദ്ധിക്കാൻ തുടങ്ങി. ഖുർആനും ഹദീസും ഫിഖ്ഹുമെല്ലാം പഠിക്കാൻ തുടങ്ങി. പിതാവ് മുറാദിന് സമാധാനമായി. ഈ വിദ്യാർഥിയാണ് പിൽക്കാലത്ത് മുസ് ലിം ഉമ്മത്തിൻ്റെ എക്കാലത്തെയും അഭിമാനമായി മാറിയ സുൽത്വാൻ മുഹമ്മദുൽ ഫാതിഹ്(1432-1481). കോൺസ്റ്റാൻ്റിനോപ്പിളിൽ ഇസ്‌ലാമിൻ്റെ പതാക പറക്കണമെന്ന സ്വപ്നം മുഹമ്മദുൽ ഫാതിഹിൽ മൊട്ടിട്ടു തുടങ്ങിയത് ഗൂറാനിയുടെ ക്ലാസുകളിൽവച്ചാണ്.
മുഹമ്മദുൽ ഫാതിഹ് അധികാരത്തിലേറിയപ്പോൾ, ഗുരു മുല്ലാ ഗൂറാനിയെ തൻ്റെ മന്ത്രിയാക്കാൻ ശ്രമിച്ചു. പക്ഷേ, ജ്ഞാനത്തെ മാത്രം സ്നേഹിച്ച ആ ഗുരു അധികാരം സ്വീകരിച്ചില്ല. സുൽത്വാനു മുന്നിൽ ഒരിക്കൽപോലും എഴുന്നേറ്റു നിന്നില്ല. ഒരിക്കൽ ശരീഅത്തിനു വിരുദ്ധമായ ഉത്തരവ് സുൽത്വാൻ പുറപ്പെടുവിച്ചത് കൈയിൽ കിട്ടിയപ്പോൾ, ഒരു സങ്കോചവുമില്ലാതെ അത് കഷ്ണങ്ങളാക്കി നശിപ്പിക്കാൻ ധൈര്യം കാണിച്ചു. ഭരണത്തിൻ്റെ നൂലാമാലകളിൽ നിന്നൊഴിഞ്ഞു 'ഗായത്തുൽ അമാനി' എന്ന ഖുർആൻ വ്യാഖ്യാനവും 'അൽ കൗസറുൽ ജാരീ' എന്ന ബുഖാരി വ്യാഖ്യാനവും ഉൾപ്പടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച് അദ്ദേഹം ശിഷ്ട ജീവിതകാലം കഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."