തവണ മുടങ്ങാനും പാടില്ല, ലാപ്‌ടോപ് പ്രവര്‍ത്തിക്കുന്നുമില്ല: കോകോണിക്‌സ് വാങ്ങിച്ച് കുടത്തില്‍ തലയിട്ട നായയുടെ അവസ്ഥ പോലെയായെന്ന് വിദ്യാര്‍ഥി
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് എന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോകോണിക്‌സ് അവതരിപ്പിച്ചത്. എന്നാല്‍, ഈ ലാപ്‌ടോപിനെക്കുറിച്ച് വ്യാപകമായ പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്.
ഷമീം ആയങ്കളം എന്ന വിദ്യാര്‍ഥി താന്‍ വഞ്ചിക്കപ്പെട്ട കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതിയെ ആശ്രയിച്ചതെന്നും എന്നാലിപ്പോള്‍ തവണ മുടങ്ങാനും പാടില്ല, ലാപ്‌ടോപ് ഉപയോഗിക്കാനും സാധിക്കുന്നില്ല എന്ന അവസ്ഥയിലാണ് താനെന്ന് ഷമീം പറയുന്നു.
ഷമീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഡിഗ്രി അവസാനം വര്‍ഷം ഓണ്‍ലൈനിലൂടെ തള്ളി നീക്കുമ്പോഴാണ് സര്‍ക്കാരിന്റെ കുടുംബ ശ്രീ മുഖാന്തരമുള്ള ലാപ്‌ടോപ് പദ്ധതിയായ വിദ്യാശ്രീയെ കുറിച്ച് അറിയുന്നത്. വിദ്യാര്‍ത്ഥി ആയതിനാല്‍ കാര്യമായ വരുമാനം ഒന്നുമില്ല എങ്കില്‍ പോലും ഫോണിലെ ചെറിയ സ്‌ക്രീനില്‍ മണിക്കൂറുകള്‍ നോക്കിയിരിക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയും കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓര്‍ത്തപ്പോള്‍ കുടുംബശ്രീയിലെ ചേച്ചി മുഖേനെ ഫോം വാങ്ങി ലാപ്‌ടോപ്പിന് അപേക്ഷിച്ചു
500 രൂപ മാസ തവണയില്‍ മൂന്നാം മാസം ലാപ്‌ടോപ് ലഭ്യമാക്കും എന്നാണ് അറിയിച്ചത്. ചിട്ടിയില്‍ ചേര്‍ന്ന് മാസം മൂന്നും അഞ്ചും കഴിഞ്ഞിട്ടും ലാപ്‌ടോപ് കിട്ടിയില്ല... എങ്കിലും പ്രതീക്ഷ കൈ വിടാതെ തവണകള്‍ അടച്ച് കൊണ്ടിരുന്നു
മാസങ്ങള്‍ക്ക് ശേഷം ലാപ്‌ടോപ് വാങ്ങിക്കാന്‍ കുറ്റിപ്പുറം KSFE യിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി പറ്റിക്കപ്പെട്ടത് അറിയുന്നത്... മുന്‍പ് അപേക്ഷകരോട് ലാപ്‌ടോപ് കമ്പനി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ തിരഞ്ഞെടുത്തത് H.P ആയതിനാല്‍ അതും പ്രതീക്ഷിച്ച് പോയ എന്നെ കാത്തിരുന്നത് ഈ ഫോട്ടോയില്‍ കാണുന്ന കോകോണിക്‌സ് എന്ന അധികം കേട്ട് കേള്‍വി പോലുമില്ലാത്ത കമ്പനിയായിരുന്നു. വേറെ നിവൃത്തി ഒന്നുമില്ലാത്തതിനാല്‍ കൈപറ്റേണ്ടി വന്നു.
ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലെത്തി കാര്യങ്ങള്‍ ഒക്കെ നോക്കി വെച്ച് പിറ്റേന്ന് ക്ലാസ്സ് കേള്‍ക്കാന്‍ ഗൂഗിള്‍ മീറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ആള് 'ഡിം' ചാര്‍ജും കയറുന്നില്ല, ഓണ്‍ ആവുന്നുമില്ല
KSFE ഓഫീസില്‍ അറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നും കമ്പനിയെ അറിയിക്കാനും പറഞ്ഞ് അവര്‍ കൈ ഒഴിഞ്ഞു. കമ്പനിയില്‍ വിളിച്ച് കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ റീപ്ലേസ് ചെയ്ത് തരാമെന്നും കുറ്റിപ്പുറം ബ്രാഞ്ചിലേക്ക് എത്താനും പറഞ്ഞു. അവിടെ പോയി കംപ്ലൈന്റ് ആയ ലാപ് തിരികെ നല്‍കി പുതിയത് വാങ്ങി വീട്ടിലെത്തി ഗൂഗിള്‍ മീറ്റും ഡോക്‌സും ഒക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ച ഫൈനല്‍ ഇയര്‍ പ്രോജക്ട് കറക്ട് ചെയ്ത് കൊണ്ടിരിക്കെ സംഭവം പിന്നേം 'ഡിം'. വീണ്ടും പഴയ പോലെത്തന്നെ വര്‍ക്ക് ആവുന്നില്ല.
ഇപ്രാവശ്യം കമ്പനിയുടെ സര്‍വീസ് കംപ്ലൈന്റ് സെക്ഷനില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ല. വാട്ട്‌സ്ആപ്പില്‍ മെസേജ് അയച്ചിട്ടും ഒരു റസ്‌പോണ്‍സും ഇല്ല. ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ല. ലോണ്‍ തുകയുടെ തവണകള്‍ മുടക്കാനും കഴിയില്ല. സത്യം പറഞ്ഞാല്‍ കുടത്തില്‍ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങള്‍ വിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയി. എന്നെപ്പോലെ എന്റെ പഞ്ചായത്തില്‍ ലാപ്‌ടോപ് കൈപ്പറ്റിയ മുഴുവന്‍ പേരും ഈ ചതിയില്‍പ്പെട്ട് കുടുങ്ങി നില്‍ക്കുകയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല... അത്രയും പ്രതീക്ഷയോടെ വാങ്ങിയ ഈ ലാപ്‌ടോപ് ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇനി എന്ത് ചെയ്യുമെന്നറിയാതെ പെട്ട് നില്‍ക്കുകയാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."