യുവതിയുടെ വയറ്റിൽ കത്രിക ; തെറ്റുപറ്റിയെന്ന് ഡോക്ടർമാർ, സംഭാഷണം പുറത്ത് മൂന്നംഗ സമിതി അന്വേഷണം തുടങ്ങി
കോഴിക്കോട് • മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണം പുറത്ത്. ഹർഷിനയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളജിലേതാണെന്നു സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്ന് സംഭാഷണത്തിൽ പറയുന്നു. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണു പുറത്തായത്.
കത്രിക കോഴിക്കോട് മെഡിക്കൽ കോളജിലേതല്ലെന്നും യുവതി മറ്റ് ആശുപത്രികളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമായിരുന്നു തുടക്കത്തിൽ ഡോക്ടർമാരുടെ ന്യായീകരണം.പന്തീരാങ്കാവ് മലയിൽകുളങ്ങര ഹർഷിനക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവശസ്ത്രക്രിയ നടത്തിയത്. ഇതിനു ശേഷം അവശതയും വേദനയുമുണ്ടായി. പല ആശുപത്രികളിലും ചികിത്സതേടി. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സി.ടി സ്‌കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.
തുടർന്ന് സെപ്റ്റംബർ 14നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17നു കത്രിക പുറത്തെടുത്തു. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്‌സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു.
ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. അതിനിടെ, പ്രിൻസിപ്പൽ നിയമിച്ച മൂന്നംഗ സമിതി അന്വേഷണം തുടങ്ങി.
ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി, ജനറൽ സർജറി വിഭാഗം അസോ. പ്രൊഫസർ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അന്വേഷണസമിതിയെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."