ഭാഗീരഥിയുടെ തീരങ്ങൾ
സി. മുഹമ്മദ് ഹുദവി
ഭാഗീരഥിയുടെ കിഴക്കൻദേശം ഇപ്പോഴും സജീവമാണ്. പക്ഷേ, എത്രനോക്കിയിട്ടും റോബർട്ട് ക്ലൈവ് പറഞ്ഞ പ്രൗഢിയും പ്രതാപവുമൊന്നും അവിടെ കാണാനില്ല. നവാബുമാർ ചെങ്കോലേന്തിയ ആ നാടിനെ നോക്കിയായിരുന്നു ഇതു ലണ്ടനെയും വെല്ലുമെന്ന് ബ്രിട്ടിഷ് മേജർ ജനറലായിരുന്ന റോബർട്ട് ക്ലൈവ് തെല്ലതിശയത്തോടെ പറഞ്ഞുവച്ചത്. ശരിയായിരിക്കാം. കാലമേറെ കടന്നുപോയല്ലോ.
പ്ലാസിയിലെ വെടിയൊച്ചകൾക്കു ശേഷം ഈ നാടിന്റെ വളർച്ച താഴേക്കായിരുന്നു. ഇപ്പോൾ അവിടെ ചെന്നാൽ പ്രൗഢമായൊരു പാരമ്പര്യത്തിന്റെ ഒത്തിരി ശേഷിപ്പുകൾ കാണാം. അവയിൽ പലതും കാലത്തിന്റെ വെയിലും മഴയുമേറ്റ് നിറംകെട്ടു പോയിരിക്കുന്നു. പരിപാലകരില്ലാത്തതിനാൽ ചിലതെല്ലാം പൊടിഞ്ഞുവീഴുകയാണ്. കാട്ടുവള്ളികൾ അതിക്രമിച്ചു കയറി ഉപയോഗശൂന്യമായവയും കൂട്ടത്തിലുണ്ട്. കൊളോണിയലിസത്തിന്റെ അവിശുദ്ധ കരങ്ങൾക്കു കർമവേദി നിഷേധിച്ച കരുത്തുറ്റൊരു പാരമ്പര്യത്തിന്റെ പിൻമുറക്കാർ ഇന്നെവിടെ പോയി എന്നായിരിക്കും നിങ്ങളുടെ ചോദ്യം. എവിടെയും പോയിട്ടില്ല. അവിടെത്തന്നെ പാർപ്പുണ്ടവർ. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ റിക്ഷയോടിച്ചും മറ്റും നെട്ടോട്ടമോടുന്ന തിരക്കിലാണെന്നു മാത്രം. സമ്പന്നമായൊരു ഭൂതകാലത്തിന്റെ മായാത്ത ഓർമകളും പേറി അരക്ഷിതപൂർണമായ വർത്തമാനത്തിലൂടെ അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്കു ജീവിച്ചങ്ങനെ പോകുന്ന ആ ജനതയെ നൊമ്പരത്തോടെയല്ലാതെ എങ്ങനെയാണ് കാണാൻ കഴിയുക? ശരിക്കും ഒരു ശോകഗീതം കേട്ടുനിൽക്കുന്ന മനസിന്റെ വിങ്ങലാണ് ആ മണ്ണിൽ നിൽക്കുമ്പോൾ അനുഭവപ്പെടുന്നത്. ആകെയുള്ള ആശ്വാസം ‘മുർശിദാബാദ് ’ എന്ന നാമമെങ്കിലും നിലനിൽക്കുന്നുണ്ടല്ലോ എന്നതാണ്.
