ദില്‍ഷന്‍ ഏകദിന, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു
കൊളംബോ: ശ്രീലങ്കയുടെ ഓപണിങ് ബാറ്റ്‌സ്മാന്‍ തിലകരത്‌ന ദില്‍ഷന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ആസ്‌ത്രേലിയക്കെതിരേ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം ഏകദിനത്തോടും സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ടി20 മത്സരത്തോടെ ടി20യോടും വിടചൊല്ലുകയാണെന്ന് ദില്‍ഷന്‍ വ്യക്തമാക്കി.
ശ്രീലങ്കന്‍ സെലക്ടര്‍മാരുടെ സമ്മര്‍ദമാണ് ദില്‍ഷന്റെ വിരമിക്കലിന് പിന്നില്‍. മൂന്നു വര്‍ഷത്തോളമായി മികച്ച ഫോമില്‍ കളിക്കുന്ന ദില്‍ഷനെ ജയസൂര്യയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വിരമിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ താരം വഴങ്ങിയിരുന്നില്ല.
ആസ്‌ത്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ വിരമിക്കല്‍ തീരുമാനം പുനഃപ്പരിശോധിക്കുകയായിരുന്നു ദില്‍ഷന്‍. 2019ലെ ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ദില്‍ഷന്റെ വിരമിക്കലെന്നാണ് സെലക്ഷന്‍ കമ്മിറ്റി നല്‍കുന്ന സൂചന. വിക്കറ്റ് കീപ്പറായും ഓഫ് സ്പിന്‍ ബൗളറായും അതിലുപരി ശ്രീലങ്കന്‍ ടീമിലെ തന്നെ മികച്ച ഫീള്‍ഡറായും തിളങ്ങിയ ദില്‍ഷന്‍ തന്റെ 17 വര്‍ഷത്തെ കരിയറിനാണ് ഇതോടെ വിരാമമിടുന്നത്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
1999ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദില്‍ഷന്‍ 329 ഏകദിന മത്സരങ്ങളില്‍ നിന്നായി 10248 റണ്‍സും 78 ടി20 മത്സരങ്ങളില്‍ 1884 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 22 സെഞ്ച്വറിയും 47 അര്‍ധസെഞ്ച്വറിയും നേടിയിട്ടുണ്ട്. ടി 20 ഒരു സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറികളും നേടി. വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ റണ്‍സ് നേടുന്ന ദില്‍സ്‌കൂപ് എന്ന പേരില്‍ പ്രത്യേകമായൊരു ഷോട്ടും ദില്‍ഷന്റെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."