ഗ്രാമീണ മേഖലകള്‍ കഞ്ചാവ് വില്‍പ്പനയുടെ കേന്ദ്രങ്ങളാവുന്നു
പാലക്കാട്: പിരായിരി കല്ലേക്കാട് പ്രദേശത്ത് കഞ്ചാവ് വില്‍പന വ്യാപകമാവുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഗോപാലപുരം ഭാഗത്തുനിന്നും കഞ്ചാവ് മൊത്തമായി വാങ്ങി പാലക്കാട് നഗരത്തിലും കല്ലേക്കാട് പ്രദേശത്തും വില്‍പ്പന നടത്തുകയാണ് കഞ്ചാവ് ലോബികള്‍.
ഇതിനായി തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ്ങിനും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞയാഴ്ച പകല്‍ സമയത്താണ് കല്ലേക്കാട് മാമ്പറ ക്വാറിക്ക് സമീപം ആവശ്യക്കാരായ ആളുകള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ തിരുനെല്ലായി സ്വദേശി ശബരി ഗിരീശന്‍, ചടനാംകുര്‍ശ്ശിയിലെ സിയാവുദ്ദീന്‍, ചക്കാന്തറ സ്വദേശി അലക്‌സ് എന്നിവരെ നാട്ടുകാരും ചുമട്ടുതൊഴിലാളികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടിയത്. പിന്നീട് ഇവരെ പൊലിസിന് കൈമാറി. ഇവരുടെ പക്കല്‍നിന്ന് ആര്‍ക്കൊക്കെ വിതരണം ചെയ്തുവെന്ന് രേഖപ്പെടുത്തിയ ബുക്കും 14 പായ്ക്കറ്റുകളിലായി 250 ഗ്രാം കഞ്ചാവും പൊലിസ് പിടിച്ചെടുത്തു.
ചടനാംകുര്‍ശി സ്വദേശിയാണ് ഇവര്‍ക്ക് കഞ്ചാവ് വില്‍പനക്കായി എത്തിച്ച് നല്‍കിയതെന്ന് പിടിയിലായവര്‍ പൊലിസിനോട് പറഞ്ഞു.
കല്ലേക്കാട് പ്രദേശത്തെ യുവാക്കളെ കഞ്ചാവിന് അടിമകളാക്കുകയാണെന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരും പറയുന്നു. ഇതിനെതിരേ വീടുകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ കാംപയ്ന്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."