25 വര്‍ഷം മുമ്പും ഇലന്തൂരില്‍ നരബലി നടന്നു; അന്ന് ഇരയായത് നാലു വയസ്സുകാരി; 'ഐശ്വര്യം' കൊണ്ടുവരാന്‍ നടത്തിയത് അതിക്രൂര പീഡനങ്ങള്‍, പിതാവും മാതാവും ഉള്‍പെടെ പ്രതികള്‍
ഇലന്തൂര്‍: ഇതാദ്യമല്ല അതിക്രൂരമായ നരബലിയുടെ വാര്‍ത്ത കേട്ട ഇലന്തൂര്‍ എന്ന കുഞ്ഞുഗ്രാമം നടുങ്ങുന്നത്. 25 വര്‍ഷം മുമ്പും ഇപ്പോഴത്തേതിന് സമാനമായ നരബലി ഇവിടെ നടന്നിരുന്നു. നാലരവയസ്സുകാരി അശ്വനിയായിരുന്നു അന്നത്തെ ഇര.
1997ല്‍ ആര്‍ ശ്രീലേഖ പത്തനംതിട്ട എസിപിയായിരിക്കെ ആയിരുന്നു സംഭവം. അന്നത്തെ ആറന്മുള എസ്‌ഐ കെ ഹരികൃഷ്ണനായിരുന്നു കേസ് അന്വേഷിച്ചത്. ഹോമിയോ ഡോക്ടറായ കുട്ടിയുടെ പിതാവ് ശശിരാജ പണിക്കരും മാതാവും പിതാവിന്റെ കാമുകിയും ഇതില്‍ പങ്കാളികളായിരുന്നു.
അതിക്രൂരമായ പീഡനങ്ങളാണ് കുട്ടി ഇതില്‍ ഏറ്റു വാങ്ങിയത്. കുട്ടിയെ പീഡിപ്പിക്കുക എന്നത് പണിക്കര്‍ക്ക് ഹരമായിരുന്നു. സിഗരറ്റ് കൊണ്ട് ശരീരമാസകലം പൊള്ളിക്കലൊക്കെ പൂജയുടെ ഭാഗമായിരുന്നു. ശരീരം മുഴുവന്‍ വ്രണങ്ങളായിരുന്നു കുട്ടിയുടെ.
നരബലി പൂജ നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആറന്മുള സ്റ്റേഷനില്‍ നിന്ന് പൊലിസ് ഇലന്തൂരിലെത്തിയതെന്ന് കെ ഹരികൃഷ്ണന്‍ പറഞ്ഞു. സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി കൊല്ലപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. ഐശ്വര്യത്തിന്റെ പേരില്‍ നടത്തിയ അറുകൊലക്ക് പിന്നില്‍, കാമുകിയായ ചേര്‍ത്തല വാരനാട് ചുങ്കത്തുവിളയില്‍ വീട്ടില്‍ സീനയെ (24) വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ പ്രതികളെ കോടതി ശിക്ഷിച്ചു. ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെ ഒരുമാസം മുന്‍പാണ് കേസിലെ മുഖ്യപ്രതി ശശിരാജ പണിക്കര്‍ മരിച്ചത്.
നാടിനെ നടുക്കിയ അന്നത്തെ സംഭവം ഇങ്ങനെ
ആദ്യ ഭാര്യ പൊന്നമ്മയെ ഉപേക്ഷിച്ച ശശിരാജപണിക്കര്‍ വൈകാതെ കുറിയന്നൂര്‍ കമ്പോത്രയില്‍ സുകുമാരിയമ്മയെ വിവാഹം ചെയ്തു.
1997ലായിരുന്നു സംഭവം. ആദ്യഭാര്യ പൊന്നമ്മയെ ഉപേക്ഷിച്ച ശശിരാജപ്പണിക്കര്‍ വൈകാതെ കുറിയന്നൂര്‍ കമ്പോത്രയില്‍ സുകുമാരിയമ്മയെ വിവാഹം ചെയ്തു. ഇതിനായി ഇയാള്‍ പൊന്നമ്മയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ശരീരമാസകലം സിഗരറ്റും സാമ്പ്രാണിയുമൊക്കെ ഉപയോഗിച്ച് പൊള്ളിച്ചു. ശശിരാജനെ ഭയന്നു സ്ഥലം വിട്ടു പോയ പൊന്നമ്മ തിരികെ വന്നപ്പോള്‍ കാണുന്നത് സുകുമാരിയമ്മയുമായുള്ള താമസമാണ്. പൊന്നമ്മയും കുട്ടികളും തുടര്‍ന്നും ഇതേ വീട്ടില്‍ തമാസിച്ചുവെങ്കിലും പീഡനം രൂക്ഷമായപ്പോള്‍ വിട്ടു പോകേണ്ടി വന്നു.
