HOME
DETAILS

യു.എ.പി.എ; പിന്‍വലിക്കേണ്ട ഭരണകൂട ഭീകരത

  
backup
July 30 2021 | 18:07 PM

6515316102-2


പ്രൊഫ. കെ. അരവിന്ദാക്ഷന്‍


ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ 'കൊലപാതകം' ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും ഈ 'കൊലപാതകത്തെ' അപലപിച്ചിരുന്നു. അദ്ദേഹം അറസ്റ്റിലായതും ജയിലിലടയ്ക്കപ്പെട്ടതും 2020 ഒക്ടോബറിലാണ്. അറസ്റ്റിന് ആധാരമായത് 54 വര്‍ഷം പഴക്കമുള്ള അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്- യു.എ.പി.എ എന്ന കാടന്‍ നിയമത്തിലെ വകുപ്പുകളാണ്. സ്വാമിയോടൊപ്പം മറ്റു 150 പേരെയും 'എല്‍ഗാര്‍ പരിഷത്' എന്ന പേരിലറിയപ്പെടുന്ന കേസില്‍ കുടുക്കിയാണ് തടവിലാക്കിയത്. സാര്‍വദേശീയ വേദികളിലെല്ലാം ഇന്ത്യന്‍ ഭരണാധികാരികള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ അവകാശ സംരക്ഷണത്തിന്റെ ലംഘനം കൂടിയാണിത്. ഇന്നത്തെ നിലയില്‍ യു.എ.പി.എ അംഗീകൃത നിയമവ്യവസ്ഥകളെ കീഴ്‌മേല്‍ മറിക്കുന്ന നടപടിയായി വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെടുന്നവര്‍ക്ക് കോടതികളില്‍നിന്ന് ജാമ്യം ലഭിക്കുക അങ്ങേയറ്റം ദുഷ്‌കരമായിരിക്കുമെന്ന് മാത്രമല്ല, നിയമനടപടികള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ വലിയതോതില്‍ കാലതാമസമുണ്ടാവുകയും ചെയ്യും. കസ്റ്റഡിയിലടയ്ക്കപ്പെടുന്നവരില്‍ ചുമത്തപ്പെടുന്ന കുറ്റങ്ങള്‍ക്കുള്ള ഏക ആധാരം പൊലിസ് സമര്‍പ്പിക്കുന്ന രേഖകള്‍ മാത്രവുമായിരിക്കും. സമീപകാലത്ത് യു.എ.പി.എയില്‍ ഏര്‍പ്പെടുത്തിയ ഭേദഗതികളെ തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പുള്ള കസ്റ്റഡി കാലാവധി 90 ദിവസം എന്നത് 180 ദിവസം എന്നാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഈ കാലാവധി തന്നെ പാലിക്കപ്പെടുമെന്നതിനുള്ള യാതൊരുവിധ ഉറപ്പോ നിബന്ധനയോ ഇല്ല.


2018 ലെ ഭീമാ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്തതിനൊപ്പമാണ് സ്റ്റാന്‍ സ്വാമിയെയും മാവോയിസ്റ്റ് ബന്ധം ചുമത്തി കസ്റ്റഡിയിലെടുത്തത്. അവരെല്ലാം ഇതിനകം ജയിലിലായിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഇപ്പോഴും തടവില്‍ കഴിയുകയാണ്. ഇക്കൂട്ടത്തില്‍ സ്റ്റാന്‍ സ്വാമി മാത്രം ജയിലില്‍ കഴിയുമ്പോള്‍ തന്നെ മരിച്ചു. മാവോയിസ്റ്റ് തീവ്രവാദ ബന്ധമുണ്ടെന്നതിന്റെ പേരില്‍ കസ്റ്റഡിയിലടയ്ക്കപ്പെട്ട എഴുത്തുകാരന്‍ വരവര റാവുവിനു ഏറെക്കാലം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് കോടതി നിര്‍ദേശപ്രകാരം മെച്ചപ്പെട്ട ചികിത്സാര്‍ഥം ജയില്‍ മോചിതനായത്. അധ്യാപകന്‍ ഹാനി ബാബു ഇപ്പോഴും ഗുരുതരമായ രോഗാവസ്ഥയിലാണെങ്കിലും ജയിലില്‍ തുടരുകയാണ്. ഇവര്‍ക്കാര്‍ക്കും എതിരായി കുറ്റപത്രം നല്‍കപ്പെട്ടിട്ടുമില്ല. യു.എ.പി.എ നിയമത്തിനെതിരായി ശക്തമായ നിലപാടെടുത്തിരുന്ന ഇടതുപക്ഷം ഭരണത്തിലുള്ള കേരളത്തില്‍പോലും ഇതേ കുറ്റം ചുമത്തി ഏതാനും നിരപരാധികളായ യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും എന്‍.ഐ.എയുടെ വിചാരണക്കായി വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ശുഐബിന്റെയും താഹയുടെയും പേരില്‍ നടന്ന നടപടികളാണ് ഇവിടെ സൂചിപ്പിക്കുന്നത്. മാത്രമല്ല, യു.എ.പി.എ കുറ്റം ചുമത്തപ്പെട്ടവര്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ ഏത് വിധത്തില്‍ കൈകാര്യം ചെയ്യണമെന്ന് കണ്ടെത്താനും ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന് യുക്തമായ ഉപദേശം നല്‍കാനും ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായൊരു സമിതി നിലവിലുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും ഏതാനും കോടികള്‍ ചെലവാക്കി നിയോഗിക്കപ്പെട്ടിരുന്ന, നിരവധി കമ്മിഷനുകളെപ്പോലെ തന്നെ ഈ യു.എ.പി.എ കമ്മിഷനും ഇതുവരെ എന്തുചെയ്തു എന്നതിനെപ്പറ്റി ആര്‍ക്കും ഒന്നും അറിയാനും കഴിയുന്നില്ല.സാമ്പത്തിക ശേഷിയുള്ളവരാണ് യു.എ.പി.എയുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടതെങ്കില്‍ അവര്‍ക്കെതിരേ ചുമത്തിയ കുറ്റത്തിന്റെ പേരില്‍ എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ സ്വത്ത് കണ്ടുകെട്ടി മുതല്‍കൂട്ടാനുള്ള വകുപ്പും യു.എ.പി.എയിലുണ്ട്. ഇതിലൂടെ നിയമയുദ്ധത്തിന് കുറ്റാരോപിതര്‍ക്കുള്ള സാമ്പത്തികശേഷി നിഷേധിക്കാമെന്നതാണ് ലക്ഷ്യം.