സിറാജുദ്ദൗലയുടെ ഗേഹം
ഖുശ്ബാഗിലേക്കായിരുന്നു ഞങ്ങൾ ആദ്യം ചെന്നത്. സിറാജുദ്ദൗലയും അലിവർദിഖാനും നിദ്രകൊള്ളുന്ന നാട്ടിലേക്ക്. കൊൽക്കത്തയിൽനിന്ന് ഇരുന്നൂറിലേറെ കിലോമീറ്റർ പിന്നിട്ടുവേണം അവിടെയെത്താൻ. ചുറ്റും കന്മതിലുകൾ അതിരിട്ടിരിക്കുന്ന ആ പ്രദേശം 7.65 ഏക്കറിൽ വ്യാപിച്ചുകിടക്കുകയാണ്, ആർക്കും കയറിച്ചെല്ലാം. പ്രവേശനത്തിന് മുതൽമുടക്കില്ല. പ്രധാന കവാടം കടന്ന് മുന്നോട്ടുനീങ്ങിയാൽ മനോഹരമായൊരു ഉദ്യാനം. വീണ്ടും മുന്നോട്ടുനീങ്ങിയാൽ പൊലിമകളൊന്നുമില്ലാത്ത ഒരു സൗധം കാണാം. നവാബ് കുടുംബത്തിലെ പല പ്രമുഖരുടെയും കല്ലറകളാണതിൽ. അതിലൊന്നിന്റെ മീസാൻകല്ലിൽ എഴുതിവച്ചതു വായിച്ചു; നവാബ് സിറാജുദ്ദൗല ഖാൻ ബഹാദൂർ ഹൈബതെ ജങ്ക്...
അതെ, ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരേ സന്ധിയില്ലാസമരം നടത്തിയ സിറാജുദ്ദൗല. ചിന്തകൾ 1757ലെ പ്ലാസിയിലേക്കാണ് പാഞ്ഞുപോകുന്നത്. അവിടെ, രാജ്യത്തെ തന്നെ വിഴുങ്ങാൻവന്ന ഒരു സാമ്രാജ്യത്തോട് പൊരുതുകയാണ് ഇരുപത്തിമൂന്നോ, ഇരുപത്തിനാലോ മാത്രം പ്രായമുള്ള ഈ മനുഷ്യൻ. അവസാനം കൂടെയുള്ളവരുടെ കൂറുമാറ്റം മൂലം പിന്തിരിഞ്ഞു പോരേണ്ടിവന്നു! സിറാജുദ്ദൗലയുടെ സമീപത്തുതന്നെ കിടക്കുന്നുണ്ട് മാതാവ് ആമിന ബീഗവും പത്നി ലുത്ഫുന്നിസാ ബീഗവും. ഭർത്താവിന്റെ മരണശേഷം ബംഗ്ലാദേശിലെ ദാക്കയിലേക്ക് ഓടിപ്പോവുകയുണ്ടായി ലുത്ഫുന്നിസ. പിന്നീട് മുർശിദാബാദിലേക്കു തന്നെ അവർ തിരികെയെത്തി. ഖുശ്ബാഗിൽവന്ന് പ്രിയതമന്റെ ഖബർ പരിചരിച്ചും ഉദ്യാനം പരിപാലിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടി. ഇന്ന് അവരുമിതാ ഇവിടെ.
കല്ലറകൾ കടന്ന് വീണ്ടും നീങ്ങിയാൽ ഉപയോഗശൂന്യമായി കിടക്കുന്ന പള്ളി കാണാം. നവാബ് അലിവർദി ഖാൻ പണികഴിപ്പിച്ച പള്ളി. ബാബരിയെ ഓർമിപ്പിക്കുന്ന മൂന്നു താഴികക്കുടങ്ങൾ അതിനു മകുടം ചാർത്തുന്നു. ഇറയത്തുതന്നെ വരണ്ടുണങ്ങി നിൽക്കുന്ന ഹൗളുമുണ്ട്. അലിവർദി ഖാന്റെയും മറ്റു കുടുംബാംഗങ്ങളുടെയും ഖബ്റുകൾകൂടി സന്ദർശിച്ച് ഞങ്ങൾ ഭാഗീരഥിയുടെ തീരത്തേക്കു നീങ്ങി. ഭഗീരഥിയെ മുറിച്ചുവേണം മുർശിദാബാദിന്റെ ഹൃദയഭാഗത്തെത്താൻ. ജങ്കാർ സൗകര്യമുള്ളതുകൊണ്ട് വിഷമിക്കാനില്ല. മുളകൾ പാകിയുണ്ടാക്കിയ ജങ്കാറിൽ മറുകര പ്രാപിച്ചു. മുർശിദാബാദിന്റെ പിതാവ് മൂർശിദ് ഖുലിഖാൻ നിർമിച്ച കത്ര മസ്ജിദിലേക്കാണു നേരെ പോയത്.
