കുരുന്നുകളുടെ ധീരതയ്ക്ക് അനുമോദന പ്രവാഹം
ചെറുവത്തൂര്‍: കാരിയിലെ കുളത്തില്‍ മുങ്ങിത്താഴ്ന്ന നാലാം ക്ലാസുകാരന്‍ ഹേമന്തിനെ ജീവന്‍പണയം വച്ചു രക്ഷപ്പെടുത്തിയ കുരുന്നുകളുടെ ധീരതയ്ക്ക് അനുമോദന പ്രവാഹം.
സുപ്രഭാതത്തിലൂടെയാണ് അച്ചാംതുരുത്തി എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ ആകാശ്, അക്ഷയ്, ജിതിന്‍ ബാബു എന്നിവരുടെ ധീരത പുറം ലോകമറിഞ്ഞത്. ബുധനാഴ്ച രാവിലെ മുതല്‍ കുട്ടികളെ നിരവധി പേര്‍ അഭിനന്ദിച്ചു. സ്‌കൂളില്‍ പ്രത്യേകം അസംബ്ലി ചേര്‍ന്ന് മൂന്നുപേരെയും അഭിനന്ദിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.എം സദാനന്ദന്‍ സമ്മാനങ്ങളുമായി കുട്ടികളെ അഭിനന്ദിക്കാന്‍ വിദ്യാലയത്തിലെത്തി.
കഴിഞ്ഞ ദിവസമാണ് കാരി പള്ളിക്കണ്ടത്തെ ഹേമന്ത് കുളത്തില്‍ മുങ്ങിതാഴ്ന്നത്. ഹേമന്തിന്റെ കൂടെയുണ്ടായിരുന്ന ആരോമലിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അഞ്ചാം ക്ലാസുകാരന്‍ ആകാശ്, ആറാംക്ലാസുകാരന്‍ അക്ഷയ്, ഏഴാം ക്ലാസിലെ ജിതിന്‍ ബാബു എന്നിവര്‍ തങ്ങളുടെ ജീവന്‍ പണയം വച്ച് കുളത്തിലേക്ക് എടുത്തു ചാടി ഹേമന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കുളത്തില്‍ നിന്നും പുറത്തെടുത്തയുടന്‍ ഹേമന്തിന് കൃത്രിമശ്വാസവും, പ്രാഥമിക ചികിത്സയും നല്‍കാന്‍ കുട്ടികള്‍ അവസരോചിതമായി ഇടപെടുകയും ചെയ്തു. സി.പി.എം തുരുത്തി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ''നമ്മളൊന്ന് '' സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായും രക്ഷകരായ കുട്ടികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉപഹാരം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."