ഇവരെ കണ്ടവരുണ്ടോ? ;എട്ട് മാസത്തിനിടെ കേരളത്തില്‍ കാണാതായവരെക്കുറിച്ച് രജിസ്റ്റര്‍ ചെയ്തത് 7408 കേസുകള്‍
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം • എട്ട് മാസത്തിനിടെ കേരളത്തിൽ കാണാതായവരെക്കുറിച്ച് രജിസ്റ്റർ ചെയ്തത് 7408 കേസുകൾ. 2022 ജനുവരി മുതൽ ഓഗസ്റ്റ് വരേ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 7408 പേരെയാണ് കാണാനില്ലെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം 9713 പേരെയാണ് കാണാതായത്. 2020ൽ 8742 പേരേയും, 2019ൽ 12802 പേരേയും കാണാതായി. 2018ൽ ഇത് 11536,ആണെങ്കിൽ 2017ൽ 9202ഉം ,2016ൽ 7435 പേരേയുമാണ് കാണാതായത്.
പ്രണയത്തെ തുടർന്ന് ഒളിച്ചോടിയവർ, മുന്നറിയിപ്പില്ലാതെ തൊഴിൽ തേടിപ്പോകുന്നവർ, മാനസിക വിഭ്രാന്തി മൂലം വീട് വിട്ടിറങ്ങുന്നവർ, വിവാഹ പ്രലോഭനങ്ങളിൽ വഴങ്ങി നാടുവിടുന്നവരടക്കം ഇവരിൽ ഉൾപ്പെടുന്നു. മുതിർന്നവർ മുതൽ കുട്ടികൾ വരേ കാണതായവരുടെ പട്ടികയിലുണ്ട്. ബന്ധുക്കളുടെ പരാതിയിലും, വിവിധ സ്ഥാപനങ്ങളുടെ പരാതിയിലുമാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായപ്പോൾ നിയമസഭയിൽ വ്യക്തമാക്കിയത് സംസ്ഥാനത്തുനിന്ന് കാണാതായത് 4,900 സ്ത്രീകളെയും കൗമാരക്കാരായ പെൺകുട്ടികളെയുമാണെന്നായിരുന്നു. മറ്റൊരു കണക്കുകൂടി അദ്ദേഹം വെളിപ്പെടുത്തി. കാണാതായവരിലെ പെൺകുട്ടികളിലെ 300 ഒാളം പേരെ തിരികെകിട്ടിയത് അജ്ഞാത മൃതദേഹങ്ങളായിട്ടായിരുന്നുവെന്ന്. വീടുവിട്ടിറങ്ങുന്നവരിൽ വലിയൊരുവിഭാഗവും എത്തിപ്പെടുന്നത് ചതിക്കുഴികളിലാണെന്നതിന്റെ സൂചനകൂടിയാണിത് നൽകിയത്.
അതേ സമയം കേസുകൾ കൂടുതൽ മലബാർ മേഖലയിലാണ്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ ജൂലൈ വരേ മാത്രം കാണാതായവരുടെ എണ്ണം 334 ആണ്. കോഴിക്കോട് റൂറൽ ഏരിയയിൽ മാത്രം 279 പേരേയും കാണാതായിട്ടുണ്ട്. മാൻ മിസിംങ് കേസുകളിൽ ചിലത് അസ്വാഭാവിക മരണത്തിൽ കലാശിക്കാറുണ്ട്. തട്ടിക്കൊണ്ടു പോകൽ കേസുകളായും അന്വേഷണത്തിൽ കണ്ടെത്താറുണ്ടന്ന് പൊലിസ് പറയുന്നു.
കേസ് രജിസ്റ്റർ ചെയ്യുന്നതോടെ എല്ലാ സ്റ്റേഷനുകളിലും ഫോട്ടോ അടക്കം കൈമാറുകയും സോഷ്യൽമീഡിയിൽ പ്രചരിപ്പിക്കുകയും ചെയ്താണ് പൊലിസ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."