അന്തസുകെട്ട പകപോക്കൽ
സോളാര്‍ കേസിന്റെ പേരില്‍ വ്യക്തിജീവിതത്തില്‍ താന്‍ നേരിട്ട അഗ്നിപരീക്ഷയില്‍ അന്തിമവിജയം നേടിത്തന്നെയാണ് ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വിടവാങ്ങിയത്. രോഗ ചികിത്സയ്ക്കിടെയുള്ള അവസാന നാളുകളില്‍ നല്ല വാര്‍ത്തകളായിരുന്നു ഉമ്മന്‍ ചാണ്ടിയെ തേടിവന്നിരുന്നത്. കേരള പൊലിസും ക്രൈംബ്രാഞ്ചും ജുഡീഷ്യല്‍ കമ്മിഷനും ഒടുവില്‍ സി.ബി.ഐയും അദ്ദേഹം കുറ്റക്കാരനല്ലെന്ന ക്ലീന്‍ ചിറ്റ് നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ പേര് സോളാര്‍ പരാതിക്കാരിയുടെ പീഡനപരാതിയില്‍ പിന്നീട് ആരോ ചേര്‍ക്കുകയായിരുന്നുവെന്ന സി.ബി.ഐ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളീയ മനസ്സക്ഷിയെയാണ് ഞെട്ടിക്കുന്നത്.
കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്ന് കെ.ബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജും വെളിപ്പെടുത്തിയതോടെ തലകുനിഞ്ഞിരിക്കുന്നത് രാഷ്ട്രീയ കേരളത്തിന്റേതാണ്.
എന്നാല്‍ സോളാര്‍ കേസിന്റെ പേരില്‍ സകല മര്യാദകളും ലംഘിക്കുന്ന, രാഷ്ട്രീയധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഇടപെടലുകളും ഗൂഢാലോചനകളും നടന്നോ എന്നറിയാനുള്ള അവകാശം ഓരോ മലയാളിക്കുമുണ്ട്. അതിനാല്‍ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെയും വസ്തുത എന്തെന്നറിയാന്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുക തന്നെയാണ് വേണ്ടത്.
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതുകൊണ്ടോ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗംകൊണ്ടോ പ്രതിപക്ഷത്തെപ്പോലെ തൃപ്തരായിരിക്കില്ല പൊതുജനം.
2013ല്‍ സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയുമ്പോഴാണ് പരാതിക്കാരി പലരുടെയും പേരുകള്‍ ചേര്‍ത്ത് പരാതിക്കത്ത് എഴുതിയത്. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ആദ്യം ഉണ്ടായിരുന്നില്ല. പരാതിക്കാരിയുടെ സഹായി മുഖേന ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ഇതൊക്കെ വസ്തുതയാണെങ്കില്‍ സോളാര്‍ കേസിന്റെ പിന്നാമ്പുറങ്ങളില്‍ അറപ്പുളവാക്കുന്ന പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ബഹിര്‍സ്ഫുരണങ്ങളുണ്ടായി എന്നത് ആശങ്കപ്പെടുത്തുന്നതാണ്.
കേരളത്തില്‍ ഇതിനു മുമ്പ് സി.പി.എം അധികാരത്തില്‍ വന്നപ്പോഴുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലൊക്കെ മുഖ്യമായും ഇടം പിടിച്ചത് നാട്ടിനെ നടുക്കുകയും വിവാദത്തിലാവുകയും ചെയ്ത ചില പീഡനകേസുകളായിരുന്നുവെന്നത് രാഷ്ട്രീയ ചരിത്രമാണ്. തങ്കമണി, കീഴ്മാട്, സൂര്യനെല്ലി കേസുകളൊക്കെ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായും ചര്‍ച്ച ചെയ്തതായിരുന്നു. ഇതിന്റെ ഗുണം സി.പി.എമ്മിന് അക്കാലങ്ങളിലൊക്കെ ലഭിക്കുകയും ചെയ്തു. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ വരവിന് അടിത്തറയിട്ടത് ഗൂഢാലോചനയില്‍നിന്ന് ഉണ്ടായ പീഡനപരാതിയാണോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പരാമര്‍ശിക്കപ്പെടുന്നതു തന്നെയാണ് സമഗ്ര അന്വേഷണത്തിന്റെ പ്രസക്തി കൂട്ടുന്നതും.
