കോഴിക്കോട് പുതിയ നിപ കേസുകളില്ല: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ്
കോഴിക്കോട് പുതിയ നിപ കേസുകളില്ല
കോഴിക്കോട്:ജില്ലയില്‍ പുതിയ നിപാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഒരാളെയാണ് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആകെ 307 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി.
അതേസമയം വടകര താലൂക്കിലെ ഒൻപത് ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ എ. ഗീത ഉത്തരവിറക്കി. കണ്ടെൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിലും കൂടുതൽ ഇളവുകൾ നൽകി.
നിപ ബാധിച്ച് മരണപ്പെട്ടവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തുകയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കിയത്. ഇവിടെ പോസിറ്റീവ് ആയവരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ തുടരണം.
നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് പൊതുവായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരണമെന്നും നിർദ്ദേശമുണ്ട്. എല്ലാവരും മാസ്കും സാനിറ്റെസറും നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
കണ്ടെൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളിലും കൂടുതൽ ഇളവുകൾ നൽകി. കണ്ടെയിൻമെന്റ് സോണിലെ എല്ലാ കട കമ്പോളങ്ങളും രാത്രി എട്ട് മണി വരെ പ്രവർത്തിപ്പിക്കാം. കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാവുന്നതാണ്.
മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. അതേസമയം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."