ആനമൂളിയില്‍ കാട്ടാന ശല്യം രൂക്ഷം ഇന്നലെ രാത്രിയില്‍ മൂന്നു ഭാഗങ്ങളില്‍ 17 കാട്ടാനകള്‍
മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ കാട്ടാന ശല്യം തുടര്‍കഥയാവുന്നു. കൂട്ടമായി കാടിറങ്ങുന്ന കാട്ടാനകള്‍ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ആറോടെ ആനമൂളി, ചിറപ്പാടം, അട്ടപ്പാടി ചുരത്തിലെ പാലവളവ് മേഖകളില്‍ കാട്ടാനകൂട്ടം തമ്പടിച്ചിരിക്കുകയാണ്.
ആനമൂളിയില്‍ ഒന്‍പതും, ചിറപ്പാടത്ത് ആറും, അട്ടപ്പാടി ചുരത്തിലെ പാലവളവില്‍ രണ്ടും കാട്ടാനകളാണ് കാടിറങ്ങിയത്. പല കുടുംബങ്ങളും വീടുകള്‍ മാറി താമസിക്കാനുളള ഒരുക്കത്തിലാണ്. കഴിഞ്ഞ 10 ദിവസമായി തുടര്‍ച്ചായി കാട്ടാനകള്‍ ജനത്തെ രാത്രിയില്‍ ഭീതിയുടെ നിഴലിലാക്കിയിട്ടുണ്ട്. നേരം ഇരുട്ടുന്നതോടെ കാടിറങ്ങുന്ന കാട്ടാനക്കൂട്ടം നേരം പുലര്‍ന്നാലും കാടു കയറുന്നില്ല. നാട്ടുകാര്‍ ചെണ്ട കൊട്ടിയും, പടക്കം പൊട്ടിച്ചുമാണ് കാട്ടാനകളെ ഒരുപരിധിവരെ കാട്ടിലേക്ക് കയറ്റി വിടുന്നത്. നിരവധി കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. മറ്റു നാശനഷ്ടങ്ങള്‍ക്കാകട്ടെ കണക്കുകളില്ല.
കാട്ടാനശല്യം രൂക്ഷമായ ആനമൂളിയില്‍ വ്യാഴാഴ്ച വനം വകുപ്പ് അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞു. സോളാര്‍ വേലി സ്ഥാപിക്കാന്‍ 15 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 10 ലക്ഷം രൂപ ചെലവില്‍ ആനമൂളി പ്രദേശത്തും, അഞ്ചു ലക്ഷം കൊണ്ട് തത്തേങ്ങലം ഭാഗത്തും സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍ ഫെന്‍സിങിന്റെ സംരക്ഷണ ചുമതല പ്രദേശവാസികള്‍ ചേര്‍ന്ന് ജനകീയ കമ്മിറ്റി രൂപീകിരിച്ച് സംരക്ഷണ ചുമതല വഹിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞത് ജനത്തെ രോഷത്തിലാക്കി. ആദ്യം സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുക എന്നിട്ടാവാം സംരക്ഷണമെന്ന് പറഞ്ഞ് യോഗം താല്‍കാലിക പിരിയുകയായിരുന്നു. കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ കൊണ്ടുവരണമെന്ന യോഗത്തിലെ ആവശ്യത്തിന് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയല്ലെന്നതും പരാതി ഉയര്‍ന്നിട്ടുണ്ട്. വനം വകുപ്പ് റെയ്ഞ്ച് ഓഫിസര്‍ ഗണേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പഞ്ചായത്തംഗം ടി.കെ ഫൈസല്‍, മോഹനന്‍, ടി.കെ മരക്കാര്‍, എം.കെ ചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."