ഗുജറാത്തും ഹിമാചലും ബി.ജെ.പി നിലനിർത്തുമെന്ന് സർവേ
ന്യൂഡൽഹി • ഗുജറാത്തിലും ഹിമാചൽപ്രദേശിലും ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് പ്രവചനം. എ.ബി.പി – സിവോട്ടർ സർവേയാണ് ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും ബി.ജെ.പി വിജയം പ്രവചിച്ചത്. ഗുജറാത്തിലെ 182 അംഗ നിയമസഭയിൽ 135 മുതൽ 143 വരെ സീറ്റുകൾ ബി.ജെ.പി നേടുമെന്നാണ് സർവേയിൽ പറയുന്നത്. 36 – 44 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് പറയുന്ന സർവേ, സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമാവുമെന്ന് കരുതുന്ന ആംആദ്മി പാർട്ടിക്ക് രണ്ട് സീറ്റുകൾ മാത്രം ലഭിക്കുമെന്നാണ് പ്രവചിച്ചത്.
ആംആദ്മി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിൽ തങ്ങുന്ന സമയത്ത് തന്നെയാണ് ഫലം പുറത്തുവരുന്നത്. ബി.ജെ.പിക്കും കോൺഗ്രസിനും വോട്ടു വിഹിതം കുറയുമെന്നും ആംആദ്മിക്ക് കൂടുമെന്നും സർവേയിലുണ്ട്. 46.8 ശതമാനം വോട്ടുകളായിരിക്കും ബി.ജെ.പിക്ക് ലഭിക്കുക. 2017ൽ 49.1 ശതമാനമാണ് ലഭിച്ചത്. 1995 മുതൽ തുടർച്ചയായി ആറാംതവണയാണ് സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലിരിക്കുന്നത്. 68 അംഗ ഹിമാചൽ നിയമസഭയിൽ 37-48 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നും സർവേയിൽ പറയുന്നു. കോൺഗ്രസിന് 21 – 29 സീറ്റുകളും ലഭിക്കും. ബി.ജെ.പിക്ക് 48.8 ശതമാനത്തിൽ നിന്ന് 45.2 ആയും കോൺഗ്രസിന് 41.7ൽ നിന്ന് 33.9 ശതമാനമായും വോട്ടു വിഹിതം കുറയും. ഇവിടെ എ.എ.പിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സർവേ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."