യു.എ.പി.എ എന്ന നിയമസംവിധാനത്തിന് കൃത്യമായൊരു ഭീകരവാദ നിയമമെന്ന സ്വഭാവം കൈവരിക്കാനായത് 2004 ല്‍ വരുത്തിയ ഭേദഗതികളെ തുടര്‍ന്നാണ്. 2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷവും തുടര്‍ന്ന് 2019 ല്‍ ഡല്‍ഹിയിലും മറ്റും നടന്ന ഭീകരാക്രമണ ശ്രമങ്ങള്‍ക്ക് ശേഷവുമാണ് ഈ നിയമത്തിന്റെ അധികാര വ്യാപ്തിയില്‍ വര്‍ധനവുണ്ടായത്. അതുവരെയായി സമാനമായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍, ഒട്ടേറെ വിവാദങ്ങള്‍ക്കിടയായ ടാഡയും പോട്ടയുമായിരുന്നു. ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപറ്റീവ് ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് ആണ് ടാഡാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഇത് പ്രാബല്യത്തിലായത് പഞ്ചാബിലെ സിഖുകാര്‍ ഉയര്‍ത്തിയ പ്രക്ഷോഭം നേരിടുന്നതിനായിരുന്നു. ഈ നിയമം 1995 ല്‍ കാലഹരണപ്പെടാന്‍ സ്വയം കളമൊരുക്കുകയായിരുന്നു. അതിന്റെ വ്യവസ്ഥകള്‍ വലിയതോതില്‍ പരിധിക്കപ്പുറം ദുരുപയോഗം ചെയ്യാന്‍ ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്ക് അവസരം നല്‍കിയെന്ന വിമര്‍ശനം രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ ഉയര്‍ന്നിരുന്നു. ഇതില്‍ രണ്ടാമത്തെ, പ്രിവെന്‍ഷന്‍ ഓഫ് ടെററിസം ആക്ട്- പോട്ടാ- എന്ന സംവിധാനത്തിനെതിരേ വിവിധ കോണുകളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. കൂടാതെ, നിരവധി സംസ്ഥാനങ്ങള്‍ ഇതിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവുമുണ്ടായിരുന്നു. ഇതില്‍ അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ല. കാരണം, പോട്ടയനുസരിച്ചുള്ള നടപടികള്‍ക്കുള്ള ഏക തെളിവ് കസ്റ്റഡിയിലാക്കപ്പെടുന്നവരില്‍നിന്ന് നിയമപാലകര്‍ ശേഖരിച്ച് ഹാജരാക്കുന്ന തെളിവുകള്‍ മാത്രമായിരുന്നു എന്നതുതന്നെ.


