ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യശത്രുക്കളുടെ പട്ടികയില്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. ആക്ടിവിസ്റ്റുകള്‍ക്കെതിരേ രാജ്യത്ത് വ്യാപകമായ വേട്ടയാടല്‍ നടക്കുന്നതിനിടയിലാണ് നടപടി.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചത്. അതീവ രഹസ്യരേഖയായ വാര്‍ ബുക്കിലാണ് മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭീമ കൊറെഗാവ് കേസില്‍ അഭിഭാഷകനായ നിഹാല്‍ സിങ് റാത്തോഡ്, കേസിലെ പ്രതിയായ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങിന്റെ ഭാര്യ മിനാല്‍ ഗാഡ്‌ലിങ്, ആക്ടിവിസ്റ്റ് പ്രൊഫസര്‍ ഷോമാസെന്‍, അഭിഭാഷകന്‍ ഹര്‍ഷല്‍ ലിംഗായത്ത് തുടങ്ങിയവരാണ് പട്ടികയിലുള്ളത്. വാര്‍ ബുക്ക് തയാറാക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റില്‍ ചേര്‍ക്കുക. ഇതിനായുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു നല്‍കും.
രാജ്യത്തെ ഭരണസംവിധാനം അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്താറ്. നിഹാല്‍ സിങ് റാത്തോഡിന്റെ വീട്ടില്‍ പൊലിസ് ജൂലൈ ആദ്യം റെയ്ഡ് നടത്തിയിരുന്നു. സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫുമായി 2018ല്‍ ആശയവിനിമയം നടത്തിയത് കുറ്റകരമായ പ്രവൃത്തിയായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിഹാല്‍ സിങിന്റെ പേര് പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചവരുടെ ലിസ്റ്റിലുമുണ്ടായിരുന്നു.
സംശയിക്കേണ്ടവര്‍, അറിയപ്പെടുന്ന അമുസ്‌ലിംകളായ പാകിസ്താന്‍ ഏജന്റുമാര്‍, അനുഭാവികള്‍, മുസ്‌ലിംകളായ പാകിസ്താന്‍ ഏജന്റുമാര്‍, എല്‍.ടി.ടി.ഇക്കാര്‍, ഇടതു തീവ്രവാദികള്‍, ഹിന്ദു- മുസ്‌ലിം വര്‍ഗീയവാദികള്‍ തുടങ്ങി 18 വിഭാഗങ്ങളാണ് വാര്‍ ബുക്കിലെ പട്ടികയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."