ശ്വാസംമുട്ടുന്ന കത്ര മസ്ജിദ്
എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യമാണ് കത്രയ്ക്ക്. മുന്നിൽതന്നെ വെട്ടിവെടുപ്പാക്കിവച്ചിരിക്കുന്ന ഉദ്യാനം. ഇരുവശങ്ങളിലായി അഷ്ടഭുജാകൃതിയിലുള്ള ഗോപുരങ്ങൾ. ചെറുതും വലുതുമായ അനേകം താഴികക്കുടങ്ങൾ. അകത്ത് ആയിരത്തിലേറെ ആളുകളെ ഉൾകൊള്ളുന്ന നടുമുറ്റം. കമാനാകൃതിയിലുള്ള കവാടങ്ങൾ... പക്ഷേ, വേദനിപ്പിക്കുന്ന കാര്യം പള്ളിയുടെ നിർജീവതയാണ്. ഒരു സുജൂദിനുപോലും അവകാശമില്ലാത്ത നിയന്ത്രിത പ്രദേശമാണ് ഇന്നീ പുണ്യസ്ഥലം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലുള്ള പള്ളികൾ നിസ്കാരത്തിനു വേണ്ടി വിശ്വാസികൾക്കു വിട്ടുകൊടുക്കണമെന്നു പറഞ്ഞ് മുമ്പ് മുസ്ലിം ലീഗ് ബംഗാളിലുടനീളം സമരം നടത്തിയ ചരിത്രമുണ്ട്. അവരാദ്യം സമരം നയിച്ചത് ഈ പള്ളിയിലേക്കായിരുന്നു. 1988 ജൂൺ 24നു നടന്ന ആ അവകാശപ്പോരാട്ടത്തെ സൈന്യവും ജ്യോതിബസുവിന്റെ പൊലിസും ചേർന്ന് ചോരയിൽ മുക്കുകയാണുണ്ടായത്. കത്ര പള്ളിയെന്നല്ല, ആർക്കിയോളജിയുടെ മേൽനോട്ടത്തിലുള്ള പള്ളികളൊന്നും നിസ്കാരത്തിനുള്ളതല്ല, കാഴ്ചവസ്തുക്കൾ മാത്രമാണെന്നായിരുന്നു ആ സംഭവം നൽകിയ സന്ദേശം. 1724ൽ പണി പൂർത്തിയായ കത്ര പള്ളിക്ക് ഇനിയെത്ര നാൾകൂടി ആയുസ് കിട്ടുമെന്നത് കണ്ടറിയേണ്ടിവരും. താഴികക്കുടങ്ങളിൽ പലതും അടർന്നുപോയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുകയെന്നത് അധികാരികളുടെ അജണ്ടയിലില്ലെന്നു തോന്നുന്നു.
പള്ളിയുടെ നടുമുറ്റത്തേക്കു ഏതാനും പടികൾ കടന്നുവേണം കയറിപ്പോകാൻ. ആ പടികൾക്കു താഴെ ഖബർ കാണാം. മുർശിദ് ഖുലിഖാന്റെ ഖബർ. തന്റെ കല്ലറ കോണിപ്പടിക്കു താഴെ വേണമെന്നത് അദ്ദേഹത്തിന്റെ ഒസ്യത്തായിരുന്നുവത്രെ. നിസ്കാരത്തിനെത്തുന്ന വിശ്വാസികളുടെ പരിശുദ്ധമായ പാദമുദ്രകൾ തന്റെ ദേഹത്തു പതിയട്ടെ എന്ന ഉദ്ദേശ്യമായിരുന്നു അതിനുപിന്നിൽ. വിശ്വാസികളുടെ കാൽചുവട്ടിൽ നിൽക്കാനേ ഞാനുള്ളൂ എന്നർഥം.
കത്രാ മസ്ജിദിൽനിന്ന് ജാഫർഗഞ്ചിലേക്ക് ഏറെ ദൂരമില്ല. നാലു കിലോമീറ്റർ. 3.51 ഏക്കറിലായി മീർ ജാഫർ നിർമിച്ച ഒരു ശ്മശാന ഭൂമിയാണത്. ഖുശ്ബാഗിൽ മറവിട്ടുകിടക്കുന്നത് അശ്ഫാർ രാജവംശത്തിലെ നവാബ് കുടുംബമാണെങ്കിൽ ഇവിടെ നജഫി രാജവംശത്തിലെ നവാബുകുടുംബമാണ്. മീർജാഫർ ഈ വംശത്തിലാണു വരുന്നത്. കവാടം കടന്ന് അകത്തേക്കു പ്രവേശിച്ചാൽ പേരെഴുതിയതും അല്ലാത്തതുമായ നിരവധി ഖബ്റുകൾ കാണാം. എല്ലാം കെട്ടിപ്പൊക്കിയിട്ടുണ്ട്. ചിലതിനു മീതെ കൊച്ചുകൊച്ചു താഴികക്കുടങ്ങളും പണിതിരിക്കുന്നു. ഇവിടെ നിൽക്കുമ്പോൾ പതിനെട്ടാം നൂറ്റാണ്ടിലേക്കുള്ള ദൂരം ചുരുങ്ങിയതുപോലെ തോന്നും. ശാന്തമാണ് അന്തരീക്ഷം. ബഹളങ്ങളില്ല. ഉത്തരവുകളുടെ ഗർജനങ്ങൾ കേൾക്കാനില്ല. സിംഹാസനങ്ങളുടെ പ്രൗഢികൾ കാണാനില്ല. അധഃസ്ഥിതർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും വിലക്കുകളില്ല. ആയുധമേന്തി നിൽക്കുന്ന പാറാവുകാരില്ല. ആരുടെയും സമ്മതത്തിനു കാത്തുനിൽക്കാതെ ഏതു നവാബിനടുത്തേക്കും കടന്നുചെല്ലാം. ഈ മണ്ണിൽ അവരെല്ലാം മെത്തകളില്ലാതെ അന്തിയുറങ്ങുന്നു.
മീർജാഫറിനെ തിരഞ്ഞ് ഞങ്ങൾ പലവഴിക്കു നടന്നു. ഏറെ നേരത്തെ തിരച്ചിലിനിടയിൽ ആരോ പറഞ്ഞു; അതാ അവിടെയാണയാൾ. ചെന്നുനോക്കുമ്പോൾ പേരുപോലും രേഖപ്പെടുത്താതെ കിടക്കുന്ന ഒരു ഖബർ. നശ്വരമായ അധികാരത്തിനുവേണ്ടി ചെയ്ത കൊടുംചതി എന്താണാവോ അദ്ദേഹത്തിന് ഇപ്പോൾ നേടിക്കൊടുത്തതെന്ന് ആലോചിച്ചുപോയി. കൃത്യംപറഞ്ഞാൽ സിറാജുദ്ദൗലയെ അല്ല; ഇന്ത്യയെയാണ് ഈ മനുഷ്യൻ ഒറ്റുകൊടുത്തത്. വെള്ളക്കാർക്ക് ബംഗാളിൽ വേരുറപ്പിക്കാനും തുടർന്ന് ഇന്ത്യയെതന്നെ വരുതിയിലാക്കാനും പ്ലാസി യുദ്ധമാണല്ലോ വഴിത്തിരിവായത്.