എന്നാല്‍,'ടാഡ'യ്ക്കും 'പോട്ട'യ്ക്കും പകരക്കാരനായി എത്തിയിരിക്കുന്ന യു.എ.പി.എയ്ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഭീകരവിരുദ്ധ നിയമത്തിന്റെ പദവിയാണ് നല്‍കിയത്. മുന്‍ഗാമികളെ കടത്തിവെട്ടാന്‍ പോന്ന ശൗര്യത്തോടെ ഭിന്നസ്വരം ആരില്‍നിന്നുണ്ടായാലും അതിനെതിരേ അതിശക്തമായി പ്രതികരിക്കാന്‍ ഈ നിയമം കളമൊരുക്കി. 2019 ല്‍ യു.എ.പി.എയില്‍ വരുത്തിയ ഭേദഗതിക്കു ശേഷമാണെങ്കില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നിഷ്ടപ്രകാരം ഏതെങ്കിലുമൊരു വ്യക്തിയെ ഭീകരവാദിയെന്നോ, ദേശവിരുദ്ധനെന്നോ മുദ്രകുത്തി ജയിലിലടക്കാന്‍ കരുത്തുനല്‍കിയിട്ടുമുണ്ട്. അതിനു മുമ്പ് ഈ മുദ്രകുത്തല്‍ സംഘടനകള്‍ക്കു മാത്രമേ ബാധകമാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് അനിഷ്ടം തോന്നുന്നതോ, അലോസരമുളവാക്കുന്നതോ ആയ എന്തെങ്കിലും വാക്കോ, പ്രവൃത്തിയോ കണ്ടെത്തിയാല്‍ ഇത്തരം മുദ്രകുത്തലിന് ഒട്ടും താമസമുണ്ടാവില്ല. ഒരു വമ്പന്‍ വികസനപദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെട്ട നിസ്സഹായരായ നിരവധി കുടുംബങ്ങളെ മാവോയിസ്റ്റുകളായി മുദ്രകുത്തിയ നടപടിയും നമ്മുടെ മുന്നിലുണ്ട്. നിലമ്പൂരില്‍ ഏതാനും പേരെ മാവോയിസ്റ്റുകളെന്ന് മുദ്രയടിച്ച് വെടിവച്ചു കൊന്ന സംഭവവും മറക്കാന്‍ സമയമായിട്ടില്ല.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2015-2019 കാലയളവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായവരുടെ എണ്ണത്തില്‍ 72 ശതമാനം വര്‍ധനവാണുള്ളത്. അതേസമയം, ശിക്ഷിക്കപ്പെട്ടവരുടെതോ വെറും രണ്ട് ശതമാനം മാത്രവും. അറസ്റ്റിലാവുന്നവര്‍ക്കെതിരേ ചാര്‍ജുകള്‍ തെളിയിക്കപ്പെടാന്‍ പര്യാപ്തമല്ലെന്നാണ് അതിനര്‍ഥം. പന്തീരാങ്കാവില്‍ അറസ്റ്റിലായ രണ്ടു യുവാക്കളുടെ കാര്യത്തിലും നിലമ്പൂരില്‍ വെടിയേറ്റു കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെയും മറ്റു രണ്ടു സുഹൃത്തുക്കളുടെയും ഭീകരവാദബന്ധങ്ങള്‍ തെളിയിക്കാന്‍ പൊലിസിനു സാധ്യമായിട്ടില്ല. വസ്തുതകള്‍ ഈ നിലയിലായിരിക്കെ നിരവധി ആക്ടിവിസ്റ്റുകളും സിദ്ദീഖ് കാപ്പനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥി- യുവജന പ്രവര്‍ത്തകരും ഇന്നും ജയിലുകളിലാണ്. വിനോദ് ദുവ എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായത് കോടതിയുടെ ഇടപെടലിനെ തുടര്‍ന്നുമായിരുന്നു. എന്തിനും ഏതിനും യു.എ.പി.എ വ്യവസ്ഥകള്‍ കരുവാക്കി നിരപരാധികളെപോലും കസ്റ്റഡിയിലെടുക്കുകയും വിചാരണക്ക് വിധേയരാക്കാതെ ദീര്‍ഘകാലം ജയിലിലടയ്ക്കുകയും ചെയ്യുന്ന നടപടികള്‍ക്കെതിരേ സഹികെട്ടതിനെ തുടര്‍ന്നായിരിക്കണം ഡല്‍ഹി ഹൈക്കോടതി ഉള്‍പ്പെടെയുള്ളവ ഇടപെട്ട് ഇരകള്‍ക്കനുകൂലമായ നിലപാടുകളെടുത്തത്.
യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു മരണത്തിനിരയാക്കാന്‍ തക്ക നിലയിലുള്ള സാഹചര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മറിച്ച്, കേന്ദ്രത്തിലെ മോദി സര്‍ക്കാരും അതിനോട് ചുവടുപിടിച്ച് മുന്‍ ഡി.ജി.പി നിര്‍ദേശിച്ച 'മക്കോക്ക' പോലെ യു.എ.പി.എയേക്കാള്‍ ജനാധിപത്യവിരുദ്ധ സ്വഭാവമുള്ള നിയമങ്ങളാണ് കൊണ്ടുവരുന്നതെങ്കില്‍ ഇന്ത്യയുടെയും അതോടൊപ്പം കേരളത്തിന്റെ സ്ഥാനം ബ്രസീല്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളുടേതിന് സമാനമായി പരിഗണിക്കപ്പെടുമെന്ന് ഉറപ്പാണ്. അങ്ങനെയൊന്നു സംഭവിക്കാതിരിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago