സ്ഥലം വിട്ടു നല്‍കാമെന്ന് ഉടമകളുടെ സമ്മതപത്രം
തിരുവനന്തപുരം: ചെല്ലഞ്ചി പാലത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി പൊന്നുംവില സ്വീകരിച്ച് വിട്ടുനല്‍കാമെന്ന് കല്ലറ-പാലോട് വില്ലേജുകളിലെ ഭൂവുടമകള്‍ അധികൃതര്‍ക്ക് സമ്മതപത്രം എഴുതി നല്കി.
പാലത്തിന്റെയും അനുബന്ധ മേഖലയുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. ഡി.കെ. മുരളി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമ്മതപത്രം കൈമാറിയത്. എ, ബി കാറ്റഗറികളായി തിരിച്ചാണ് ഭൂമിക്ക് സംസ്ഥാനതല വിദഗ്ധ സമിതി വില നിശ്ചയിച്ചത്. എ കാറ്റഗറിക്ക് സെന്റിന് അറുപതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ച് രൂപയും ബി കാറ്റഗറിക്ക് സെന്റിന് അന്‍പത്തിനാലായിരത്തി എണ്ണൂറ്റി അറുപത്തിമൂന്നു രൂപയുമാണ് ലഭിക്കുക. ഇത് അംഗീകരിച്ചാണ് പ്രദേശത്തെ ഭൂ ഉടമകള്‍ പൊതുമരാമത്ത് വകുപ്പിന് വിലയാധാരം എഴുതി നല്‍കാമെന്ന് ഉറപ്പു നല്‍കിയത്. സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി.
ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച് 31 ന് തഹസില്‍ദാര്‍ ഓഫീസില്‍ രേഖകളുമായി എത്തുന്നവര്‍ക്ക് വ്യക്തത വരുത്തും. പൊതുമരാമത്തിന് ഇനിയും രേഖകള്‍ കൈമാറാനുള്ളവര്‍ ആധാരം, മുന്നാധാരം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഒടുവില്‍ കരമടച്ച രസീത്, 30 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ബാധ്യതാ സര്‍ട്ടിഫിക്കറ്റ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
ഭൂ ഉടമകള്‍ക്ക് ആവശ്യമായ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ വില്ലേജധികൃതര്ക്ക് നിര്‍ദേശം നല്‍കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. ഡെപ്യുട്ടി കലക്ടര്‍ സാം എല്‍.സോണ്‍ സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി. തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."