വാതിൽക്കൊട്ടാരത്തിനകത്ത്
ജാഫർഗഞ്ചിൽനിന്ന് ഒന്നര കിലോമീറ്റർ പോയാൽ ഹസാർ ദുവാരിയിലെത്തും. വിസ്മയങ്ങളുടെ ഒരു ലോകമാണത്. ആയിരം വാതിലുകളുള്ള മഹാകൊട്ടാരം. അതിന്റെ ഗാംഭീര്യത്തിനു മുന്നിൽ ഒരുവേള ആരും തരിച്ചുനിൽക്കും. നവാബ് നാസിം ഹുമയൂൺ ഷായുടെ ഭരണകാലത്ത് ഡങ്കൻ മക്ലോഡ് എന്ന വാസ്തുശിൽപിയുടെ നേതൃത്വത്തിലാണ് അതിന്റെ നിർമാണം നടക്കുന്നത്; 1829- 1837 കാലഘട്ടത്തിൽ. ചതുരാകൃതിയിലുള്ള ഈ കൊട്ടാരത്തിന് ആയിരം വാതിലുകളും 114 മുറികളുമുണ്ട്. ആയിരം വാതിലുകളിൽ നൂറെണ്ണം വ്യാജവാതിലുകളാണെന്നും പറയപ്പെടുന്നു. ശത്രുക്കളെ കബളിപ്പിച്ച് പിടികൂടാലാണത്രെ അതിനുപിന്നിലെ രഹസ്യം. യഥാർഥ വാതിലും വ്യാജവാതിലും തിരിച്ചറിയാതെ കുഴങ്ങുന്ന ശത്രുവിനെ സുരക്ഷാഭടന്മാർക്കു വേഗത്തിൽ പിടികൂടാനാകും. 1985ൽ ഈ കൊട്ടാരത്തിന്റെ നടത്തിപ്പ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുത്തു. ഇപ്പോൾ 60 രൂപ മുടക്കിയാൽ അകത്തേക്കു കയറാം. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ് ഇന്നത്. 4,742 പുരാവസ്തുക്കളിൽ 1,034 വസ്തുക്കളേ പൊതുജനങ്ങൽക്കായി തുറന്നുവച്ചിട്ടുള്ളൂ.
ഹസാർദുവാരിയുടെ എതിർദിശയിലായി 680 അടി നീളമുള്ള ഒരു നിർമിതി കാണാം. ലോകത്തെതന്നെ ഏറ്റവും വലിയ ഇമാംബര.
ഇമാംബയുടെ മുറ്റത്തുതന്നെ ഒരു പള്ളിയുണ്ട്. വലിയൊരു താഴികക്കുടവും നാലു കുഞ്ഞു മിനാരങ്ങളും പേറിനിൽക്കുന്ന കൊച്ചുപള്ളി. മദീന മസ്ജിദ് എന്നാണു പേര്. സിറാജുദ്ദൗല പണികഴിപ്പിച്ചതാണ്. മക്കയിൽനിന്നു കൊണ്ടുവന്ന മണ്ണുകലർത്തിയാണ് അതിന്റെ നിർമാണം നടന്നത്. ഹജ്ജിനു പോകാൻ സാധിക്കാത്ത ദരിദ്രർക്കു ഹജ്ജനുഭവം പകരാൻ ചെയ്ത വേലയാണതെന്നു പറയപ്പെടുന്നു.
ഹസാരദുവാരിക്കും ഇമാംബരക്കുമിടയിൽ 7,657 കിലോ ഭാരം വരുന്ന ഭീമൻപീരങ്കി കിടപ്പുണ്ട്. വടക്കുപടിഞ്ഞാറു ഭാഗത്തുനിന്നുവരുന്ന ആക്രമണങ്ങളിൽനിന്ന് മുർശിദാബാദിനെ പ്രതിരോധിക്കാനുള്ള ആയുധം. അതുപോയഗിച്ച് സ്ഫോടനം നടത്താൻ തന്നെ 18 കിലോ വെടിമരുന്നു വേണം! ഈ പീരങ്കി ഒരിക്കൽ മാത്രമാണ് പ്രവർത്തിപ്പിച്ചിട്ടുള്ളത്. അതോടെ തന്നെ ആളുകൾ വിവരമറിഞ്ഞു. 10 മൈൽ ചുറ്റളവിൽ അതിന്റെ ഘോരശബ്ദം അലയടിച്ചു. ശബ്ദം കേട്ട് പകച്ചുപോയ ഗർഭിണികൾ പ്രസവിക്കുകപോലും ചെയ്തുവെന്നാണ് ചരിത്രം. അന്നുമുതൽ ആ പീരങ്കിക്കു വന്നുചേർന്ന നാമമാണ് ബച്ചെവാലീതോപ്പ്. കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന പീരങ്കിയെന്നർഥം.
ഒറ്റപകൽകൊണ്ട് കയറിയിറങ്ങാവുന്ന ഇടമല്ല മുർശിദാബാദ്. ഇന്ത്യൻചരിത്രത്തിന്റെ അവിഭാജ്യ ഭാഗമായ മുർശിദാബാദ് ഗവേഷക തൽപരരെയും ചരിത്രവിദ്യാർഥികളെയും നിരാശപ്പെടുത്തില്ലെന്നുറപ്പ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."