ഏറെനാള്‍ കഴിയുന്നതിന് മുന്‍പ് സുകുമാരിയെയും പണിക്കര്‍ക്ക് മടുത്തു. ശശിരാജപ്പണിക്കര്‍ അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പ് ആരംഭിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഏറെ കഴിയും മുമ്പുതന്നെ സുകുമാരിയമ്മ, അശ്വനിയെ പ്രസവിച്ചു. പിറന്നപ്പോള്‍ മുതല്‍ അശ്വനിയോട് ശശിരാജപ്പണിക്കര്‍ ക്രൂരതകാട്ടി തുടങ്ങി. മാതാവ് അരികില്‍ ഇല്ലാത്തപ്പോഴൊക്കെ ഇയാള്‍ അശ്വനിയെ നോവിക്കുക പതിവായിരുന്നു. കുട്ടി അലറിക്കരയുന്നത് കേള്‍ക്കുമ്പോള്‍ അയാളില്‍ ഒരുതരം ആനന്ദം ഉടലെടുക്കുമായിരുന്നു. കുട്ടി വളരുന്നതിന് അനുസരിച്ച് പീഡനത്തിന്റെ രീതിയും മാറിവന്നു. പിഞ്ചുകുഞ്ഞിന്റെ ശരീരത്ത് കത്തിച്ച സിഗരറ്റ് കുത്തുന്നത് പതിവായി. കരച്ചില്‍ കേട്ട് സുകുമാരിയമ്മ ഓടി എത്തുമ്പോള്‍ ഉറുമ്പ് കടിച്ചതാണെന്ന് പറഞ്ഞ് ചെറുചിരിയോടെ തടിതപ്പും.
അതിനിടക്ക് ചേര്‍ത്തല സ്വദേശിനിയായ സീനയെ പരിചയപ്പെട്ട ശശിരാജപ്പണിക്കര്‍ ഒരു ദിവസം സീനയുമായി പരിയാരത്തുള്ള വീട്ടിലെത്തി. മഹാമാന്ത്രിക സിദ്ധിയുള്ള യുവതിയാണെന്നും ആദരവോടെ മാത്രമേ ഇടപെടാവൂ എന്നുമായിരുന്നു സുകുമാരിയമ്മക്ക് നല്‍കിയ നിര്‍ദേശം. സീനയെ 'മോളെ' എന്നുമാത്രമേ അഭിസംബോധന ചെയ്യാവൂ എന്നും നിര്‍ദേശിച്ചിരുന്നു. ഒരു ദിവസം സീന വീടിന്റെ ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു. വിളക്ക് മൂതേവിക്കുവേണ്ടിയാണെന്നും പറഞ്ഞു. മൂതേവി കടാക്ഷിച്ചാല്‍ ഐശ്വര്യം പറന്നെത്തും. പക്ഷേ, വിളക്കിനെ മറികടക്കാന്‍ പാടില്ല. ദിവസവും മൂതേവിക്ക് വിളക്കുവെച്ച് പ്രാര്‍ഥിക്കണം. കൂടാതെ ഓരോ ദിവസവും മൂതേവിയുമായുള്ള പെരുമാറ്റത്തെപ്പറ്റി ഡയറി എഴുതണം. കുട്ടി മൂതേവിയെ മറികടന്നാല്‍ ഐശ്വര്യം കുറയും. അറിയാതെ അങ്ങനെ സംഭവിച്ചാല്‍ കുട്ടിയെ പണിക്കര്‍ മര്‍ദിച്ച് ശാപം അകറ്റും.
കാണാമറയത്തുള്ള പ്രാര്‍ഥനയാണ് മറ്റൊന്ന്. ഈ പ്രാര്‍ഥനയില്‍ സുകുമാരിയമ്മക്ക് പങ്കെടുക്കാന്‍ അവകാശമില്ല. ഇതിനിടെ വിളക്കിനെ മറികടക്കുന്ന കുട്ടിക്കുള്ള ശിക്ഷാ നടപടികളും വര്‍ധിച്ചു. ശരീരമാസകലം സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളല്‍ വലിയ വ്രണമായിമാറി. ഭയങ്കരമായ പനി ബാധിച്ചെങ്കിലും ചികിത്സിക്കാന്‍ ശശിരാജപ്പണിക്കര്‍ തയാറായില്ല. മൂതേവി കോപിച്ചുവെന്നായിരുന്നു സീനക്ക് കിട്ടിയ വെളിപാട്. ഒടുവില്‍ ശരീരത്തിലെ വ്രണത്തിലേക്ക് അണുക്കള്‍ വ്യാപിച്ചു. വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി.
അതേസമയം ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കറിവെച്ചു കഴിച്ചു എന്നവരെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങളാണ് കറിവെച്ച് കഴിച്ചത്. കറിവെച്ച് ലൈല ഷാഫിക്ക് നല്‍കി. പത്മത്തിന്റെ ശരീര ഭാഗങ്ങള്‍ ഉപ്പ് പുരട്ടി സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഒരു കുറ്റബോധവുമില്ലാതെയാണ് ലൈല കുറ്റകൃത്യത്തെക്കുറിച്ച് പൊലിസിനോട് പറഞ്ഞത്. ആഭിചാര കര്‍മങ്ങള്‍ നടത്തിയ ശേഷം അതിന്റെ തുടര്‍ച്ചയായാണ് മനുഷ്യമാംസം ഭക്ഷിച്ചത്. ദക്ഷിണമേഖലാ ഡ.ിഐ.ജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ 13 മണിക്കൂറോളം നീണ്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."