ആത്മ സംതൃപ്‌തിയോടെ ഹാജിമാർ മിനയോട് വിടപറഞ്ഞു: സമ്പൂർണ്ണ വിജയാഹ്ളാദത്തിൽ സഊദി ഭരണകൂടം
മക്ക: ത്യഗോജ്ജ്വലമായ സ്‌മരണ പുതുക്കി ഈ വർഷത്തെ ഹജ്ജിനു സമാപനമായി. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അറുപതിനായിരം ഹാജിമാർ കർമ്മങ്ങൾ പൂർത്തീകരിച്ച് വിടവാങ്ങൽ ത്വവാഫും പൂർത്തീകരിച്ച് ഈ വർഷത്തെ ഹജ്ജിൽ നിന്നും കറകളഞ്ഞ മനസ്സോടെ വിടവാങ്ങി. കൂടിച്ചേരലുകൾ ഇല്ലാതെ ഹജ്ജ് കർമ്മങ്ങൾ പൂർണ്ണമായും കൊവിഡ് പ്രോട്ടോകോൾ പ്രകാരം പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് കടഞ്ഞെടുത്ത പരിശുദ്ധിയോടെ ഹാജിമാർ മിനാ താഴ്വാരം പടിയിറങ്ങിയത്. ജംറകളിലെ അവസാന കല്ലേറ് കർമ്മം പൂർത്തീകരിച്ച ശേഷമാണ് തീർത്ഥാടകർ മിനായിൽ നിന്നും വിടവാങ്ങിയത്.
അതേസമയം, ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർണ്ണമായും സമാധാന പരമായി പരിസവസാനിച്ചതിന്റെ സന്തോഷത്തിലാണ് സഊദി ഭരണകൂടം. മുൻ വർഷങ്ങളിൽ ലക്ഷോപലക്ഷം തീർത്ഥാടകർ എത്തിയിരുന്ന സ്ഥാനത്ത് ഇത് തുടർച്ചയായ രണ്ടാം വർഷമാണ് വളരെ കുറഞ്ഞ ഹാജിമാരുമായി ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ചത്. എങ്കിലും ലോകത്തെ പിടിച്ചുലച്ച കൊവിഡ് മഹാമാരിക്കിടെ ഹജ്ജ് കർമ്മങ്ങൾ സുഗമമായി നടത്തിയത് മുസ്‌ലിം ലോകത്തെ ഏറെ ആഹ്ളാദിപ്പിക്കുന്നതാണ്.
സഊദിയിൽ നിന്ന് 150 ഓളം രാജ്യക്കാരിൽ നിന്ന് തിരഞ്ഞെടുത്ത ഹാജിമാരെ ഉൾപ്പെടുത്തി യാതൊരു പ്രയാസവും കൂടാതെ മുഴുവൻ കർമ്മങ്ങളും സുഗമമായി നടത്താൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയവും മക്ക അതോറിറ്റിയും ഇരു ഹറം കാര്യാലയങ്ങളും. വൈറസ് ബാധ ഭീഷണി നില നിൽക്കുന്നതിനാൽ ഹാജിമാർക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ സ്വീകരിക്കുന്നതിനായി സകല അടിയന്തിര സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിരുന്നു. എന്നാൽ, ഒരു ഹാജിക്ക് പോലും യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാക്കാത്ത രീതിയിലാണ് ഹജ്ജ് സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."