സോളാര്‍ കേസിന്റെ അന്വേഷണ ഘട്ടങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയപ്പോള്‍ പല മാധ്യമങ്ങളും അതിന് അറിഞ്ഞോ അറിയാതെയോ കുട പിടിച്ചു. സര്‍വ മാധ്യമമര്യാദകളും ധാര്‍മികതയും ലംഘിച്ചായിരുന്നു സോളാര്‍ കേസിന്റെ വിശേഷങ്ങള്‍ പല ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത്. ഉമ്മന്‍ ചാണ്ടിയെ കേസില്‍ ഉള്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇൗ മാധ്യമങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.
ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ അഞ്ചു കോടി പ്രതിഫലം പറ്റിയാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ റിപ്പോര്‍ട്ട് എഴുതിയതെന്ന് സി.പി.ഐ നേതാവ് കൂടിയായ സി. ദിവാകരൻ ഒരു പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. മുന്‍വിധിയോടെയുള്ള പെരുമാറ്റമാണ് കമ്മിഷനില്‍ നിന്നുമുണ്ടായതെന്ന മുന്‍ ഡി.ജി.പിയുടെ വിമര്‍ശനം ഇതിനു പിന്നാലെ വന്നു. ഏതു രാഷ്ട്രീയ നേതാവിനെതിരേയും കെട്ടിച്ചമച്ചുണ്ടാക്കുന്ന ആരോപണത്തിന്‍മേല്‍ അന്വേഷണം നടത്തി സാധൂകരിക്കുന്ന റിപ്പോര്‍ട്ടുണ്ടാക്കാനാവുമെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ഒമ്പതു വര്‍ഷം യു.ഡി.എഫിനെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ വിവാദമായിരുന്നു സോളാര്‍ കേസ്. പരാതിക്കാരിയുടെ മാത്രം മൊഴി പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് സി.ബി.ഐക്ക് വിട്ട ഒന്നാം പിണറായി സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. നാലു വര്‍ഷത്തിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ എല്‍.ഡി.എഫായി ഭരണത്തില്‍. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് കൈമാറിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് കേസിലെ ലൈംഗികാരോപണങ്ങള്‍ മാത്രം അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പ്പിച്ചത്. ഇതിനു മുമ്പുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. വേങ്ങര ഉപതെരഞ്ഞെടുപ്പു പ്രചാരണ സമയത്തായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരേ ആദ്യ അന്വേഷണ ഉത്തരവ്. ഇതെല്ലാം വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പു പോരാട്ടത്തിനുള്ള ആയുധമായി സോളാറിലെ ലൈംഗികതയെ എല്‍.ഡി.എഫും സി.പി.എമ്മും കണ്ടിരുന്നുവെന്നാണ്.
പുതിയ അന്വേഷണ റിപ്പോര്‍ട്ടും വെളിപ്പെടുത്തലുകളും വരുമ്പോള്‍ കേസ് ഡയറികളിലെ വരികള്‍ നിരത്തിയുള്ള മുഖ്യമന്ത്രിയുടെ മറുപടിയല്ല ജനം പ്രതീക്ഷിക്കുന്നത്. ആരോപണങ്ങളില്‍ എവിടെയെങ്കിലും വസ്തുതയുടെ കണികയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരികയാണ്. ഉമ്മന്‍ ചാണ്ടിയെന്ന വികാരം കേരളത്തിന്റെ മനസില്‍ എത്ര ആഴത്തില്‍ വേരാഴ്ത്തിയെന്നതിന്റെ നേര്‍സാക്ഷ്യമാണ് പുതുപ്പള്ളി വരെ നീണ്ട വിലാപയാത്രയിലെ ജനസാഗരവും ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍ നേടിയ ഭൂരിപക്ഷവും. ഉമ്മന്‍ ചാണ്ടിയെന്ന വികാരത്തെ ആരെങ്കിലും മുറിവേല്‍പ്പിച്ചുവെങ്കില്‍ അവര്‍ വിചാരണ ചെയ്യപ്പെടുക എന്നത് സത്യ ധർമ നീതികളുടെ നിലനിൽപ്പിനുതന്നെ അത്യാവശ്യമാണ്.
Content Highlights:editorial about solar case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."